തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ ഇടതിന് ജയം. 12 സീറ്റുകളാണ് സിൻഡിക്കേറ്റിൽ ആകെയുള്ളത്. 9 സീറ്റുകളിലാണ് മത്സരം നടന്നത്. ഇതിൽ രണ്ട് സീറ്റിൽ ബിജെപിയും ഒരു സീറ്റിൽ കോൺഗ്രസും ജയിച്ചു. മൂന്ന് ഇടതു സ്ഥാനാർത്ഥികൾ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ തവണ 12 സീറ്റും എൽ.ഡി.എഫിനായിരുന്നു. സർവകലാശാലയുടെ ചരിത്രത്തിലാദ്യമായാണ് ബി.ജെ.പി രണ്ട് സീറ്റ് നേടുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങളാണ് രാവിലെ മുതൽ അരങ്ങേറിയത്. കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിലെ തർക്കമില്ലാത്ത വോട്ടുകൾ എണ്ണി ഫലം പ്രഖ്യാപിക്കാമെന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 98-ൽ 82 വോട്ടുകൾ എണ്ണാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തർക്കമുള്ള 15 വോട്ടുകൾ എണ്ണരുതെന്നും കോടതി ഉത്തരവിൽ പറഞ്ഞു.
ഇതിനെ തുടർന്ന് വോട്ടെണ്ണൽ നടന്നപ്പോൾ 3 സീറ്റുകളുടെ ഫലം ആദ്യം പുറത്തുവന്നു. ഇതിൽ ഒരു സീറ്റ് ബി.ജെ.പിയും രണ്ട് സീറ്റുകൾ ഇടത് സംഘടനകളും നേടി. ബാക്കിയുള്ള സീറ്റുകളിലെ വോട്ടെണ്ണൽ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു. ഗവൺമെൻറ് കോളേജ് സീറ്റിലെ ഫലപ്രഖ്യാപനത്തെ ചൊല്ലി തർക്കം രൂപപ്പെട്ടതിനാലാണ് വോട്ടെണ്ണൽ താൽക്കാലികമായി നിർത്തിവച്ചത്. കോൺഗ്രസ് വോട്ട് ബിജെപിക്ക് ലഭിച്ചതായി എൽഡിഎഫ് ആരോപിച്ചു.
സർവകലാശാല ജീവനക്കാരുടെ പ്രതിനിധിയായി അജയ് ഡി.എൻ തെരഞ്ഞെടുക്കപ്പെട്ടു. ഇടത് സംഘടനാ പ്രതിനിധിയാണ് അജയ്. വോട്ടെണ്ണലിനിടെ ഗവൺമെന്റ് കോളേജ് വിഭാഗത്തിൽ നിന്നുള്ള റഹീമിന്റെ വിജയത്തെ ചൊല്ലി തർക്കം ഉണ്ടായിരുന്നു. രാജീവ് കുമാർ, പ്രമോദ്, വിനോദ് കുമാർ, അജയ്, റഹീം, പ്രകാശ്, ലെനിൻ, നസീഫ്, മനോജ് എന്നിവരാണ് സിൻഡിക്കേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിപിഐഎം പ്രതിനിധികൾ. 12 സീറ്റുകളുള്ള സിൻഡിക്കേറ്റിൽ ഒമ്പത് സീറ്റുകളിൽ ഇടത് പ്രതിനിധികൾ ജയിച്ചു.
ടി.ജി വിനോദ് കുമാർ, പി. സ് ഗോപകുമാർ എന്നിവരാണ് സിൻഡിക്കേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിജെപിക്കാർ. അഹമ്മദ് ഫസിലാണ് വിജയിച്ച കോൺഗ്രസ് പ്രതിനിധി. ഇന്ന് രാവിലെ 8 മണി മുതൽ 10 മണി വരെയായിരുന്നു കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് നടന്നത്.