ഷിംല : മേഘവിസ്ഫോടനത്തെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയില്‍ മിന്നല്‍ പ്രളയം. ദേശീയപാത മൂന്നില്‍ ലേ- മണാലി പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ധുണ്ഡിക്കും പല്‍ച്ചനുമിടയില്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മണാലിയിലേക്ക് അത്യാവശ്യസാഹചര്യങ്ങളില്‍ മാത്രമേ യാത്ര പാടുള്ളൂ എന്ന് പോലീസ് നിര്‍ദേശിച്ചു. ശ്രദ്ധയോടെ ഡ്രൈവ് ചെയ്യണമെന്നും വഴിയില്‍ അപകടമുണ്ടാവാനുള്ള സാധ്യത മുന്‍കൂട്ടിക്കാണണമെന്നും പോലീസ് അറിയിച്ചു. മണാലിയിലേക്കുള്ള വാഹനങ്ങളെ വഴിതിരിച്ചുവിടാന്‍ തുടങ്ങി.
മണ്ഡിയില്‍ 12, കിന്നൗരില്‍ രണ്ട്, കങ്ഗ്രയില്‍ ഒന്ന് എന്നിങ്ങനെ സംസ്ഥാനത്ത് ആകെ 15 പാതകളില്‍ ഗതാഗതം നിരോധിച്ചിട്ടുണ്ട്. മേഘവിസ്ഫോടനത്തെത്തുടര്‍ന്ന് 62 ട്രാന്‍സ്ഫോര്‍മറുകള്‍ തകരാറിലായതായും സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ അറിയിച്ചു. ഞായറാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.