തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി ജില്ലകളിൽ മഴക്കെടുതിയെ തുടർന്ന് വ്യാപക നാശനഷ്ടങ്ങൾ. കോഴിക്കോട് കുതിരവട്ടം പൊറ്റമ്മൽ മേഖലയിൽ ശക്തമായ കാറ്റ് വ്യാപക നാശനഷ്ടം വിതച്ചു. കുതിരവട്ടം സ്വദേശി മോഹനന്റെ വീട് പൂർണമായും തകർന്നു. കുറ്റ്യാടി , നാദാപുരം മേഖലയിലും വലിയ നാശമാണ് ഉണ്ടായിട്ടുള്ളത്. പുഴ മൂലയ്ക്കൽ നാരായണന്റെ വീട് പൂർണമായും തകർന്നു. നാരായണന്റെ മകൾ സ്വപ്നയ്ക്ക് പരുക്കേറ്റു. താമരശ്ശേരി മേഖലയിലും അതിശക്തമായ കാറ്റാണ് വീശിയത്. മരങ്ങൾ പൊട്ടിവീണ് 2 വീടുകൾ ഭാഗികമായി തകർന്നു.
കൊയിലാണ്ടി ഹാർബറിൽ നിന്ന് മീൻ പിടിക്കാൻ പോയി അപകടത്തിൽപെട്ട 45 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. ചുഴലിയിൽപെട്ട് മൂന്ന് വള്ളങ്ങൾ തകർന്നു. മരം വീണ് പാലക്കാട് -ധോണി മൂലംപാടം സ്വദേശി പൊന്നന്റെ വീട് ആണ് തകർന്നത്. ശബ്ദം കേട്ട് വീട്ടുകാർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. വയനാട്ടിൽ ശക്തമായ കാറ്റിൽ വാളാട് എടത്തന ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മേൽക്കൂര പറന്നുപോയി.
കൊല്ലം ജില്ലയിലെ അഞ്ചൽ ഏരൂരിൽ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു. ഏരൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിലെ മരമാണ് റോഡരികിലെ വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞുവീണത്. സ്കൂൾ വിട്ട സമയത്തായിരുന്നു സംഭവമുണ്ടായത്. മരം വീണതോടെ അഞ്ചൽ കുളത്തൂപ്പുഴ റോഡിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുകയാണ്.
പാലക്കാട് ജില്ലയിൽ കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന് കീഴിലെ വാഹനത്തിന് മുകളിൽ മരം കടപുഴകി വീണു. തെങ്കര പുഞ്ചക്കോട് ഭാഗത്തു കനാൽ പരിശോധനക്ക് എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ഇവിടെ ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർ അപകടത്തിൽ നിന്ന് രക്ഷപെട്ടു.
കണ്ണൂർ ജില്ലയിൽ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി വീശി അടിച്ച മിന്നൽ ചുഴലിയിലാണ് മലയോര മേഖലകളിൽ വ്യാപകനാശ നഷ്ടങ്ങൾ ഉണ്ടായത്. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. മരങ്ങൾ കടപുഴകിയും വൈദ്യുതി തൂണുകൾ നിലം പതിച്ചുമാണ് കൂടുതൽ അപകടങ്ങളും. പല വീടുകളുടേയും മേൽക്കൂര കാറ്റിൽ തകർന്നിട്ടുണ്ട്.