സ്ഥിരമായി യാത്രകള്‍ ചെയ്യുന്ന ആളാണ് നടിയും മോഡലുമായ രേബ മോണിക്ക ജോണ്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടേറെ യാത്രാചിത്രങ്ങള്‍ രേബയുടെ സോഷ്യല്‍ മീഡിയയില്‍ കാണാം എത്ര കണ്ടാലും മതിവരാത്ത കടലും കടലൊളിപ്പിച്ചു വച്ചിട്ടുള്ള കാഴ്ചകളും തേടിയിറങ്ങിയതാണ് മലയാളത്തിലൂടെയും തമിഴിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ റേബ മോണിക്ക ജോൺ. മാലദ്വീപിലേക്കുള്ള യാത്ര ആരംഭിക്കുന്നത് മുതലുള്ള ചിത്രങ്ങളും കാണാൻ പോകുന്ന അതിസുന്ദരമായ അനുഭവങ്ങളുടെ ആകാംക്ഷയും ചിത്രങ്ങൾക്കൊപ്പം പങ്കുവച്ച കുറിപ്പിൽ താരം എഴുതി ചേർത്തിട്ടുണ്ട്.
യാത്രകൾ ഇഷ്ടപ്പെടുന്ന ഏതൊരു സഞ്ചാരിയും ഒരിക്കലെങ്കിലും കാണേണ്ടതു തന്നെയാണ് മാലദ്വീപുകൾ എന്നാണ് താരത്തിന്റെ അഭിപ്രായം. അറബികടലിൽ സ്ഥിതി ചെയ്യുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ സംഗമമായ മാലദ്വീപിലേക്കുള്ള യാത്ര ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സുഗമമാണ്. സങ്കീർണമായ വീസ നടപടികളൊന്നും തന്നെയില്ലാതെ ചെന്നെത്താനും വളരെ കുറഞ്ഞ ചെലവിൽ ആസ്വദിക്കാനും കഴിയുന്ന ഒരു രാജ്യമാണിത്.
വിനോദസഞ്ചാരമാണ് മാലദ്വീപിലെ പ്രധാന വരുമാന മാർഗ്ഗം അതുകൊണ്ടു തന്നെ ധാരാളം കൗതുക കാഴ്ചകളൊരുക്കിയാണ് ദ്വീപുകളെല്ലാം സഞ്ചാരികളെ വരവേൽക്കുന്നത്. എല്ലാ ബീച്ചുകൾക്കു സമീപവും കടലിന്റെ മനോഹര കാഴ്ചകളൊരുക്കുന്ന താമസസ്ഥലങ്ങളും ജലകേളികളുമൊക്കെയുണ്ട്. വെള്ളത്തിന് മുകളിൽ നിൽക്കുന്ന തരത്തിലാണ് ഇവിടുത്തെ പല അതിഥി മന്ദിരങ്ങളുടെയും റിസോർട്ടുകളുടെയും നിർമാണം. നമ്മുടെ രാജ്യത്തു നിന്നുള്ളവരെ സംബന്ധിച്ചു ഏറെ പുതുമ പകരുന്ന ഒരു കാഴ്ചയാണത്. വളരെ കുറഞ്ഞ ചെലവിൽ താമസിക്കാൻ കഴിയുന്ന അതിഥി മന്ദിരങ്ങളും അത്യാഡംബര സൗകര്യങ്ങളെല്ലാമുള്ള മുന്തിയ റിസോർട്ടുകളും മാലദ്വീപിൽ സുലഭമാണ്. കയ്യിലുള്ള പണത്തിനനുസരിച്ചു താല്പര്യം പോലെ അവ താമസത്തിനായി തിരെഞ്ഞെടുക്കാം.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡൈവിങ് സൈറ്റുകളിലൊന്നാണ് നോർത്ത് മാലെ അറ്റോളിൽ സ്ഥിതി ചെയ്യുന്ന ബനാന റീഫ്.വാഴപ്പഴത്തിന്റെ ആകൃതിയായതിനാലാണ് ഇതിനു ഈ പേര് ലഭിച്ചത്. മാലദ്വീപില്‍ ഡൈവിങ്ങിന് ലൈസന്‍സ് ലഭിച്ച ആദ്യത്തെ ഇടമാണ് ഇത്. സ്കൂബ, സ്നോർക്കലിങ്, ജെറ്റ് സ്കീയിങ് തുടങ്ങിയ വിനോദങ്ങളുമെല്ലാം സജീവമാണ് ഇവിടെ. പവിഴപ്പുറ്റുകളും പാറക്കെട്ടുകളും ഗുഹകളുമെല്ലാമായി അസംഖ്യം കാഴ്ചകളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു.
മാലദ്വീപിന്റെ വടക്കൻ ഭാഗത്താണ് ഉതീമു ഗണ്ടുവരു ദ്വീപ് സ്ഥിതി ചെയ്യുന്നത്. രൂപത്തില്‍ പച്ച നിറമുള്ള ജെല്ലിഫിഷിനോട് സാമ്യമുള്ള ഈ കൊച്ചുദ്വീപ്, മാലദ്വീപിലെ ചരിത്ര പ്രാധാന്യമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. പോർച്ചുഗീസ് നുഴഞ്ഞുകയറ്റക്കാരെ തുരത്തിയതിന് മാലിദ്വീപ് ചരിത്രത്തിൽ ആദരിക്കപ്പെടുന്ന സുൽത്താൻ മുഹമ്മദ് താക്കുറുഫാനുവിന്റെ ജന്മസ്ഥലമാണിത്. സുൽത്താൻ മുഹമ്മദിന്റെ കൊട്ടാരം ഇവിടെ സ്മാരകമായി സൂക്ഷിച്ചിരിക്കുന്നു. തടികൊണ്ട് നിര്‍മ്മിച്ച ഈ കൊട്ടാരം, മാലദ്വീപില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു പൈതൃകയിടമാണ്. കൊട്ടാരം കൂടാതെ പുരാതനമായ സെമിത്തേരിയും പുതിയ മസ്ജിദുമെല്ലാം കാണാം.
View this post on Instagram