കഴിഞ്ഞ വർഷം ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു അനിമൽ. രൺബീർ കപൂറും രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ അനിൽ കപൂറും തൃപ്തി ഡിമ്രിയും പ്രധാന വേഷത്തിൽ എത്തിയിരുന്നു. പ്രതിനായകനായി ബോബി ഡിയോളും ചിത്രത്തിലുണ്ട്. നെറ്റ്ഫ്ലിക്സിൽ ചിത്രം സ്ട്രീം ചെയ്തതോടെ ഇന്ത്യയ്ക്ക് പുറത്തുള്ള നിരവധി സിനിമാപ്രേമികൾ ചിത്രത്തെ പ്രശംസിച്ചും വിമർശിച്ചും രംഗത്തെത്തിയിരുന്നു.
സിനിമ തിയേറ്ററിൽ എത്തിയപ്പോൾ തന്നെ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. കൂടാതെ ഒടിടി പ്ലാറ്റ്ഫോമിൽ നിന്ന് സിനിമ പിൻവലിക്കണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. വയലൻസ് കൂടുതലാണെന്നും ചിത്രം സ്ത്രീവിരുദ്ധത പ്രോത്സാഹിപ്പിക്കുന്നു എന്നതടക്കം ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നു. ഇപ്പോള്‍, സോഷ്യൽ മീഡിയയാണ് ‘അനിമൽ’ സിനിമയ്ക്ക് നെഗറ്റീവ് പബ്ലിസിറ്റി നൽകിയതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രൺബീർ.
‘സോഷ്യൽ മീഡിയയ്ക്ക് സംസാരിക്കാൻ എന്തെങ്കിലും വേണം, അതിനാൽ ഇതൊരു സ്ത്രീവിരുദ്ധ സിനിമയാണെന്ന് അവകാശപ്പെട്ട് സിനിമയെ നശിപ്പിച്ചു. ഒരുപാട് കഠിനാധ്വാനം ചെയ്താണ് സിനിമ എത്തുന്നത്. നേരിട്ടും അല്ലാതെയും ഒരുപാട് പേർ പറഞ്ഞിട്ടുണ്ട് ഈ സിനിമയിൽ അഭിനയിച്ചത് തെറ്റായി പോയെന്ന്, ഞാൻ അവരോട് ശരിക്കും യോജിക്കുന്നില്ല’ എന്നാണ് രൺബീർ പറയുന്നത്.
‘അർജുൻ റെഡ്ഡി’, ‘കബീർ സിങ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമേയത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നിരുന്നത്. എന്നാൽ സിനിമയെ സിനിമയായി കാണൂ എന്നാണ് അണിയറപ്രവർത്തകർ പ്രതികരിച്ചത്.
content highlight: animal-movie-negative-publicity-ranbir-kapoor