Features

കാര്‍ഗിലില്‍ സംഭവിച്ചതെന്ത് ?: ഇന്ത്യന്‍ സൈന്യം നടത്തിയത് പാക്ക് ‘പിഗ് ഹണ്ടിംഗ്’ ?; എന്താണ് ‘ഓപ്പറേഷന്‍ ബാദ്ര്‍’ ? /What Happened in Kargil?: Pak ‘Pig Hunting’ by Indian Army?; What is ‘Operation Badr’?

രാജ്യത്തെ രക്ഷിക്കാന്‍ ജീവന്‍ നല്‍കിയ സൈനികര്‍ക്ക് പ്രണാമം "ഓപ്പറേഷന്‍ വിജയ്"

ഇന്ത്യന്‍ മണ്ണിലേക്ക് നുഴഞ്ഞു കയറിയും, ഒളിച്ചിരുന്നു പാക്കിസ്താന്‍ തീവ്രവാദികളും പാക്ക് സൈനിക തീവ്രവാദികളും നടത്തിക്കൊണ്ടിരിക്കുന്ന ഭീകരവാദത്തിന് ചുട്ടമറുപടി നല്‍കിയതാണ് കാര്‍ഗിലില്‍ കണ്ടത്. ഒരു തരത്തില്‍ അതൊരു വലിയ ഹണ്ടിംഗായിരുന്നു. പാക്കിസ്താനില്‍ നിന്നും കെട്ടഴിച്ചു വിട്ട പന്നിക്കൂട്ടത്തെ തുരത്തിയോടിക്കാന്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ‘പിഗ് ഹണ്ടിംഗ്.’ യുദ്ധം അവസാനിച്ചപ്പോള്‍ പാക്ക് പട്ടാളക്കാരുടെ മൃതശരീരങ്ങള്‍ അവര്‍ ഏറ്റുവാങ്ങാത്തതും അതുകൊണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ തെറ്റുണ്ടാകില്ല. കാരണം, കെട്ടഴിച്ചു വിട്ട പന്നികളെ തിരികെ കൂട്ടിലേക്ക് കയറ്റുന്ന ശീലമില്ലാത്ത ഭരണകൂടമാണ് പാക്കിസ്താനുള്ളത്.

അതുകൊണ്ടാണ് ഒരു തീവ്രവാദ മുഖമുള്ള രാജ്യമാക്കി ഇന്നും പാക്കിസ്താനെ നിലനിര്‍ത്തുന്നത് എന്നാണ് സൈനിക സേവനത്തില്‍ നിന്നും വിരമിച്ച സൈനികര്‍ പറയുന്നത്. കൊല്ലാനും മരിക്കാനും വേണ്ടി തന്നെ അതിര്‍ത്തി വഴി കടത്തി വിടുന്നവരെ പന്നിക്കൂട്ടങ്ങള്‍ എന്നല്ലാതെ എന്തു പറയാനാണ്. കാര്‍ഗിലില്‍ മാത്രമല്ല, പാക്കിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന എല്ലായിടത്തും നുഴഞ്ഞു കയറ്റവും തീവ്രവാദവും വലിയ ഭീഷണിയാണ്. ഇവരെ സൈന്യം അപ്പപ്പോള്‍ വെടിവെച്ചിടുന്നുമുണ്ട്. പക്ഷെ, പാകത്കിസ്താനു വേണ്ടി ഇന്ത്‌യയില്‍ തീവ്രവാദം നടത്താന്‍ വരുന്നവരുടെ മൃതദേഹങ്ങള്‍ പോലും പാക്കിസ്താന്‍ അധികൃതര്‍ ഏറ്റെടുക്കില്ല എന്നതാണ് സത്യമെന്നും വിരമിച്ച പട്ടാളക്കാര്‍ പറയുന്നു.

അങ്ങനെയുള്ള രാജ്യത്തു നിന്നും ഇന്ത്യന്‍ അതിര്‍ത്തികളില്‍ സ്ഥായിആയ സമാധാനം പ്രതീക്ഷിക്കുകയേ വേണ്ട. അതിരുകല്ലുകള്‍ ഇളക്കി മാറ്റിയും, കാശ്മീരിന്റെ കൊടും തണുപ്പിനെ ഭേദിച്ച് മരണത്താഴ് വരയാക്കാനുമൊക്കെ ഇന്നും അവര്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. ഈ നുഴഞ്ഞു കയറ്റവും അതിനെ പ്രതിരോധിക്കലും ലോകാവസാനം വരെയും ഉണ്ടാകുമെന്നതില്‍ തര്‍ക്കവുമില്ല. അങ്ങനെയൊരു രൂക്ഷമായ നുഴഞ്ഞു കയറ്റത്തിനും കൈയ്യടക്കലിനും 1999ല്‍ പാക്കിസ്താന്‍ ശ്രമിച്ചതാണ് കാര്‍ഗില്‍ വാറിന് കാരമണായത്. കാര്‍ഗിലില്‍ അതിര്‍ത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ ഓര്‍മ്മദിനമാണ് ഇന്ന്. ‘കാര്‍ഗില്‍ വിജയ് ദിവസ്’ ആയി ആചരിക്കുന്നത്.

25 വര്‍ഷം തികയുകയാണ് ഇന്ന്. സ്വന്തം രാജ്യത്തിന്റെ ഓരോപിടി മണ്ണും കാത്തുസൂക്ഷിക്കാന്‍ കാര്‍ഗിലില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് മുമ്പില്‍ ശിരസ്സ് കുനിക്കുന്നു. 1999ലെ ഒരു ശൈത്യകാലത്ത് പാക്ക് പട്ടാളം കശ്മീര്‍ തീവ്രവാദികളുടെയും മറ്റും സഹായത്തോടെ കാര്‍ഗിലിലെ ഉയര്‍ന്ന പോസ്റ്റുകള്‍ പിടിച്ചടക്കി. 16,000 മുതല്‍ 18,000 അടിവരെ ഉയരത്തിലുളള മലനിരകളില്‍ നിലയുറപ്പിച്ച അക്രമികളെ തുരത്താനായി ‘ഓപ്പറേഷന്‍ വിജയ്’ എന്ന പേരില്‍ ഇന്ത്യ നടത്തിയ സൈനിക നടപടികള്‍ രണ്ടരമാസത്തോളം നീണ്ടുനിന്നു. ജൂലൈ 26ന് ഇന്ത്യ കാര്‍ഗിലില്‍ വിജയം പ്രഖ്യാപിച്ചു. പാക്കിസ്ഥാന്‍ പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യന്‍ സേന തിരിച്ചുപിടിച്ചു.

അതിനായി 527 സൈനികരെ കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനു നഷ്ടമായി. ദ്രാസ് സെക്ടറിലാണു കാര്‍ഗില്‍ യുദ്ധസ്മാരകം. എ.ബി. വാജ്‌പേയിയായിരുന്നു അന്ന് പ്രധാനമന്ത്രി. ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രതിരോധമന്ത്രിയും. ഇരു രാജ്യങ്ങളും ആണവായുധങ്ങള്‍ വികസിപ്പിച്ച ശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു ഇത്. രണ്ടു രാജ്യങ്ങളിലും കടുത്ത സമ്മര്‍ദ്ദം സൃഷ്ടിച്ച ഈ യുദ്ധത്തിന്റെ ഫലമായി ഇന്ത്യ യുദ്ധോപകരണങ്ങള്‍ കൂടുതലായി വാങ്ങാന്‍ തുടങ്ങി. അതേസമയം, പാകിസ്താനിലാകട്ടെ യുദ്ധം സര്‍ക്കാരിന്റേയും സാമ്പത്തികാവസ്ഥയുടേയും തകര്‍ച്ചയിലേക്ക് നയിച്ചു. തുടര്‍ന്ന് 1999 ഒക്ടോബര്‍ 12നു പാകിസ്താന്‍ പട്ടാളമേധാവി പര്‍വേസ് മുഷാറഫ് പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കുകയും ചെയ്തു.

ചരിത്രം

1971-ലെ ബംഗ്ലാദേശ് യുദ്ധത്തിനു ശേഷം ഉണ്ടായ സിംലാ കരാര്‍(2) ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷത്തിന് അയവുവരുത്താന്‍ സഹായകരമായി. ഈ കരാറാണ് ലൈന്‍ ഓഫ് കട്രോള്‍ അഥവാ നിയന്ത്രണ രേഖ എന്ന സ്ഥിതിവിശേഷം ഉണ്ടാക്കിയെടുത്തത്. ഇത് 1971 ഡിസംബര്‍ 17ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച നാള്‍മുതല്‍ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശങ്ങള്‍ ഇരുരാജ്യങ്ങളും കൈവശം വക്കാനും ഒരു അതിര്‍ത്തി രേഖക്ക് സമാനമായി പിന്നീട് രൂപപ്പെടുത്താനും കാരണമായി. ഇരുരാജ്യങ്ങളും അന്നു മുതല്‍ ഈ രേഖയ്ക്കിരുവശവും സൈനികകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുകയും തങ്ങളുടെ പ്രദേശം എതിര്‍കക്ഷിക്ക് വിട്ടുകൊടുക്കാതിരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്തു.

1990 മുതല്‍ കാശ്മീര്‍ വിഘടനവാദികള്‍ നിയന്ത്രണരേഖ മുറിച്ചുകടക്കാന്‍ നുഴഞ്ഞു കയറ്റം ആരംഭിച്ചു. ഇന്ത്യയുടെ അധീനതയിലുള്ള കാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുകയും ചെയ്തുകൊണ്ടിരുന്നു. ഇത്തരം ഒളിപ്പോരാട്ടങ്ങളും അതു പോലെ തന്നെ ഇരുരാജ്യങ്ങളും നടത്തിയ അണുപരീക്ഷണങ്ങളും 1998ഓടു കൂടി സ്ഥിതിഗതികള്‍ വീണ്ടും സംഘര്‍ഷാവസ്ഥയിലേക്കെത്തിച്ചു. ഈ യുദ്ധസമാനമായ അന്തരീക്ഷത്തിലും ഇരു രാജ്യങ്ങളും 1999 ഫെബ്രുവരിയില്‍ ലാഹോര്‍ പ്രഖ്യാപനം പോലുള്ള സമാധാന ഉടമ്പടികള്‍ ഒപ്പുവക്കുകയും ചെയ്തിരുന്നു. അതേസമയം പാകിസ്താന്‍ കരസേന, പാകിസ്താന്‍ അര്‍ദ്ധസൈനിക വിഭാഗത്തെ രഹസ്യമായി പരിശീലിപ്പിക്കുകയും ഇന്ത്യന്‍ ഭാഗത്തേക്ക് അയക്കുകയും ചെയ്തു.

കാശ്മീരും ലഡാക്കും തമ്മിലുള്ള ബന്ധം വിച്ഛേദിക്കാനും അങ്ങനെ ഇന്ത്യന്‍ പട്ടാളത്തെ സിയാച്ചിന്‍ പ്രദേശത്തു നിന്ന് പിന്‍വലിക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിതമാക്കുകയുമായിരുന്നു ലക്ഷ്യം. അതുവഴി ഇന്ത്യയെ കാശ്മീര്‍ പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പിനു സമ്മതിപ്പിക്കാം എന്നും പാകിസ്താന്‍ കരുതി. പ്രദേശത്തുണ്ടാകുന്ന ഏതൊരു പ്രശ്‌നവും കാശ്മീര്‍ പ്രശ്‌നത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവരുമെന്നും, അങ്ങനെ വേഗത്തില്‍ പ്രശ്‌നപരിഹാരം സാധ്യമാകുമെന്നും അവര്‍ കരുതി. കൂടാതെ ഇന്ത്യയുടെ കൈവശമുള്ള കാശ്മീരിലെ വിമതര്‍ക്ക് ഉത്തേജനം പകരാനും ഇതിലൂടെ സാധിക്കുമെന്ന് പാകിസ്താന്‍ ധരിച്ചു. നുഴഞ്ഞു കയറ്റത്തിന് അവര്‍ നല്‍കിയ പേരാണ് ‘ഓപറേഷന്‍ ബാദ്ര്‍'(പരന്നിക്കൂട്ടങ്ങളെ മറ്റൊരു സ്ഥലത്തേക്ക് തുറന്നു വിടുകയെന്ന തന്ത്രം). പാകിസ്ഥാന്‍ പട്ടാളമാണ് നുഴഞ്ഞു കയറിയത്. ഈ പദ്ധതി വളരെ നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നതാണ്.

സിയാ ഉള്‍ ഹഖ്, ബേനസീര്‍ ഭൂട്ടോ തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇതേക്കുറിച്ച് അറിയാമായിരുന്നെങ്കിലും ഇരു രാജ്യങ്ങളും തമ്മില്‍ തുറന്ന യുദ്ധമുണ്ടാകുമെന്ന ഭയത്താല്‍ പദ്ധതി പ്രയോഗത്തില്‍ വരുത്താന്‍ തയ്യാറായിരുന്നില്ല. എന്നാല്‍, പാക്കിസ്താനില്‍ പട്ടാള അട്ടിമറിയുണ്ടായി പര്‍വേസ് മുഷാറഫ് പട്ടാളമേധാവി ആയതോടു കൂടി ആക്രമണത്തിന്റെ രേഖാരൂപം സജീവമാക്കുകയായിരുന്നു. അന്നത്തെ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പിന്നീട് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്, അദ്ദേഹത്തിന് നുഴഞ്ഞുകയറ്റത്തെ കുറിച്ച് ഒന്നുമറിയില്ലായിരുന്നുവെന്നും, ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഫോണില്‍ വിളിച്ചാരാഞ്ഞപ്പോള്‍ മാത്രമാണ് അദ്ദേഹം അറിഞ്ഞതെന്നുമാണ്.

യുദ്ധം നടന്ന പ്രദേശം കാര്‍ഗില്‍

കാര്‍ഗില്‍ പട്ടണം എല്‍.ഒ.സിയിലാണ് സ്ഥിതിചെയ്യുന്നത്. 1947ലെ ഇന്ത്യാവിഭജനത്തിനു മുമ്പ് കാര്‍ഗില്‍, ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്റെ ഭാഗമായിരുന്നു. വിവിധ ഭാഷാ, വര്‍ണ്ണ, മത വിഭാഗങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ലോകത്തിലെ ഉയര്‍ന്ന മലനിരകളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് ഒറ്റപ്പെട്ട താഴ്‌വരകളുണ്ട്. 1947ലെ ഒന്നാം കശ്മീര്‍ യുദ്ധത്തിന്റെ ഫലമായി കാര്‍ഗിലിന്റെ ഭൂരിഭാഗവും ഇന്ത്യയുടെ പക്ഷത്തായി. 1971ലെ ഇന്ത്യാ പാകിസ്താന്‍ യുദ്ധം അവശേഷിക്കുന്ന ഭാഗങ്ങള്‍ തന്ത്രപ്രധാനമായ പട്ടാളകേന്ദ്രങ്ങള്‍ അടക്കം ഇന്ത്യയുടെ ഭാഗമായി. ലഡാക്കില്‍ മുസ്ലീം ഭൂരിപക്ഷമുള്ള ഏകപ്രദേശവും കാര്‍ഗിലാണ്. കാര്‍ഗില്‍ പട്ടണവും ജില്ലയും ഇന്ന് ജമ്മു-കാശ്മീര്‍ സംസ്ഥാനത്തിന്റെ ഭാഗമാണ്. കാര്‍ഗില്‍ പട്ടണം നിയന്ത്രണരേഖയില്‍ സ്ഥിതി ചെയ്യുന്നു.

ശ്രീനഗറില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള കാര്‍ഗില്‍ പാകിസ്താന്റെ വടക്കന്‍ പ്രദേശത്തിനഭിമുഖമായാണ് നിലകൊള്ളുന്നത്. ഹിമാലയത്തിലെ മറ്റു പ്രദേശങ്ങളെപ്പോലെ തന്നെ, കാഠിന്യമേറിയ കാലാവസ്ഥയാണ് കാര്‍ഗിലിലേതും. വേനല്‍ക്കാലത്തു പോലും തണുപ്പുള്ള ഈ പ്രദേശത്തെ നീണ്ട തണുപ്പുകാലത്ത് അന്തരീക്ഷോഷ്മാവ് -50 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. ശ്രീനഗറില്‍ നിന്ന് ലേയിലേക്കുള്ള ദേശീയപാത കാര്‍ഗില്‍ വഴി കടന്നു പോകുന്നുണ്ട്. നിയന്ത്രണരേഖക്ക് സമാന്തരമായി 160 കിലോമീറ്റര്‍ നീളത്തിലുള്ള ഇന്ത്യന്‍ ഭാഗത്തെ പ്രദേശമാണ് നുഴഞ്ഞുകയറ്റത്തിനും പോരാട്ടത്തിനും വേദിയായത്. കാര്‍ഗില്‍ ജില്ലാ ആസ്ഥാനത്തു നിന്നും അകലെയായി യുദ്ധമുന്നണി ദ്രാസ്, ബതാലിക് സെക്റ്റര്‍, മുഷ്‌കോ താഴ്വര തുടങ്ങിയ നിയന്ത്രണരേഖാ പ്രദേശത്താണുണ്ടായിരുന്നത്.

പ്രദേശത്തെ പട്ടാള ചെക്ക് പോസ്റ്റ്) പൊതുവേ 5000 മീറ്റര്‍ (16,000 അടി) ഉയരത്തിലാണുള്ളത്. ചിലതാകട്ടെ 5600 മീറ്റര്‍ (18,000 അടി) വരെ ഉയരത്തിലും. ഉയരം മൂലം നിര്‍ണ്ണായക സമയങ്ങളില്‍ അവിചാരിതമായ ആക്രമണങ്ങള്‍ ഉണ്ടാകാന്‍ അനുയോജ്യമായ സ്ഥലമാണ് കാര്‍ഗില്‍. നുഴഞ്ഞുകയറ്റത്തിന് കാര്‍ഗില്‍ തിരഞ്ഞെടുക്കാന്‍ പ്രധാനകാരണവും ഇതായിരുന്നു. ഉയരത്തില്‍ ഇരിക്കുന്ന ശത്രുവിനെ താഴെ നിന്ന് ആക്രമിക്കുക എളുപ്പമല്ല. കൂടാതെ പാകിസ്താനി പട്ടണമായ സ്‌കര്‍ദുവില്‍ നിന്നും 173 കിലോമീറ്റര്‍ മാത്രമാണ് കാര്‍ഗിലിലേക്കുള്ള ദൂരം. ഇത് പാക്ക് പോരാളികള്‍ക്ക് ആവശ്യമായ സഹായങ്ങളും വെടിക്കോപ്പുകളും നല്‍കാന്‍ സഹായകവുമായിരുന്നു. ഇത്തരം സുപ്രധാന കാര്യങ്ങളും കാര്‍ഗിലിലെ മുസ്ലീം ഭൂരിപക്ഷവുമാണ് കാര്‍ഗിലിനെ യുദ്ധമുന്നണിയായി പാക്കിസ്താന്‍ പട്ടാളം തിരഞ്ഞെടുക്കാന്‍ കാരണമായത് എന്നാണ് വിലയിരുത്തല്‍.

യുദ്ധം

പ്രധാനമായും മൂന്നു ഘട്ടങ്ങളായിരുന്നു കാര്‍ഗില്‍ യുദ്ധത്തിനുണ്ടായിരുന്നത്. ആദ്യം പാകിസ്താന്‍ ഇന്ത്യന്‍ പ്രദേശത്തെ സുപ്രധാനമായ ഉന്നത താവളങ്ങള്‍ രഹസ്യമായി പിടിച്ചെടുത്തു. ഇന്ത്യ തന്ത്രപ്രധാനമായ പാതകള്‍ പിടിച്ചെടുക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് ഇന്ത്യന്‍ പട്ടാളം പാകിസ്താന്‍ പിന്തുണയുള്ള പോരാളികളെ സാവധാനം നിയന്ത്രണരേഖക്ക് പിന്നിലേക്കു തുരത്തി.

യുദ്ധവും വിജയവും വന്നവഴി

മെയ് 3: പാകിസ്താന്‍ നുഴഞ്ഞുകയറ്റം ആട്ടിടയന്മാര്‍ അറിയിക്കുന്നു.
മെയ് 5: ഇന്ത്യന്‍ കരസേന നിരീക്ഷണ സംഘത്തെ അയയ്ക്കുന്നു; അഞ്ച് ഇന്ത്യന്‍ സൈനികര്‍ പിടിയിലകപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു.
മെയ് 9: പാകിസ്താന്‍ കരസേനയുടെ കനത്ത ഷെല്ലിങ്ങില്‍, കാര്‍ഗിലിലെ ആയുധശേഖരത്തിനു കേടുപാടുകളുണ്ടാകുന്നു.
മെയ് 10: ദ്രാസ്, കക്‌സര്‍, മുഷ്‌കോ മേഖലകളിലും നുഴഞ്ഞുകയറ്റം കണ്ടെത്തപ്പെടുന്നു.
മെയ് 15-25: ഇന്ത്യന്‍ കരസേന കൂടുതല്‍ സേനയെ കാശ്മീര്‍ താഴ്വരയില്‍ നിന്നും കാര്‍ഗില്‍ മേഖലയിലേയ്ക്ക് മാറ്റുന്നു
മെയ് 26 :നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരേ ഇന്ത്യന്‍ വായൂസേന ആക്രമണം തുടങ്ങുന്നു.
മെയ് 27: ഇന്ത്യന്‍ വായുസേനയ്ക്ക് രണ്ട് പോര്‍വിമാനങ്ങള്‍ നഷ്ടപ്പെടുന്നു മിഗ് 21, മിഗ് 27;.
മെയ് 27: ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് നചികേതയെ യുദ്ധതടവുകാരനായി പാകിസ്താന്‍ പിടിക്കുന്നു
മെയ് 28: ഇന്ത്യന്‍ വായുസേനയുടെ മിഗ് 17 വെടിവെച്ചിടപ്പെടുന്നു, നാല് സൈനികര്‍ കൊല്ലപ്പെടുന്നു.
ജൂണ്‍ 1: പാകിസ്താന്‍ ആക്രമണം ശക്തമാക്കുന്നു; ദേശീയപാത 1എ ബോംബിട്ടു തകര്‍ക്കപ്പെടുന്നു.
ജൂണ്‍ 5: ഇന്ത്യന്‍ സേന പാകിസ്താന്‍ സൈനികരില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍  പുറത്തുവിടുന്നു.
ജൂണ്‍ 6: ഇന്ത്യന്‍ കരസേന കാര്‍ഗിലിലെ പ്രധാന പ്രത്യാക്രമണം തുടങ്ങുന്നു.
ജൂണ്‍ 9: ഇന്ത്യന്‍ കരസേന ബറ്റാലിക് സെക്ടറിലെ രണ്ട്, സുപ്രധാന സ്ഥാനങ്ങള്‍ തിരിച്ചുപിടിക്കുന്നു
ജൂണ്‍ 11: പര്‍വേസ് മുഷാറഫ്, പാക്ക് ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് അസീസ് ഖാനുമായി നടത്തിയ സംഭാഷണം ഇന്ത്യ പുറത്തുവിടുന്നു.
ജൂണ്‍ 13: ദ്രാസിലെ ടോടോലിങ് ഇന്ത്യ തിരിച്ചുപിടിക്കുന്നു.
ജൂണ്‍ 15: അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, കാര്‍ഗിലില്‍ നിന്നും പോവാന്‍ നവാസ് ഷെരീഫിനോട് ആവശ്യപ്പെടുന്നു.
ജൂണ്‍ 29: ഇന്ത്യന്‍ സേന രണ്ട് സുപ്രധാന പോസ്റ്റുകള്‍ കൈവശപ്പെടുത്തുന്നു ടൈഗര്‍ഹില്ലിനടുത്തുള്ള പോയിന്റ് 5060, പോയിന്റ് 5100
ജൂലൈ 2: ഇന്ത്യന്‍ കരസേന കാര്‍ഗിലില്‍ ത്രിതല ആക്രമണം തുടങ്ങുന്നു.
ജൂലൈ 4: 11 മണിക്കൂര്‍ പോരാട്ടത്തിനു ശേഷം ഇന്ത്യന്‍ കരസേന ടൈഗര്‍ഹില്‍ തിരിച്ചുപിടിക്കുന്നു.
ജൂലൈ 5: ഇന്ത്യന്‍ സേന ദ്രാസിന്റെ നിയന്ത്രണം എടുക്കുന്നു. ഷെരീഫ് പാകിസ്താനി സേനയുടെ പിന്മാറ്റം  അറിയിക്കുന്നു.
ജൂലൈ 7: ബതാലിക്കിലെ ജുബാര്‍ കുന്നുകള്‍ ഇന്ത്യ തിരിച്ചുപിടിക്കുന്നു.
ജൂലൈ 11: പാകിസ്താന്‍ പിന്മാറി തുടങ്ങുന്നു; ഇന്ത്യ ബതാലിക്കിലെ പ്രധാന കുന്നുകള്‍ കൈവശപ്പെടുത്തുന്നു.
ജൂലൈ 14: ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഓപ്പറേഷന്‍ വിജയ് വിജയകരമെന്ന് പ്രഖ്യാപിക്കുന്നു. ചര്‍ച്ചയ്ക്ക് നിബന്ധനകള്‍ വെച്ചു ജൂലൈ 26 കാര്‍ഗില്‍ പോരാട്ടം ഔദ്യോഗികമായി അവസാനിക്കുന്നു. ഇന്ത്യന്‍ കരസേന പാക്കിസ്ഥാനു മേല്‍ സമ്പൂര്‍ണ്ണ വിജയം പ്രഖ്യാപിക്കുന്നു.

 

content highlights;What Happened in Kargil?: Pak ‘Pig Hunting’ by Indian Army?; What is ‘Operation Badr’?