ഷിരൂരിലെ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട അർജുനായുള്ള തെരച്ചിൽ അതി നിർണായക മണിക്കൂറുകളിലേക്ക്. ശക്തമായ അടിയൊഴിക്കുണ്ടെങ്കിലും മൂന്ന് സംഘങ്ങളിലായി 15 അംഗ ദൌത്യസംഘം ഗംഗാവലി നദിയിലേക്ക് ഇറങ്ങി. നാവിക സേനയുടെ മുങ്ങൽ വിദഗ്ധരടക്കമുളള സംഘമാണ് നദിയിലേക്ക് പരിശോധനക്ക് ഇറങ്ങിയത്. നദിയിലെ അടിയൊഴുക്കും, ഡൈവിംഗ് നടത്താൻ അനുയോജ്യമാണോ എന്നും ആദ്യ ഘട്ടത്തിൽ പരിശോധിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴ കാരണം ശക്തമായ അടിയൊഴുക്കും പുഴയിലുണ്ട്. ലോറി കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാൻ ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തും. ഉച്ചയ്‌ക്ക് 12 മണിയോടെ ഡ്രോൺ പരിശോധന ആരംഭിക്കുമെന്നാണ് വിവരം. ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്‌കാനറിൽ പുഴയ്‌ക്ക് അടിയിലെ സിഗ്‌നലും ലഭിക്കും. നോയിഡയിൽ നിന്നും കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഐബോഡെത്തിച്ചത്. അർജുൻ ഉൾപ്പെടെ മൂന്നുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
ഇന്ന് ദൗത്യത്തിൽ ഇരുന്നൂറോളം പേർ നേരിട്ട് പങ്കെടുക്കുന്നു. 31 എൻഡിആർഎഫ് അംഗങ്ങൾ, 42 എസ്‌ഡിആർഎഫ് അംഗങ്ങൾ എന്നിവർ ദൗത്യത്തിൽ പങ്കാളിയാകുന്നു. ഇവർക്കൊപ്പം കരസേനയുടെ 60 അംഗങ്ങൾ, നാവികസേനയുടെ 12 ഡൈവർമാർ എന്നിവരും സ്ഥലത്തുണ്ട്. കർണാടക അഗ്നിരക്ഷാ സേനയുടെ 26 അംഗങ്ങളും ദൗത്യത്തിൽ പങ്കാളികളാണ്. റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിൽ സാങ്കേതിക സംഘം സ്ഥലത്തുണ്ട്. ഇത് കൂടാതെ ബൂം എക്സ്കവേറ്റർ അടക്കംഉപകരണങ്ങളുടെ വിദഗ്ധരും സ്ഥലത്ത് ഉണ്ട്.നൂറോളം വരുന്ന പൊലീസ് സംഘവും ജില്ലാ ഭരണകൂടത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.