World

ഗൊലാൻ കുന്നുകളിലെ റോക്കറ്റ് ആക്രമണം; തിരിച്ചടിക്കൊരുങ്ങി ഇസ്രായേൽ | Rocket attack on Golan Heights; Israel prepared to retaliate

ദുബൈ: അധിനിവിഷ്ട ഗൊലാൻ കുന്നുകളിലെ റോക്കറ്റ് ആക്രമണത്തിൽ ലബനാനു നേരെ തിരിച്ചടിക്കൊരുങ്ങി ഇസ്രായേൽ. പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഇസ്രായേൽ സുരക്ഷാ മന്ത്രിസഭാ യോഗം പ്രത്യാക്രമണം ചർച്ചചെയ്തു.

ഇസ്രായേൽ നിയന്ത്രിത ഗൊലാൻ കുന്നിൽ മ​ജ്ദ​ൽ ഷം​സി​ലെ ഡ്രൂ​സ് ടൗ​ണി​ൽ​ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഫു​ട്ബാ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ​​ നടന്ന റോക്കറ്റാക്രമണത്തിലാണ്​ 12 കുട്ടികൾ കൊല്ലപ്പെട്ടത്​. അറബി സംസാരിക്കുന്ന ഡ്രൂസ്​ മത വംശീയവിഭാഗം താമസിക്കുന്ന ഗ്രാമമാണ്​ മജ്​ദൽ ഷംസ്​. സിവിലിയൻ കേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയെന്നാരോപിച്ചാണ്​ ഹിസ്​ബുല്ലക്കും ലബനാനും എതിരെ ഇസ്രായേലി​ന്‍റെ പടയൊരുക്കം. എന്നാൽ മജ്​ദൽ ഷംസിനു നേർക്ക്​ തങ്ങൾ റോക്കറ്റ്​ അയച്ചില്ലെന്ന് ഹിസ്​ബുല്ല നേതൃത്വം ആവർത്തിച്ചു.

സംഭവത്തെ കുറിച്ച്​ അന്വേഷണം വേണമെന്ന്​ ലബനാൻ സർക്കാറും ആവശ്യപ്പെട്ടു. എന്നാൽ മറുപടി തീ കൊണ്ടായിരിക്കുമെന്ന്​ മന്ത്രി ബെൻ ഗവിർ പറഞ്ഞു. ശക്​തമായ പ്രത്യാക്രമണം ഉറപ്പാണെന്ന്​ സൈനിക നേതൃത്വവും മുന്നറിയിപ്പ്​ നൽകി. അമേരിക്കൻ പര്യടനം വെട്ടിച്ചുരുക്കി മടങ്ങിയെത്തിയ നെതന്യാഹുവിന്‍റെ അധ്യക്ഷതയിൽ മിനി സുരക്ഷാ മന്ത്രിസഭ യോഗം ചേർന്ന്​ സ്​ഥിതിഗതികൾ വിലയിരുത്തി. പ്രത്യാക്രമണത്തിന്‍റെ സമയവും സ്​ഥലവും തീരുമാനിക്കാൻ യോഗം നെതന്യാഹുവിനെയും പ്രതിരോധമന്ത്രി യോവ്​ ഗാലൻറിനെയും ചുമതലപ്പെടുത്തി.