India

‘പണം സമ്പാദിക്കാൻ പല കാര്യങ്ങളും ചെയ്യുന്നു’; ജഗൻമോഹൻ റെഡ്ഡിയെ പാബ്ലോ എസ്കോബാറിനോട് ഉപമിച്ച് നായിഡു

അമരാവതി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും വൈ.എസ്.ആർ കോൺ​ഗ്രസ് അധ്യക്ഷനുമായ ​ജ​ഗൻ മോഹൻ റെഡ്ഡിയെ കുപ്രസിദ്ധ കുറ്റവാളി പാബ്ലോ എസ്കോബാറുമായി താരതമ്യം ചെയ്ത് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഡൽഹിയിൽ നായിഡു സർക്കാരിനെതിരേ ജ​ഗൻ മോഹൻ റെഡ്ഡി നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് നായിഡുവിന്റെ അധിക്ഷേപം.

“പാബ്ലോ എസ്കോബാർ ഒരു കൊളംബിയൻ മയക്കുമരുന്ന് കടത്ത് സംഘത്തലവനാണ്. ഇയാള്‍ പിന്നീട് രാഷ്ട്രീയക്കാരനായി മാറി. 30 ബില്ല്യൺ ഡോളർ അന്ന് അയാൾ സമ്പാദിച്ചു. ഇന്ന് അതിന്റെ മൂല്യം 90 ബില്ല്യൺ ഡോളറോളം വരും. 1976-ലാണ് പാബ്ലോ അറസ്റ്റ് ചെയ്യപ്പെടുന്നത്. 1980-ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും സമ്പന്നനായ മയക്കുമരുന്ന് വ്യാപാരത്തിന്റെ അധിപനായിരുന്നു അദ്ദേഹം. മയക്കുമരുന്ന് വിൽപ്പനയിലൂടെയും സമ്പന്നനാകാം. മുൻ മുഖ്യമന്ത്രിയുടെ ലക്ഷ്യം എന്തായിരുന്നു? ടാറ്റ, റിലയൻസ്, അംബാനി എന്നിവർക്ക് പണമുണ്ട്. അവരെക്കാൾ സമ്പന്നരാകാൻ അദ്ദേഹം ആഗ്രഹിച്ചു. കുറച്ച് പേർക്ക് ആവശ്യങ്ങളുണ്ട്, കുറച്ച് പേർക്ക് അത്യാഗ്രഹമുണ്ട്. മറ്റ് ചിലർക്ക് ഉന്മാദമാണ്. ഈ ആളുകൾ പണം സമ്പാദിക്കാൻ ഇത്തരം കാര്യങ്ങൾ ചെയ്യുന്നു”, ജ​ഗൻ മോഹൻ റെഡ്ഡിയെ ഉന്നം വെച്ചുകൊണ്ട് ചന്ദ്രബാബു നായിഡു പറഞ്ഞു.

ചന്ദ്രബാബു നായിഡു അധികാരത്തിലേറിയതിന് പിന്നാലെ ജ​ഗൻ മോഹൻ റെഡ്ഡിക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയർത്തുന്നത്. ടി.ഡി.പി എം.എൽ.എ രഘുരാമ കൃഷ്ണ രാജുവിന്റെ പരാതിയിൽ ദിവസങ്ങൾക്ക് മുമ്പാണ് ​ജ​ഗൻ മോഹൻ റെഡ്ഡിക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തത്. കൂടാതെ, നാല് പ്രമുഖ ചാനലുകളുടെ സംപ്രേഷണം കേബിൾ ഓപ്പറേറ്റർമാർ അവസാനിപ്പിച്ചതിന് പിന്നിലും സർക്കാർ ഇടപെടലുണ്ടെന്ന ആരോപണം ഉയർന്നിരുന്നു.