ബംഗളൂരു; ഷിരൂര്‍ മണ്ണിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനം വൈകിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അപകടമുണ്ടയതിന് പിന്നാലെ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ പറയുന്നത്.
അപകടമുണ്ടായ ജൂലൈ 16ന് തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 16ന് വൈകുന്നേരം നാല് മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായ പത്തില്‍ എട്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒരാളുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനം നടത്തുന്നത് 171 അംഗ സംഘമാണ്. ഇതില്‍ ഇന്ത്യന്‍ നേവിയുടെ 12 മുങ്ങല്‍ വിദഗ്ധരുമുണ്ട്. കാണാതായവരെ കണ്ടെത്താന്‍ ഗംഗാവാലി നദിയില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തുന്നുണ്ട്. ഭൂമിക്കടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധിക്കുന്നു. മോശം കാലാവസ്ഥയിലും തിരച്ചില്‍ തുടരുന്നുവെന്നും കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം അര്‍ജുന്റെ ട്രക്ക് കണ്ടെത്തിയതായി സ്ഥിരീകരിച്ച് ജില്ലാ പോലീസ് മേധാവി. ലോറി നദിയില്‍ നിന്ന് പുറത്തെടുക്കാനുള്ള സൈന്യത്തിന്റെ തീവ്ര ശ്രമം പുരോഗമിക്കുകയാണ്. അര്‍ജുന്റെ ലോറി കണ്ടെത്തിയെന്ന് പോലീസ് കര്‍ണാടക സര്‍ക്കാരിനെ അറിയിച്ചു.
നാവിക സേന സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മൂന്ന് ബോട്ടുകളിലായി 18 പേരാണ് സ്ഥലത്തേക്ക് പുറപ്പെട്ടത്. ഇന്നു രാത്രിയും തിരച്ചില്‍ നടത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ഗംഗാവലി നദിയില്‍ നിന്ന് കഴിഞ്ഞ ദിവസം റഡാര്‍ സിഗ്നല്‍ ലഭിച്ച അതേ സ്ഥലത്ത് നിന്നും ഇന്നലെ സോണാര്‍ സിഗ്നലും ലഭിച്ചിരുന്നു. ബൂം എക്സ്കവേറ്റര്‍ ഉപയോഗിച്ച് നദിയില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് ട്രക്ക് കണ്ടെത്തിയിരിക്കുന്നത്.