ലോകത്ത് എവിടെ ചെന്നാലും ഒരു ഇന്ത്യാകാരനെ കാണാന്‍ കഴിയുമെന്നത് പഴങ്കഥയായി മാറിക്കഴിഞ്ഞു. ഇപ്പോള്‍, ലോകത്തെവിടെ ചെന്നാലും ആ രാജ്യത്തിന്റെ അധികാര ശ്രേണിയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ ഉണ്ടാകുമെന്നായി മാറിയിരിക്കുന്നു. ബ്രിട്ടണും, ഫ്രാന്‍സും, അമേരിക്കയുമെല്ലാം ഇതിന്റെ പാതയിലാണ്. ബ്രിട്ടണില്‍ ഋഷിസുനക് പ്രധാനമന്ത്രിയാവുകയും ചെയ്തു. അമേരിക്കയില്‍ വൈസ്പ്രസിഡന്റുവരെ എത്തി നില്‍ക്കുകയാണ്. ഇപ്പോഴിതാ അമേരിക്കന്‍ രാഷ്ട്രീയം കലങ്ങി മറിഞ്ഞതിന്റെ ഫലമായി ഇന്ത്യന്‍ വംശജ കലമാ ഹാരിസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരിക്കുന്നു. ഇനി അമേരിക്കന്‍ ജനത തീരുമാനിക്കും. അമേരിക്കയെ ഭരിക്കാന്‍ ആരെ നിയോഗിക്കണമെന്ന്. കമലസാ ഹാരിസോ, അതോ ഡൊണാള്‍ഡ് ട്രമ്പിന് രണ്ടാമതും അവസരമോ.
ചെന്നൈയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ ഒരു കുഗ്രാമത്തിലെ ജനങ്ങള്‍ അമ്പലങ്ങളിലെല്ലാം വഴിപാടും, ശത്രു സംഹാര പൂജയുമൊക്കെ നടത്തുന്ന തിരക്കിലാണ്. തുളസീന്തരപുരം എന്ന ചെറിയ ഗ്രാമം ഇന്ന് ചിന്തിക്കുന്നത്, അമേരിക്കയെ കുറിച്ചും, അവിടുത്തെ രാഷ്ട്രീയ ഗതിവിഗതികളെ കുറിച്ചുമാണ്. വാഷിങ്ടണില്‍ നിന്ന് ഏതാണ്ട് 14,000 കിലോമീറ്റര്‍ ദൂരമുണ്ട് തുളസീന്ദ്രപുരത്തേക്ക്. എന്നിട്ടും, എന്തുകൊണ്ടായിരിക്കും ഈ കുഗ്രാമം അമേരിക്കയുടെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നതെന്ന് അതിശയം തോന്നും. കാര്യമുണ്ട്. അമേരിക്കയിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ കമലാ ഹാരിസിന്റെ മുത്തശ്ശനും മുത്തശ്ശിയും ഈ കുഗ്രാമത്തിലാണ് ജീവിച്ചിരുന്നത്.
അതായത്, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ സ്ഥലമാണ് തുളസീന്ദ്രപുരമെന്ന് സാരം. ഇവിടത്തുകാര്‍ ഏറെ അഭിമാനത്തോടെയാണ് ഗ്രാമത്തിന്റെ ഓരോ മുക്കിലും കമലയുടെ ബാനര്‍ തൂക്കിയിരിക്കുന്നത്. സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ചിലയിടങ്ങളില്‍ മധുരപലഹാര വിതരണവും നടന്നു. ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തെ നയിക്കാനുള്ള പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒട്ടും എളുപ്പമായിരിക്കില്ലെന്നറിയാം. അവരെയോര്‍ത്ത് ഞങ്ങള്‍ അഭിമാനം കൊള്ളുകയാണ്. ഒരിക്കല്‍ വിദേശീയര്‍ ഇന്ത്യക്കാരെ ഭരിച്ചു, ഇപ്പോള്‍ ഇന്ത്യക്കാര്‍ മറ്റ് രാജ്യങ്ങളിലെ നിര്‍ണായക ശക്തികളായി മാറുകയാണെന്നാണ് നാട്ടിലെ വിദ്യാസമ്പന്നര്‍ പറയുന്നത്.
വനിതകള്‍ക്കിടയില്‍ താരമാണ് കമല ഹാരിസ്. നാട്ടിലെ ഓരോ സ്ത്രീകളും സ്വന്തം മകളായോ സഹോദരിയായോ ഒക്കെയാണ് അവരെ കാണുന്നത്. എല്ലാവര്‍ക്കും കമലയെ അറിയാം. കുട്ടികള്‍ക്ക് പോലും. ഗ്രാമപ്പഞ്ചായത്തിന്റെ പ്രതിനിധീകരിക്കുന്ന അരുള്‍മൊഴി സുധാകര്‍ പറയുന്നു. ഉന്നത പദവികളിലിരിക്കുമ്പോഴും തന്റെ വേരുകള്‍ കമല മറന്നില്ല എന്നതാണ് അവരെ വ്യത്യസ്തയാക്കുന്നത്. കമല ഹാരിസ് യു.എസ് വൈസ് പ്രസിഡന്റായപ്പോള്‍, പടക്കം പൊട്ടിച്ചും നഗരങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചുമാണ് ഗ്രാമവാസികള്‍ ആഘോഷിച്ചത്. ഒപ്പം പരമ്പരാഗത ദക്ഷിണേന്ത്യന്‍ വിഭവങ്ങളായ സാമ്പാറും ഇഡ്‌ലിയും വിളിമ്പി സാമുദായിക സദ്യയൊരുക്കുകയും ചെയ്തു.
ഇഡ്‌ലിയും സാമ്പാറുമാണ് കമലയുടെ ഇഷ്ടഭക്ഷണങ്ങളിലൊന്നെന്ന് അവരുടെ ബന്ധു ഒരിക്കല്‍ പറഞ്ഞിരുന്നു. സ്തനാര്‍ബുദ ഗവേഷകയായിരുന്നു കമല ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലന്‍. 1958ലാണ് അവര്‍ യു.എസിലേക്ക് കുടിയേറിയത്. ശ്യാമളയുടെ മാതാപിതാക്കള്‍ തുളസീന്ദ്രപുരം സ്വദേശികളാണ്. 19-ാം വയസില്‍ ഒറ്റക്കാണ് അമ്മ ശ്യാമള യു.എസിലേക്ക് വന്നതെന്ന് ഒരിക്കല്‍ കമല പറഞ്ഞിട്ടുണ്ട്. ശക്തയായ സ്ത്രീയായിരുന്നു അവര്‍. രണ്ട് പെണ്‍മക്കള്‍ക്കും പ്രചോദനവും അഭിമാനവും പകരുന്ന അമ്മയും എന്നാണ് കമല ഹാരിസ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചിരുന്നത്. സഹോദരി മായക്കൊപ്പം കമല ചെന്നൈ സന്ദര്‍ശിച്ചിട്ടുണ്ട്. അമ്മയുടെ മരണ ശേഷം ചിതാഭസ്മം കടലില്‍ ഒഴുക്കാനായിരുന്നു അത്.
കമലയുടെ മാതൃസഹോദരന്‍ ബാലചന്ദ്രന്‍ അക്കാദമിക് രംഗത്തെ പ്രമുഖനാണ്. മുത്തശ്ശന്‍ പി.വി. ഗോപാലന്‍ സിവില്‍ സര്‍വീസുകാരനായിരുന്നു. അഭയാര്‍ഥി പുനരധിവാസത്തില്‍ അഗ്രഗണ്യനായിരുന്നു അദ്ദേഹം. 1960 കളില്‍ സാംബിയയിലെ ആദ്യ പ്രസിഡന്റിന്റെ ഉപദേശകനായി അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. മായ ഹാരിസ് ആണ് കമലയുടെ ഇളയ സഹോദരി. അവരും അഭിഭാഷകയാണ്.
കമലാ ഹാരിസ്
അമേരിക്കയിലെ കാലിഫോര്‍ണിയ ഓക്ക്‌ലാന്‍ഡില്‍ 1964 ഒക്ടോബര്‍ 20നാണ് കമലാ ഹാരിസിന്റെ ജനനം. ഇന്ത്യയില്‍ നിന്നു വന്ന ശ്യാമള ഗോപാലനും ജമൈക്കയില്‍ നിന്നു വന്ന ഡൊണാള്‍ഡ് ഹാരിസിനും ജനിച്ച ആദ്യ മകള്‍. ഹോവാര്‍ഡ് സര്‍വകലാശാലയില്‍ നിന്നു ബിരുദവും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ‘ഹാസറ്റിങ് കോളേജ് ഓഫ് ലോ’ യില്‍ നിന്നും നിയമവും കരസ്ഥമാക്കി. 2003ല്‍ സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്ട് അറ്റോര്‍ണി ആയി തിരഞ്ഞെടുക്കപ്പെട്ടു. 2010ല്‍ ആദ്യമായി കാലിഫോര്‍ണിയ സംസ്ഥാനത്തെ അറ്റോര്‍ണി ജനറല്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. 2014ല്‍ വീണ്ടും അതേ സ്ഥാനത്തേക്ക് തന്നെ തിരഞ്ഞെടുക്കപ്പെട്ടു. 2017ല്‍ ആദ്യമായി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഉപരിസഭ ആയ സെനെറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആ സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ കറുത്ത വര്‍ഗക്കാരി ആയിരുന്നു കമല. ആദ്യത്തെ ഇന്ത്യന്‍ വംശജയുമാണ്. 2021 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.
2021 ജനുവരി 20ന് ജോ ബൈഡന്‍ പ്രസിഡണ്ട് ആയി സത്യപ്രതിജ്ഞ ചെയ്തതോടെ കമല ഹാരിസ് അമേരിക്കയുടെ വൈസ് പ്രസിഡന്റ് ആയി. നിലവിലിരുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനെയും വൈസ് പ്രസിഡന്റ് ആയിരുന്ന മൈക്ക് പെന്‍സിനെയും 2020 നവംബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയാണ് ജോ ബൈഡനും – കമല ഹാരിസും പ്രസിഡഡും വൈസ് പ്രസിഡഡും ആയത്. 49-ാമത് വൈസ് പ്രസിഡന്റായാണ് (2021-25) കമലാ ഹാരിസ് അധികാരമേറ്റത്. സെനറ്റര്‍ ആയിരുന്നപ്പോ വിവിധ പുരോഗമനാത്മക പരിഷ്‌കാരങ്ങള്‍ക്കു വേണ്ടി അവര്‍ ശ്രമിച്ചിട്ടുണ്ട്. ആരോഗ്യ സംരക്ഷണ നിയമ പരിഷ്‌ക്കാരം, നികുതി പരിഷ്‌ക്കരണം, കുടിയേറ്റ നിയമ പരിഷ്‌കരണം, തോക്ക് കൈവശം വെക്കാന്‍ ഉള്ള നിയമത്തിന്റെ പരിഷ്‌കാരം, തുടങ്ങിയവയില്‍ കമലയുടെ പ്രവര്‍ത്തനം കാണാം. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രതിനിധികളെ സ്ഥിരപ്പെടുത്തുന്ന പ്രക്രിയയില്‍ അവരെ കമല കര്‍ശന ചോദ്യം ചെയ്യലിന് വിധേയമാക്കുന്നത് ദേശീയ ശ്രദ്ധ നേടിയിരുന്നു.
2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി പ്രൈമറിയില്‍ ജോ ബൈഡന് എതിരെ കമല മല്‍സരിച്ചിരുന്നു. എന്നാല്‍ പിന്നീട് അധികം ജനപിന്തുണ നേടാനാകാതെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് ബൈഡന് പിന്തുണ പ്രഖ്യാപിച്ചു. 2020 ഓഗസ്റ്റില്‍ ബൈഡന്‍ കമലയെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി പ്രഖ്യാപിച്ചു. അമേരിക്കയിലെ അഭിഭാഷകനായ ഡഗ് എമഹോഫിനെ 2013ലാണ് കമല ആദ്യം കാണുന്നത്. കുറച്ചുകാലത്തെ പ്രണയത്തിനു ശേഷം 2014 ഓഗസ്റ്റ് 24ന് അവര്‍ വിവാഹിതരായി. എമഹോഫിന്റെ ആദ്യ വിവാഹത്തിലെ രണ്ടു മക്കളുണ്ട്.
ബന്ധം
ഒരു ഇന്ത്യന്‍ നയതന്ത്രജ്ഞന്റെ കൊച്ചുമകളായിരുന്ന കമലാ ഹാരിസ് വളര്‍ന്നപ്പോള്‍ അവരുടെ ഇന്ത്യന്‍ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുകയും അമ്മയ്ക്കും സഹോദരിക്കുമൊപ്പം ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയിലേക്ക് പതിവായി യാത്ര ചെയ്യുകയും ചെയ്തു. അമ്മയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനും കമല എത്തിയിരുന്നു. ഹാരിസിന്റെ ഓര്‍മ്മക്കുറിപ്പ്, ദ ട്രൂത്ത്‌സ് വി ഹോള്‍ഡ്: ആന്‍ അമേരിക്കന്‍ ജേര്‍ണി, 2019 ജനുവരിയില്‍ പ്രസിദ്ധീകരിച്ചു.
ഇനി ചരിത്രത്തിലേക്കോ ?
ജയിച്ചാലും തോറ്റാലും അത് ചരിത്രമാകും. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ വനിത. ആദ്യ വനിത. ആദ്യ കറുത്ത വര്‍ഗക്കാരി. ഇങ്ങനെ പറഞ്ഞാലും തീരാത്ത വിശേഷണങ്ങളുമായാണ് കമലാ ഹാരിസ് എന്ന വനിത അമേരിക്കയുടെ നെടുനായകത്വം വഹിക്കാന്‍ ഇറങ്ങുന്നത്. തമിഴ്‌നാട് മാത്രമല്ല, ഇന്ത്യയും ആഗ്രഹിക്കുന്നത് കമലാ ഹാരിസ് അമേരിക്കയുടെ പ്രസിഡന്റ് ആകണമെന്നു തന്നെയാണ്. അങ്ങനെ അമേരിക്കയുടെ ചരിത്രത്തിലേക്ക് ഒരു ഇന്ത്യന്‍ വംശജ കയറിയിരിക്കുകയാണ്. വിജയത്തില്‍ കുറഞ്ഞതൊന്നും കമലക്ക് ലഭിക്കാതിരിക്കട്ടെയെന്ന തുളസീന്ദ്രപുരത്തുകാരുടെ പ്രാര്‍ത്ഥ ഫലിച്ചാല്‍ അമേരിക്കയും ഇന്ത്യക്കാരുടെ കീഴിലാകുമെന്നുറപ്പാണ്.
CONTENT HIGH LIGHTS;Will they conquer America?: What is the prayer of Thulasintharapuram?