Kerala

‘പ്രതിമയ്ക്ക് അച്യുതമേനോന്‍റെ രൂപസാദൃശ്യവുമില്ല’; ഫേസ്‌ബുക്ക്‌ പോസ്റ്റുമായി മകന്‍ രാമന്‍ കുട്ടി; വെട്ടിലായി സിപിഐ

തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ പോകുന്ന മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്‍റെ പ്രതിമയ്ക്ക് അദ്ദേഹത്തിന്‍റെ യാതൊരു രൂപസാദൃശ്യവുമില്ലെന്ന് മകന്‍ ഡോ രാമന്‍ കുട്ടി. പ്രതിമയിലെ രൂപസാദൃശ്യമില്ലായ്മ നേരത്തെ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇപോള്‍ ഇതാ, ഇത് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്‍റെ മകന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഭാവി തലമുറ കാണേണ്ടത് അച്യുതമേനോന്റെ യഥാര്‍ത്ഥ മുഖമാണെന്നും പ്രതിമയിലെ മുഖമല്ലെന്നുമുള്ള വിമര്‍ശനമാണ് വി രാമന്‍കുട്ടി ഉയര്‍ത്തുന്നത്. ഇതോടെ സിപിഐ നേതൃത്വവും വെട്ടിലായി.

മന്ത്രി ജി.ആര്‍.അനിലാണ് പ്രതിമയുടെ നിര്‍മ്മാണത്തിന്റെ ചുമതല വഹിച്ചിരുന്നത്. പഴയ ബ്ലാക്ക് വൈറ്റ് ഫോട്ടോകള്‍ ആശ്രയിച്ചാണ് ഉണ്ണി കാനായി, അച്ചുതമേനോന്റെ പൂര്‍ണകായ വെങ്കലശില്‍പം നിര്‍മ്മിച്ചത്. പക്ഷേ പ്രതിമയ്ക്ക് മുന്‍ മുഖ്യമന്ത്രിയുടെ മുഖസാദൃശ്യമില്ലെന്നത് വസ്തുതയാണ്. ഇതാണ് അദ്ദേഹത്തിന്റെ മകനും ചര്‍ച്ചയാക്കുന്നത്.

 

രാമന്‍ കുട്ടിയുടെ പോസ്റ്റിനു താഴെ നിരവധി പേര്‍ അഭിപ്രായം രേഖപ്പെടുത്തി.
‘പ്രതിമ കണ്ടവർക്കെല്ലാം ഇതേ അഭിപ്രായം തന്നെയായിരിക്കും. ശില്പത്തിൻ്റെ മുഖം മാറ്റി നിർമ്മിക്കുന്നതാണുചിതം. ശരിക്കു ചെയ്യാൻ കഴിയില്ലെങ്കിൽ ചെയ്യാതിരിക്കുന്നതാണ് നല്ലത്’, എന്ന് ആള്‍ക്കാര്‍ ആവശ്യപ്പെട്ടു.

പ്രതിമ ഒരുക്കുന്നതിന് മുൻപേ കുടുംബാംഗങ്ങളുമായി സംസാരിച്ച് വേണ്ട നിർദേശങ്ങളും മറ്റും തേടിയിരുന്നു എങ്കിൽ ഇത് പോലെ സംഭവിക്കില്ലായിരുന്നു, എന്നും മറ്റു ചിലര്‍ ചൂണ്ടിക്കാട്ടി.

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതിമ നാളെ അനാവരണം ചെയ്യും. ഒരു വര്‍ഷം കൊണ്ടാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ഉണ്ണി കാനായി ശില്‍പം പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സ്ഥാപിച്ച ഗുരുദേവ പ്രതിമയുടെ ശില്‍പിയെക്കുറിച്ചുള്ള അന്വേഷണമാണ് സി.പി.ഐ ജില്ലാ സെക്രട്ടറിയായിരുന്ന ജി.ആര്‍.അനിലിനെ ഉണ്ണി കാനായിയില്‍ എത്തിച്ചത്. ഇതിന് അടുത്താണ് അച്യുതമേനോന്റേയും പ്രതിമ സ്ഥാപിക്കുന്നത്.