പാരീസ് : ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഫ്രാന്‍സിലെ അതിവേഗ റെയിലിനുനേരെ ആക്രമണം. കഴിഞ്ഞ രാത്രി പാരീസിലെ റെയില്‍ സംവിധാനത്തിന് നേരെ തീവെപ്പുണ്ടായതായാണ് റിപ്പോർട്ട്. ഇതോടെ ഭൂരിഭാഗം മേഖലകളിലേയ്കുമുള്ള റെയില്‍ ഗതാഗതം താറുമാറായി.
പലയിടത്തും റെയിൽവേ സംവിധാനങ്ങൾ നശിപ്പിക്കപ്പെട്ടു. ഇതേത്തുടർന്ന് പാരിസിലേക്കുൾപ്പെടെയുള്ള ട്രെയിനുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. പലയിടങ്ങളിലും തീ വച്ചും അക്രമികൾ സംവിധാനങ്ങൽ നശിപ്പിച്ചു. പാരീസിൽ നിന്ന് തീരദേശങ്ങളിലേക്ക് പോകുന്ന അതിവേഗ എൽജിവി അൽലാന്റിക് ലൈനുകളെയും വടക്ക്-കിഴക്കൻ ലൈനുകളെയുമാണ് ആക്രമണം കൂടുതലായി ബാധിച്ചത്.
ആക്രമണത്തെ ഫ്രാൻസ് ഗതാഗത മന്ത്രി അപലപിച്ചു. അട്ടിമറി ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നുവെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഫ്രാൻസ് ഗതാഗത മന്ത്രി എക്സിൽ കുറിച്ചു. ഏത് തരത്തിലുള്ള ആക്രമണങ്ങൾ അഴിച്ചുവിട്ടാലും അവയെല്ലാം പ്രതിരോധിച്ച് മികച്ച രീതിയിൽ പാരീസിൽ ഒളിമ്പിക്സ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ മറ്റ് ലൈനുകളിലേക്കുള്ള ട്രെയിനുകൾ വഴി തിരിച്ച് വിടുകയാണ്. ആക്രമണങ്ങൾ തുടരാൻ സാധ്യതയുള്ളതിനാൽ റെയിൽവേ സ്റ്റേഷനുകളിലേക്ക് യാത്രക്കാർ എത്തുന്നത് താത്കാലികമായി ഒഴിവാക്കണമെന്നും റദ്ദാക്കിയ ട്രെയിൻ ടിക്കറ്റുകളുടെ നിരക്കുകൾ തിരിച്ചു നൽകുമെന്നും അധികൃതർ അറിയിച്ചു.