Travel

കര്‍ക്കിടക മാസമാണ്, നാലമ്പല ദര്‍ശനം ഇനി വൈകിക്കൂടാ-Naalambala Darshanam in Kerala

കര്‍ക്കിടക മാസത്തെ രാമായണ മാസം എന്നാണ് പൊതുവെ വിശേഷിപ്പിക്കുന്നത്. രാമായണ ഭക്തിക്കായി പ്രത്യേകം സമര്‍പ്പിക്കപ്പെട്ട മാസമാണ് ഇത്. പുണ്യമാസം, പഞ്ഞമാസം എന്നെല്ലാം കര്‍ക്കിടക മാസം അറിയപ്പെടുന്നു. രാമായണ മാസത്തില്‍ ശ്രീരാമനെയാണ് ഭജിക്കുന്നത്. ഭക്തര്‍ രാമായണ മാസത്തില്‍ നാലമ്പല ദര്‍ശനം നടത്താറുണ്ട്. കര്‍ക്കിടക മാസത്തിലെ ദുരിതത്തില്‍ നിന്നും രോഗപീഡകളില്‍ നിന്നും രക്ഷ നേടാനാവും എന്നതാണ് നാലമ്പല ദര്‍ശനത്തിന്റെ ഐതിഹ്യം. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരെ ഭജിക്കുന്നതിനാണ് നാലമ്പല ദര്‍ശനം നടത്തുന്നത്. തൃശൂര്‍-എറണാകുളം ജില്ലകളിലായാണ് ഈ നാല് ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്.

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം

തൃപ്രയാര്‍ പുഴയുടെ തീരത്താണ് ഈ ക്ഷേത്രം. ശംഖം, ചക്രം, ഗദ, അക്ഷമാല എന്നിവ ധരിച്ചിരിക്കുന്ന ചതുര്‍ബാഹുവായ ശ്രീരാമനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശാസ്താവ്, ഗണപതി, ദക്ഷിണാമൂര്‍ത്തി, ഹനുമാന്‍ എന്നിവരാണ് ഉപദേവതമാര്‍. കൊടികയറി ഉത്സവം നടക്കാത്ത അപൂര്‍വക്ഷേത്രമാണ്. ആറാട്ട് പുഴ പൂരത്തിന്റെ നായകത്വം വഹിക്കുന്നത് തൃപ്രയാറപ്പനാണ്. ബാധാ ഉപദ്രവങ്ങളില്‍നിന്ന് മുക്തി സിദ്ധിക്കുന്നതിന് തൃപ്രയാറപ്പനെ ഉപാസിക്കുന്നത് ഉത്തമാണെന്നാണ് വിശ്വാസികള്‍ പറയുന്നത്.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം

തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇരിങ്ങാലക്കുടയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ട് വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തില്‍ എന്നപോലെയുള്ള പ്രദക്ഷിണരീതിയാണ് ഈ ക്ഷേത്രത്തില്‍ ചെയ്യുന്നത്. ഉപദേവതാ പ്രതിഷ്ഠ ഇല്ലായെന്നൊരു സവിശേഷതയും ഈ ക്ഷേത്രത്തിനുണ്ട്. വിഗ്രഹത്തില്‍ കണ്ട മാണിക്യകാന്തി പരീക്ഷിക്കുന്നതിനായി കായംകുളം രാജധാനിയില്‍നിന്നും കൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്തുവെച്ച് നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു എന്നുമാണ് ഐതിഹ്യം. ഇതിനുശേഷമാണ് കൂടല്‍മാണിക്യം എന്ന പേരുണ്ടായത്.

തിരുമൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം

ആലുവ-മാള റൂട്ടില്‍ എറണാകുളം ജില്ലയില്‍ മൂഴിക്കുളത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റിയെട്ട് തിരുപ്പതികളില്‍ ഒന്നായി വൈഷ്ണവാചാര്യന്മാരായ ആഴ്വാര്‍മാര്‍ ഈ ക്ഷേത്രത്തെ പാടി പുകഴ്ത്തിയിട്ടുണ്ട്. ശിവന്‍, ഗണപതി, ശ്രീരാമന്‍, സീത, ശാസ്താവ്, ഭഗവതി, ഗോശാലകൃഷ്ണന്‍ എന്നിവരാണ് ഉപദേവതമാര്‍. അനന്താവതാരമായ ലക്ഷ്മണമൂര്‍ത്തിയാണ് ഇവിടെ വസിക്കുന്നതെന്നാണ് ഐതിഹ്യം. അതുകൊണ്ട് ഈ ഗ്രാമത്തില്‍ സര്‍പ്പത്തിന്റെ ഉപദ്രവം ഉണ്ടാകില്ല എന്നും വിശ്വാസമുണ്ട്.

പായമ്മല്‍ ശത്രുഘ്നക്ഷേത്രം

കൊടുങ്ങല്ലൂര്‍-ഇരിങ്ങാലക്കുട റൂട്ടില്‍ വെള്ളാങ്ങല്ലൂര്‍ കവലയില്‍നിന്നും ആറ് കി.മീ അകലെ പൂമംഗലം പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ ആയുധമായ സുദര്‍ശന ചക്രത്തിന്റെ അവതാരമാണ് ശത്രുഘ്നന്‍ എന്ന് വിശ്വസിക്കപ്പെടുന്നു. ശത്രുദോഷ ശാന്തിയ്ക്കും ശ്രേയസ്സിനും സുദര്‍ശന പുഷ്പാഞ്ജലിയും സുദര്‍ശന ചക്ര സമര്‍പ്പണവുമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍. ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയില്‍നിന്നും മുക്തി സിദ്ധിക്കുന്നതിനായി ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് ഉത്തമമാണെന്ന് കരുതപ്പെടുന്നു.