യുപിയിലെ ഒരു ഗ്രാമത്തില്‍ പുതുതായി ടാര്‍ ചെയ്ത റോഡില്‍ കുട്ടികള്‍ ചെരുപ്പുകള്‍ മാറ്റി സൈക്കിള്‍ ഓടിക്കുന്ന ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആഷിക് ബാക്കാരി എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്നുമാണ് പോസ്റ്റ് വന്നിരിക്കുന്നത്. ‘ഉപിയിലെ ഉള് ഗ്രാമത്തില്‍ നിര്‍മിച്ച റോഡ് ആദ്യമായി ടാറിട്ട റോഡ് കണ്ടപ്പോള്‍ അവര്‍ പാദരക്ഷ അഴിച്ചു മാറ്റി റോഡില്‍ മണ്ണ് ആവാതെ ശ്രദ്ധിക്കുന്നു’ എന്ന തലകെട്ടോടെ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ കാണാം.
എന്നാല്‍ ഈ ചിത്രം തെറ്റിധരിപ്പുക്കുന്നതാണെന്ന് മനസിലാക്കാന്‍ സാധിച്ചു. ഇത് ഇന്തോനേഷ്യയിലെ വാലി സെന്‍ട്രല്‍ ലാംപുങ്ങില് നിന്നുള്ള ചിത്രമാണ്. ഗൂഗിള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ ചിത്രം പരിശോധിച്ചപ്പോള്‍ സമാനമായ ഒരു ചിത്രം ഉള്‍പ്പെടുന്ന ഒരു ന്യൂസ് റിപ്പോര്‍ട്ട് കോക്കനട്ട് ജക്കാര്‍ത്ത എന്ന വെബ്സൈറ്റില്‍ കണ്ടെത്തി. 2018 ആഗസ്റ്റ് 29ന് പ്രസിദ്ധീകരിച്ച ഈ വാര്‍ത്തയില്‍ വൈറല്‍ ചിത്രത്തോടൊപ്പം അവിടെ കളിക്കുന്ന കുട്ടികളുടെ മറ്റൊരു ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വാര്‍ത്ത പ്രകാരം ഇന്തോനേഷ്യയിലെ സെന്‍ട്രല്‍ ലംപുങ്ങിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ചിത്രമാണിത്. ഈ റിപ്പോര്‍ട്ടിന്റെ സ്ക്രീന്‍ഷോട്ട് ചുവടെ കാണാം.
കോക്കനട്ട് ജക്കാര്‍ത്ത വെബ്സൈറ്റിലെ റിപ്പോര്‍ട്ടിനൊപ്പം ഒരു എക്സ് പോസ്റ്റും ചേര്‍ത്തിട്ടുണ്ട്. ഈ എക്സ് അക്കൌണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പോസ്റ്റ് ഇവിടെ കാണാം. ബ്രിലിയോ.നെറ്റ് എന്ന ഇന്തോനേഷ്യന്‍ മാധ്യമവും സമാനമായ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഒറു റിപ്പോര്‍ട്ട് അഞ്ച് വര്‍ഷം മുമ്പ് 2018 ആഗസ്റ്റ് 27ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതുതായി ടാര്‍ ചെയ്ത റോഡില്‍ കളിക്കുമ്പോള്‍ കുട്ടികള്‍ ചെരുപ്പ് അഴിച്ചുവച്ചുവെന്ന് തന്നെയാണ് ഈ റിപ്പോര്‍ട്ടിലും പറയുന്നത്. സെന്‍ട്രല്‍ ലാംപുങ് മേഖലയിലെ ബുമി റതു നുബാന്‍ എന്ന സബ് ജില്ലയില്‍ നിന്നുള്ള ചിത്രമാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം. യുപിയിലെ റോഡിന്റെ ചിത്രം എന്ന രീതിയില്‍ പ്രചരിക്കുന്നത് ഇന്തോനേഷ്യയില്‍ നിന്നുള്ള പഴയ ചിത്രമാണെന്ന് വ്യക്തമായി.