കൊച്ചി: മതംമാറിയ സഹോദരങ്ങൾക്ക് അവരുടെ വിദ്യാഭ്യാസ രേഖകളിലും തിരുത്തൽ വരുത്തി നൽകാൻ ഉത്തരവിട്ട് ഹൈകോടതി. ഹിന്ദു മാതാപിതാക്കൾക്ക് ജനിച്ച് പിന്നീട് ക്രിസ്തുമതം സ്വീകരിച്ച ഏലൂർ മഞ്ഞുമ്മൽ സ്വദേശികളായ എസ്. ലോഹിത്, ലോജിത് എന്നിവർ നൽകിയ ഹരജികളിലാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ ഉത്തരവ്.
സ്കൂൾ സർട്ടിഫിക്കറ്റിൽ പേരും മതവും മാറ്റാൻ അപേക്ഷ നൽകിയെങ്കിലും പേര് മാത്രം മാറ്റി മതംമാറ്റി രേഖപ്പെടുത്താനുള്ള ആവശ്യം നിരസിച്ച പരീക്ഷ കമീഷണറുടെ നടപടി ചോദ്യം ചെയ്തായിരുന്നു ഹരജി. ഒരുമാസത്തിനകം സ്കൂൾ രേഖകളിൽ മതംമാറ്റം രേഖപ്പെടുത്തി നൽകാൻ കോടതി നിർദേശിച്ചു.
“സ്‌കൂള്‍ സർട്ടിഫിക്കറ്റുകളില്‍ മതം തിരുത്താൻ അനുവദിക്കുന്ന ഒരു വ്യവസ്ഥയും ഇല്ലെന്ന് അംഗീകരിക്കണമെങ്കില്‍ പോലും, ഒരു വ്യക്തിയെ അവന്റെ ജനനം കൊണ്ട് മാത്രം ഒരു മതത്തില്‍ കെട്ടിയിടാൻ അത് കാരണമല്ല. ഇഷ്ടമുള്ള ഏത് മതവും ആചരിക്കുന്നതിനും വിശ്വസിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ 25(1) അനുച്ഛേദം ഉറപ്പുനല്‍കുന്നു. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് ഒരാള്‍ മറ്റൊരു മതം സ്വീകരിക്കുകയാണെങ്കില്‍, അവന്റെ രേഖകളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തേണ്ടിവരും”- കോടതി പറഞ്ഞു.
ഹിന്ദു മാതാപിതാക്കൾക്ക് ജനിച്ച ഹരജിക്കാർ 2017 മേയ് മുതലാണ് ക്രിസ്തുമതം സ്വീകരിച്ചത്. പിന്നീട് സ്കൂൾ സർട്ടിഫിക്കറ്റിൽ മതം മാറ്റം വരുത്താനായി സർക്കാർ ഗസറ്റിൽ വിജ്ഞാപനം നൽകി. തുടർന്നാണ് സ്കൂൾ സർട്ടിഫിക്കറ്റിൽ പേരും മതവും മാറ്റാൻ അപേക്ഷ നൽകിയത്. എന്നാൽ, മതം മാറ്റാനുള്ള അപേക്ഷ പരീക്ഷ കമീഷണർ തള്ളി. സ്കൂൾ സർട്ടിഫിക്കറ്റിൽ മതംമാറ്റി രേപ്പെടുത്താനുള്ള വ്യവസ്ഥയില്ലെന്ന് സൂചിപ്പിച്ചാണ് അപേക്ഷ നിരസിച്ചത്.