കോഴിക്കോട്: സംസ്ഥാനത്ത് ഒരു കുട്ടിക്ക് കൂടി അമിബീക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വകാര്യാശുപത്രിയിൽ ചികിത്സയിലുള്ള നാലുവയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. പത്തു ദിവസമായി ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണ്.
പോണ്ടിച്ചേരിയിൽ നടത്തിയ വിദഗ്ദ്ധ പരിശോധനാഫലമാണ് ഇപ്പോൾ വന്നത്. സ്വകാര്യാശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നേരത്തെ രോഗം സ്ഥീരികരിച്ചിരുന്നു. കാരപ്പറമ്പ് സ്വദേശിയായ കുട്ടി ബന്ധുകൾക്കൊപ്പം രണ്ട് കുളങ്ങളിൽ കുളിച്ചിരുന്നതായാണ് വിവരം.
അതേസമയം, അമീബിക് മസ്തിഷ്കജ്വരത്തിന് വിദേശത്ത് നിന്ന് കേരളത്തിൽ മരുന്നെത്തിച്ചു. ജർമ്മനിയിൽ നിന്നാണ് ജീവൻരക്ഷാ മരുന്നായ മിൽറ്റിഫോസിൻ എത്തിച്ചത്. കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് മരുന്ന് എത്തിക്കാനുള്ള ശ്രമം തുടങ്ങിയത്. 56 മരുന്നുകളുള്ള ഒരു ബോക്സിന് 3,19,000 രൂപയാണ് വില. കൂടുതൽ മരുന്നുകൾ വരുംദിവസങ്ങളിൽ എത്തിക്കുന്നതിനുള്ള നടപടികളും ഇതോടെ ശക്തമാക്കിയിട്ടുണ്ട്.