Kerala

മാൽപെ സംഘം ഗംഗാവലിപ്പുഴയിൽ, മുങ്ങല്‍ വിദഗ്ധന്‍ നദിയിലേക്കിറങ്ങി പരിശോധന നടത്തുന്നു

നദിക്ക് നടുവിലെ മണ്‍കൂനയില്‍ നിന്നും ആഴത്തിലേക്ക് പരിശോധന നടത്താന്‍ ശ്രമിക്കുകയാണ് ലക്ഷ്യം

അർജുനെ കണ്ടെത്താൻ ഷിരൂരിൽ എത്തിയ പ്രാദേശിക മുങ്ങൽവിദ​ഗ്ധരുടെ സംഘത്തിൽ നിന്നുള്ളവർ നദിയുടെ അടിത്തട്ടിലേക്ക്. ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ ‘ഈശ്വർ മാൽപെ’ എന്ന സംഘത്തിൽ എട്ടുപേരാണുള്ളത്. ഇവരിൽ രണ്ടുപേരാണ് നദിയിൽ ഇറങ്ങി പരിശോധന നടത്തിയത്.

നദിക്ക് നടുവിലെ മണ്‍കൂനയില്‍ നിന്നും ആഴത്തിലേക്ക് പരിശോധന നടത്താന്‍ ശ്രമിക്കുകയാണ് ലക്ഷ്യം. വടമുപയോഗിച്ച് ശരീരത്തില്‍ ബന്ധിച്ച ശേഷമാണ് ഡൈവര്‍മാര്‍ ഇറങ്ങിയത്. അര്‍ജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച പോയിന്റ് നമ്പര്‍ ഫോറിലാണ് പരിശോധനകള്‍ നടക്കുന്നത്. മുങ്ങല്‍ വിദഗ്ധന്‍ രണ്ട് തവണ നദിയില്‍ മുങ്ങി പരിശോധന നടത്തി. ഇരുപതിലേറെ നിര്‍ണായക രക്ഷാദൗത്യത്തില്‍ പങ്കാളിയായിട്ടുള്ള വിദഗ്ധനാണ് ഈശ്വര്‍ മാല്‍പെ.

ഗംഗാവാലി പുഴയെ നന്നായറിയുന്ന പ്രദേശത്തെ മത്സ്യത്തൊഴിലാളി സംഘവും മാല്‍പെയുടെ സംഘത്തിനൊപ്പമുണ്ടെന്നാണ് വിവരം. അര്‍ജുന്‍ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോണ്‍ പരിശോധനയില്‍ ലഭിച്ചെന്ന് കന്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ മാധ്യമങ്ങളോട് പറഞ്ഞു.ചെരിഞ്ഞ നിലയിലാണ് ട്രക്കെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.