കോഴിക്കോട്: സംസ്ഥാനത്തെ ഐടി ജീവനക്കാര്‍ക്കിടയിൽ പിരിമുറുക്കം കുറയ്ക്കുന്നതിന്‍റെ ഭാഗമായി കായികമത്സരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നയത്തിനോടനുബന്ധിച്ച് നടത്തുന്ന കോഴിക്കോട് മലബാര്‍ ബിസിനസ് ക്വിസ് ലീഗിന്‍റെ മാതൃകാ പ്രദര്‍ശനമത്സരം സംഘടിപ്പിച്ചു. കോഴിക്കോട് ഗവണ്‍മന്‍റ് സൈബര്‍ പാര്‍ക്കിൽ നടത്തിയ മോക്ക് ക്വിസിൽ മുപ്പതോളം ടീമുകളാണ് പങ്കെടുത്തത്.
ക്വിസിന്‍റെ ഗവേഷണം, അവതരണം, സംഘാടനം എന്നിവ നടത്തുന്ന ക്യു ഫാക്ടറി നോളജ് സര്‍വീസസ് ആണ് മാതൃകാ പ്രദര്‍ശനവും സംഘടിപ്പിച്ചത്. കേരളത്തിന്‍റെ ക്വിസ് മാന്‍ സ്നേഹജ് ശ്രീനിവാസ് ക്വിസ് മാസ്റ്ററായെത്തി. ആഗസ്തിൽ തുടങ്ങുന്ന ക്വിസിനെക്കുറിച്ച് ടീമുകള്‍ക്ക് പ്രാഥമിക പരിചയം നൽകാന്‍ വേണ്ടിയാണ് മാതൃകാ പ്രദര്‍ശന മത്സരം സംഘടിപ്പിച്ചത്. രണ്ടാമത്തെ മാതൃകാ പ്രദര്‍ശനമത്സരം ജൂലായ് 31 ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിൽ നടത്തും.
ജീവനക്കാരുടെ ബിസിനസ് അവബോധവും നൈപുണ്യവികസനവും ലക്ഷ്യമിട്ടു കൊണ്ടാണ് അഞ്ച് മാസം നീണ്ട് നിൽക്കുന്ന ക്വിസ് പ്രൊജക്റ്റ് സംഘടിപ്പിക്കുന്നത്. സംസ്ഥാന ഐടി വകുപ്പ്, ഇന്‍റര്‍നാഷണൽ ക്വിസിംഗ് അസോസിയേഷന്‍(ഏഷ്യ), സിഐടിഐ 2.0, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്ക് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരള ഐടി മിഷനാണ് സംഘാടനച്ചുമതല.
മാസത്തിൽ ഒന്നു വീതം ആഗസ്ത് മുത ഡിസംബര്‍ വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. എല്ലാ മത്സരങ്ങളുടെയും വേദി കോഴിക്കോടായിരിക്കും. മലബാര്‍ മേഖലയിൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് രണ്ടു പേരടങ്ങുന്ന ടീമുകളെ മത്സരിപ്പിക്കാം.
www.keralaquizleagues.com എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഒരു ടീമിന് 5000 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. രജിസ്റ്റര്‍ ചെയ്യുന്ന ഓരോ ടീമുകള്‍ക്കും 5 ഓഫ്ലൈന്‍ സ്റ്റേജ് മത്സരങ്ങളിലും 25 ഓണ്‍ലൈന്‍ മത്സരങ്ങളിലും പങ്കെടുക്കാം.