Agriculture

കൃഷി നിര്‍ത്തേണ്ട! വില ഉയരുന്നുണ്ട്!; കർഷകർക്ക് പ്രതീക്ഷ നൽകി ഇഞ്ചി | ginger-price-rises

കട്ടപ്പന: ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ ഇഞ്ചിയ്ക്ക് പൊന്നുംവില. ഉത്പാദനം കുറഞ്ഞതാണ് വില കുറയാൻ കാരണം. നാടൻ ഇഞ്ചിയുടെ വില 140 രൂപയായി. രണ്ടുവർഷം മുൻപ് ഇതിനു കിലോയ്ക്ക് വെറും 28 രൂപ മാത്രമാണ് ലഭിച്ചിരുന്നത്. 150 രൂപ ലഭിച്ചിരുന്ന ചുക്കിന്റെ വില 370 രൂപയായും ഉയർന്നു. ഹൈറേഞ്ചിലെ കർഷകർ കൃഷി ഉപേക്ഷിച്ചതോടെ നാടൻ ഇഞ്ചിക്ക് ക്ഷാമം അനുഭവപ്പെടുകയായിരുന്നു. കിട്ടാനില്ലാതായതോടെ വില കൂടി.

കൃഷി കുറയാൻ കാരണം പലത്

ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ മുമ്പ് വൻതോതിൽ ഇഞ്ചിയും ചുക്കും എത്തിയിരുന്നു. ഇപ്പോൾ പേരിനുമാത്രമേ എത്തുന്നുള്ളൂ. ഇടക്കാലത്ത് ഏലംവില ഉയർന്നതോടെ പലരും ഇഞ്ചിക്കണ്ടങ്ങൾ ഉഴുതുമറിച്ച് ഏലത്തട്ടകൾ നട്ടു. രണ്ടുവർഷം മുൻപ് ഇഞ്ചിവില 28 രൂപയായതോടെ ഉത്പാദനച്ചെലവുപോലും താങ്ങാൻ കഴിയാത്ത അവസ്ഥയെത്തിയിരുന്നു.

ഇഞ്ചിക്കൃഷിക്ക്‌ നടീൽമുതൽ വിളവെടുപ്പുവരെ മികച്ച പരിപാലനവും വളപ്രയോഗവും വേണം. ഏലംവില കൂടിയപ്പോൾ പണിക്കൂലി ഉയരുകയുംചെയ്തു. ഇതോടെ, മുൻവർഷങ്ങളിൽ പാട്ടത്തിന് സ്ഥലമെടുത്ത് ഇഞ്ചിക്കൃഷി ചെയ്തിരുന്നവർ ആ രീതി പൂർണമായി ഉപേക്ഷിച്ചു. കാലാവസ്ഥാവ്യതിയാനവും ചാണകം ഉൾപ്പെടെയുള്ള ജൈവവളങ്ങളുടെ വിലവർധനയും കർഷകരെ കൂടുതൽ പ്രതിസന്ധിയിലേക്ക്‌ തള്ളിവിട്ടു.

ഈ പ്രതിസന്ധികളെയെല്ലാം തരണംചെയ്ത് പതിവായി ഇഞ്ചിക്കൃഷി ചെയ്തിരുന്ന കർഷകർ വിലത്തകർച്ചയിൽ കടക്കെണിയിലുമായി. മുൻപ് വൻതോതിൽ ഇഞ്ചി കൃഷിചെയ്തിരുന്നവരിൽ പലരും ഇപ്പോൾ മറ്റു കൃഷികൾക്കൊപ്പം പേരിനുമാത്രമേ ഇത് ഉത്‌പാദിപ്പിക്കുന്നുള്ളൂ.

content highlight: ginger-price-rises