അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന നാസയുടെ ബഹിരാകാശ സഞ്ചാരികളായ ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും തിരിച്ചുവരവ് വീണ്ടും അനിശ്ചിതത്വത്തിൽ തന്നെ. തിരിച്ചുവരവ് തീയതി ഇനിയും പ്രഖ്യാപിക്കാതെ നാസ. ജൂലൈ മാസത്തിൽ ഭൂമിയിലേക്ക് തിരിച്ചുവരവ് ഉണ്ടാകില്ലെന്നാണ് ഏറ്റവുമൊടുവിലായി പുറത്തുവരുന്ന വിവരം. ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിന്റെ സാങ്കേതിക തകരാറാണ് തിരിച്ചുവരവ് അനിശ്ചിതത്വത്തിലാക്കുന്നത്.
പേടകത്തിലെ റിയാക്ഷൻ കൺട്രോൾ സിസ്റ്റം (ആർസിഎസ്) ത്രസ്റ്ററിന്റെ ഗ്രൗണ്ട് ടെസ്റ്റിംഗും പരിശോധനയും നീളുകയാണ്. ഇതാണ് ഭൂമിയിലേക്കുള്ള തിരിച്ചുവരവിന് കാലതാമസം സൃഷ്ടിക്കുന്നത്. തിരിച്ചുവരവിന്റെ തീയതിയോ സമയോ സംബന്ധിച്ച് പ്രഖ്യാപനങ്ങൾ ഇതുവരെ നാസയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഇരുവരെയും തിരികെ എത്തിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് സ്റ്റാർലൈനർ പ്രോഗ്രാം മാനേജരും വൈസ് പ്രസിഡന്റുമായ മാർക്ക് നാപ്പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിനായി സാധ്യമായതെല്ലാം ചെയ്യേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അന്തരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഇരുവരും സമയം ചെവഴിക്കുകയാണെന്ന് നാസ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് പറഞ്ഞു. ഇരുവരും മുൻപരിചയമുള്ളവരാണെന്നും അതിനാൽ തന്നെ വെല്ലുവിളികളെ അതിജീവിക്കാൻ സാധിക്കുന്നുണ്ടെന്നും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹാർഡ്‌വെയർ ചലിപ്പിക്കൽ, പവർ സിസ്റ്റങ്ങൾ പുനഃക്രമീകരിക്കൽ, വായു സാമ്പിളുകൾ ശേഖരിക്കൽ, ഭൂമിയുടെ കാലാവസ്ഥ നിരീക്ഷിക്കൽ എന്നിവയുൾപ്പെടെ വിവിധ സ്റ്റേഷൻ പ്രവർത്തനങ്ങളിൽ വിൽമോർ ഏർപ്പെട്ടിട്ടുണ്ട്. മനുഷ്യശരീരം ബഹിരാകാശത്ത് എങ്ങനെ വ്യായാമം ചെയ്യുന്നുവെന്ന് പഠിക്കാൻ അൾട്രാസൗണ്ട് സ്‌കാനിംഗിനും അദ്ദേഹം വിധേയനായി.