ബോളിവുഡ് സംവിധായകയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്റെ അമ്മ മേനക ഇറാനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ ഷാരൂഖ് ഖാന്‍. ഫറയുടെ അമ്മ വെള്ളിയാഴ്ചയായിരുന്നു മരിച്ചത്. ഷാരൂഖിനൊപ്പം ഭാര്യ ഗൗരി ഖാനും മകള്‍ സുഹാന ഖാനും ഉണ്ടായിരുന്നു. വൈകുന്നേരമാണ് ഖാന്‍ കുടുംബം ഫറയുടെ വീട് സന്ദര്‍ശിച്ചത്. റാണി മുഖര്‍ജി, ശില്‍പ ഷെട്ടി, ഭൂഷണ്‍ കുമാര്‍, എംസി സ്റ്റാന്‍ എന്നിവരുള്‍പ്പെടെ നിരവധി സെലിബ്രിറ്റികളും ഫറയുടെ അമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ഫറയുടെ വീട്ടില്‍ എത്തിയ ഖാന്‍ കുടുംബത്തിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കാണാം. ഷാരൂഖ്, ഗൗരി ഖാന്‍, സുഹാന ഖാന്‍ എന്നിവര്‍ ഫറയുടെ വീട്ടില്‍ എത്തുന്നതാണ് ഒരു വീഡിയോയില്‍ കാണുന്നത്. വെള്ള ഷര്‍ട്ടിലും ഡെനിം ഡീന്‍സുമായിരുന്നു ഷാരൂഖ് എത്തിയത്. പച്ചയും വെള്ളയും കലര്‍ന്ന വസ്ത്രമാണ് ഗൗരി ധരിച്ചിരുന്നത്. കറുത്ത ഷര്‍ട്ടും ട്രൗസറുമാണ് സുഹാന ധരിച്ചത്.
മറ്റൊരു ക്ലിപ്പില്‍ ഷാരൂഖും ഗൗരിയും ഫറയുടെ വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്നത് കണാം. ഇറങ്ങാന്‍ നേരം ഷാരൂഖ് ഫറാ ഖാനെ ആലിംഗനം ചെയ്യുന്നതായും വീഡിയോയില്‍ കാണാം. ഷാരൂഖിന്റെ മാനേജര്‍ പൂജ ദദ്ലാനിയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഫറയുടെ അമ്മയ്ക്ക് 79 വയസായിരുന്നു പ്രായം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ അമ്മ ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് വിധേയയായതായി ഫറാ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചിരുന്നു.