വയനാട് ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ 12 ക്യാമ്പുകള്‍ തദ്ദേശവകുപ്പു തുറന്നു. ലയങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്. കുടിവെള്ളം, ഭക്ഷണമടക്കം എല്ലാ സംവിധാനങ്ങളും ലഭ്യമാക്കുന്നുണ്ട്. ദുരിതാശ്വാസ മേഖലയില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് തദ്ദേശ വകുപ്പുമന്ത്രി എം.ബി. രാജേഷ് അറിയിച്ചു. സാഹചര്യം വിലയിരുത്തി ഉത്തരവിന് കാത്തുനില്‍ക്കാതെ നടപടി സ്വീകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാമ്പുകള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ എത്തിക്കാന്‍ സമീപത്ത് തദ്ദേശസ്ഥാപനങ്ങളുടെ സഹായം കൂടി തേടുന്നുണ്ട്.
വയനാട്ടിലുണ്ടായ സംഭവം വേദനാജനകമാണ്. ദുരന്തത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിവരികയാണ്. രക്ഷാപ്രവര്‍ത്തനത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നേതൃപരമായ ഇടപെടല്‍ നടത്തും. ദുരന്ത സാധ്യതാ പ്രദേശങ്ങളില്‍ ഉള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാന്‍ ദുരന്ത നിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. ക്യാമ്പുകളിലുള്ളവര്‍ക്കും ഒറ്റപ്പെട്ട് പോയവര്‍ക്കും ശുദ്ധമായ കുടിവെള്ളം, ഭക്ഷണം മറ്റു സൗകര്യങ്ങള്‍ എന്നിവ അടിയന്തിരമായി ലഭ്യമാക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത സ്ഥലത്തെ പ്രവര്‍ത്തനങ്ങളിലും ക്യാമ്പ് നടത്തിപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.
ക്യാംപുകളിലേക്ക് ആവശ്യമായ സാധന സാമഗ്രികളും മനുഷ്യ വിഭവശേഷിയും എത്തിക്കുന്നതിന് ക്യാമ്പ് നിലനില്‍ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം കൂടാതെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ശ്രദ്ധിക്കണം. മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ ആവശ്യമെങ്കില്‍ പുനര്‍വിന്യസിക്കുന്നതിന് ജില്ലാ ജോയിന്റ് ഡയറക്ടര്‍മാര്‍ ആവശ്യമായ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് വയനാട് കൂടാതെ മറ്റ് എല്ലാ ദുരന്ത സാധ്യതാ മേഖലകളിലും ജനപ്രതിനിധികളും തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും മഴക്കെടുതിയെ നേരിടാന്‍ രംഗത്തിറങ്ങണം.
എല്ലായിടങ്ങളിലും ഒഴുകി വരുന്ന മാലിന്യം, ചെളി, മറ്റ് വസ്തുക്കള്‍ എന്നിവ നീക്കം ചെയ്യുന്നതിനും മലിന ജലം കലര്‍ന്ന കിണറുകള്‍ വൃത്തിയാക്കിയെടുക്കുന്നതിനും റോഡുകളിലെ തടസങ്ങള്‍ നീക്കുന്നതിനും ഉള്‍പ്പെടെയുള്ള നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ടതാണ്. വിവിധ ക്യാമ്പുകളിലേക്കുള്ള സാധനങ്ങളും മറ്റും ആവശ്യാനുസരണം എത്തിക്കാന്‍ ആവശ്യമായ മുന്‍കൂര്‍ നടപടികള്‍ സ്വീകരിക്കണം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ഉണര്‍ന്നു പ്രവര്‍ത്തിക്കണം.
CONTENT HIGHLIGHTS;Churalmala Landslide: Focused Rescue Operations: 12 Camps Opened; Action to provide drinking water and food