Kerala

രണ്ടാഴ്ച പിന്നിടുമ്പോഴും ലക്ഷ്യം കാണാതെ അർജുനായുള്ള തെരച്ചിൽ; കാലാവസ്ഥ അനുകൂലമെങ്കിൽ മാത്രം പുഴയിൽ തിരച്ചിൽ | Even after two weeks, the search for Arjun failed to find the target; Search in the river only if the weather is favorable

ബെംഗളൂരു: കർണാടക ഷിരൂരിൽ അങ്കോലയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാദൗത്യം തുടങ്ങിയിട്ട് ഇന്ന് രണ്ട് ആഴ്ച. പൂർണമായും അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രമേ തിരച്ചിൽ നടക്കൂ. 21 ദിവസം ഉത്തര കന്നഡയിൽ മഴ പ്രവചിച്ചതിനാലാണു ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തുന്നതിൽ പ്രതിസന്ധി. അർജുനായുള്ള തിരച്ചിൽ നിർത്തരുതെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു തിരച്ചിൽ തുടരണം. പെട്ടെന്ന് തിരച്ചിൽ നിർത്തുന്നത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. കേരള, കർണാടക സർക്കാരുകൾ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അർജുന്റെ സഹോദരി അഞ്ജു പറഞ്ഞു.

തൃശൂരിലെ ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഓപ്പറേറ്റർമാർ‌ ഉടൻ ഷിരൂരിൽ എത്തും. സ്ഥലത്തു ഡ്രഡ്ജിങ് യന്ത്രം അനുയോജ്യമാണോ എന്നു പരിശോധിക്കും. കാർഷിക സർവകലാശാലയുടെ കീഴിലാണ് ഈ യന്ത്രമുള്ളത്. ഹിറ്റാച്ചി ബോട്ടിൽ കെട്ടി നിർമിച്ചതാണ് അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ. കോൾപ്പടവുകളിൽ ചണ്ടിയും ചെളിയും വാരാനാണിത് ഉപയോഗിക്കുന്നത്. കൃഷി വകുപ്പ് വാങ്ങിയ മെഷീന് 18 മുതൽ 24 അടി വരെ താഴ്ചയുള്ളിടത്ത് ആങ്കർ ചെയ്യാൻ പറ്റും.

അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീനെ കുറിച്ച് ഉത്തര കന്ന‍ഡ കലക്ടർ കഴിഞ്ഞദിവസം തൃശൂർ കലക്ടറോട് വിവരങ്ങൾ തേടി. കുത്തൊഴുക്കുള്ള പുഴയിൽ യന്ത്രം പ്രവർത്തിപ്പിക്കാനാവുമോ എന്നത് അനുസരിച്ചാകും തിരച്ചിലിന്റെ ഭാവി. അതിനായാണ് ഓപ്പറേറ്റർമാർ ഷിരൂരിലേക്ക് പോകുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശീയപാത–66 ഇന്ന് തുറന്നുകൊടുത്തേക്കും.