Features

മുന്‍കൂട്ടി അറിയാന്‍ കഴിയമോ ?: ജീവനെടുക്കുന്ന ഉരുള്‍ പൊട്ടലിനെ ? / Can it be predicted?: A life-threatening fracture?

മഴപെയ്താല്‍ ദുരന്തമാകുന്ന കേരളത്തെ രക്ഷിക്കാന്‍ ഒരു വഴിയുമില്ലേ. അതാണ് സാധാരണക്കാരുടെ ചോദ്യം. ദുരന്തം പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിട്ടി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും, ദുരന്തത്തിന് കുറവില്ല എന്നതാണ് സത്യം. മണ്ണിടിച്ചിലും, മലവെള്ളപ്പാച്ചിലും, ഉരുള്‍ പൊട്ടലുമെല്ലാം ജനങ്ങലുടെ ജീവനെടുക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ എന്തു ചെയ്യുകയായിരുന്നു. പണ്ടൊക്കെ മഴ പെയ്യുന്നത് കാണാന്‍ തന്നെ വലിയ രസമായിരുന്നു. എന്നാല്‍ ഇപ്പോള്‍, ആകാശത്ത് മഴ കറുത്താല്‍ നെഞ്ചിനുള്ളില്‍ തീയാണ്. പ്രത്യേകിച്ച് മലയോര മേഖലകളില്‍ ഉള്ളവര്‍ക്ക്. ഇതെന്തുകൊണ്ടാണ് സംഭവിക്കുന്നത്.

ഉരുള്‍പൊട്ടലിനെ കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ. മണ്ണിടിച്ചില്‍ മുന്‍കൂട്ടി അറിയാന്‍ കഴിയുമോ. ഈ ചോദ്യങ്ങളാണ് ജനങ്ങള്‍ക്ക് ചോദിക്കാനുള്ളത്. ഉരുള്‍ പൊട്ടല്‍ മുന്‍കൂട്ടി അറിയാന്‍ കഴിയുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ആധുനികോപകരണങ്ങളുടെ സഹായത്താല്‍ ഉരുള്‍പൊട്ടല്‍ സാധ്യത നിരീക്ഷിക്കാനും പ്രവചിക്കാനും കഴിയുമെന്ന് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ (ജി.എസ്.ഐ). ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉരുള്‍പൊട്ടല്‍ ദുരന്ത നിവാരണം സാധ്യമാണ്. ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളെ കുറിച്ചുള്ള ഭൂപടനിര്‍മ്മാണം അടക്കം ജി.എസ്.ഐ പൂര്‍ത്തിയാക്കിയിട്ടുമുണ്ട്.

ഉരുള്‍പൊട്ടല്‍ സാധ്യത കണ്ടെത്താനും നിയന്ത്രിക്കാനുമുള്ള മാര്‍ഗങ്ങളെ കുറിച്ച് ജി.എസ്.ഐ കേരള യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇതുസംബന്ധിച്ച ശില്‍പ്പശാലയം ഈവര്‍ഷം ആദ്യം നടന്നിരുന്നു. വനനശീകരണവും ചെങ്കുത്തായ പ്രദേശങ്ങളിലെ ആസൂത്രണമില്ലാത്ത അശാസ്ത്രീയ നിര്‍മ്മാണവും അനുചിതമായ ഭൂവിനിയോഗ രീതികളുമാണ് കേരളത്തില്‍ ഉരുള്‍പൊട്ടല്‍ അപകടങ്ങള്‍ക്ക് പിന്നില്‍. പശ്ചിമഘട്ട മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത, കാലാവസ്ഥാ ഘടകങ്ങള്‍, ചെങ്കുത്തായ ഭൂമിയുടെ ചെരിവ്, തീവ്രമഴ, സങ്കീര്‍ണ്ണമായ ഭൗമഘടന എന്നിവ മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കുന്നു. ചെങ്കുത്തായ പ്രദേശങ്ങളിലെ സ്വാഭാവിക സസ്യജാലങ്ങളുടെ നശീകരണവും മാനുഷിക ഇടപെടലുകളും മണ്ണിനെയും പാറകളെയും ദുര്‍ബലമാക്കും.

ഉരുള്‍പൊട്ടല്‍ പഠനങ്ങള്‍ക്കുള്ള നോഡല്‍ ഏജന്‍സിയെന്ന നിലയിലാണ് ജി.എസ്.ഐ ദുരന്തനിവാരണ ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചത്. അതേസമയം, കേരളത്തില്‍ ഉരുള്‍പൊട്ടലും മലയിടിച്ചലും സംഭവിക്കാന്‍ സാദ്ധ്യതയുള്ള സ്ഥലങ്ങളുടെ മാപ്പ്, നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യയിലൂടെ തയ്യാറാക്കുന്നതില്‍ കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയിലെ (കുഫോസ്) ശാസ്ത്രജ്ഞര്‍ വിജയിച്ചു. 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ നടത്തിയ ബഹിരാകാശ നിരീക്ഷണ ഫലങ്ങളില്‍ നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയ ഡീപ് ലേണിങ്ങ് ടെക്‌നോളജി ഉപയോഗിച്ച് നടത്തിയ അപഗ്രഥത്തിന് ഒടുവിലാണ് കേരളത്തിന്റെ ഉരുള്‍പൊട്ടല്‍ സാദ്ധ്യത മാപ്പ് കൃത്യമായി തയ്യാറാക്കിയത്.

കുഫോസിലെ ക്‌ളൈമറ്റ് വാരിയബിലിറ്റി ആന്റ് അക്വാറ്റിക് ഇക്കോ സിസ്റ്റംസ് വിഭാഗം മേധാവി ഡോ. ഗിരീഷ് ഗോപിനാഥാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. ഗവേഷണ വിദ്യാര്‍ത്ഥിയായ എ.എല്‍. അച്ചുവും പഠനത്തില്‍ പങ്കെടുത്തു. പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റിയോറോളജിയും അമേരിക്കയിലെ മിഷിഗണ്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയും പഠനത്തിന് സാങ്കേതിക സഹായം നല്‍കിയിരുന്നു. പഠന റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ 13 ശതമാനം പ്രദേശങ്ങള്‍ ഉയര്‍ന്ന തോതില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇതില്‍ ഭൂരിഭാഗം പ്രദേശങ്ങളും.

കനത്ത മഴയോടൊപ്പം അശാസ്ത്രീയമായ ഭൂവിനിയോഗം, റോഡ് നിര്‍മ്മാണത്തിനായി കുത്തനെ മല ഇടിക്കുന്നത്, വന്‍തോതിലുള്ള മണ്ണെടുപ്പ്, നദികളുടെ ഒഴുക്കിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ എന്നിവയാണ് ഈ ജില്ലകളില്‍ അടിക്കടിയുണ്ടാകുന്ന ഉരുള്‍പൊട്ടലിന് കാരണം. 2018 ലെ പ്രളയത്തിന് കാരണമായ മഴ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൂശ്ശൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാദ്ധ്യത 3.46 ശതമാനം വര്‍ദ്ധിപ്പിച്ചതായി പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ ഹൈറേഞ്ചുകളില്‍ 600 മീറ്ററിന് മുകളില്‍ ഉയരമുള്ള സ്ഥലങ്ങളില്‍ 31 ശതമാനവും ഉരുള്‍പൊട്ടലിന്റെ ഭീഷണിയാണ്.

ഇതില്‍ തന്നെ 10 ഡിഗ്രി മുതല്‍ 40 ഡിഗ്രി വരെ ചരിവുള്ള പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി തോത് വളരെ കൂടുതലാണ്. അശാസ്ത്രീയമായ ഭൂവിനിയോഗവും മണ്ണെടുപ്പും തടയുക മാത്രമാണ് ഇവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഒഴിവാക്കാനുള്ള പോംവഴി. ചുറ്റുപാടിനെ നിരീക്ഷിക്കുന്നതിലൂടെ വലിയൊരു പരിധിവരെ മണ്ണിടിച്ചില്‍ സാധ്യത തിരിച്ചറിയാന്‍ സാധിക്കും. മണ്ണിടിച്ചിലിന് തൊട്ടുമുമ്പായി വലിയ മുഴക്കമുള്ള ശബ്ദം കേള്‍ക്കാറുണ്ട്. ഭൂകമ്പസമയത്തും മറ്റുമുണ്ടാകുന്ന തരത്തിലുള്ള ഈ ശബ്ദം അന്തരീക്ഷത്തില്‍ മുഴങ്ങും. ഭീകരമായ ഈ ശബ്ദം ഭൂമിയുടെ ഘടന മാറുമ്പോള്‍ അന്തരീക്ഷത്തില്‍ സൃഷ്ടിക്കപ്പെടുന്നതാണ്.

യുഎസ്സില്‍ നടന്ന ഒരു പഠനത്തിലൂടെ ഗവേഷകര്‍ മനസ്സിലാക്കിയത് ഈ വലിയ ശബ്ദം ദിവസങ്ങളായി പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്ന ചെറിയ ചെറിയ ശബ്ദങ്ങളുടെ അവസാനമായിട്ട് വരുന്നതാണ്. മാസങ്ങള്‍ക്കും ആഴ്ചകള്‍ക്കു മുമ്പു തന്നെ ഭൂമി ഒരു ഇടിച്ചിലിന് തയ്യാറെടുക്കുന്നുണ്ടാകും. ഈ സമയത്ത് അതിസൂക്ഷ്മമായ ശബ്ദങ്ങള്‍ അന്തരീക്ഷത്തില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. മനുഷ്യന്റെ ചെവികള്‍ക്ക് ആ സൂക്ഷ്മസ്വരങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയില്ല. മണ്ണിടിച്ചിലിന് ഏറെ മുമ്പുണ്ടാകുന്ന ഈ സൂക്ഷ്മശബ്ദങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന ഒരുപകരണം വികസിപ്പിച്ചെടുത്താല്‍ വലിയ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

ഇംഗ്ലണ്ടിലെ ലാബറോ സര്‍വ്വകലാശാലയിലെ എന്‍ജിനീയര്‍മാര്‍ ഈയിടെ ശ്രദ്ധേയമായ ഒരു ഉപകരണം വികസിപ്പിച്ചെടുത്തു. മണ്ണിനടിയിലൂടെ പോകുന്ന വെള്ള പൈപ്പുകളും എണ്ണ പൈപ്പുകളും ഗ്യാസ് പൈപ്പുകളുമെല്ലാം തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ ഉപകരിക്കുന്ന ഒരു ഉപകരണമാണിത്. മണ്ണിടിച്ചിലോ മറ്റേതെങ്കിലും പ്രശ്‌നങ്ങളോ സംഭവിച്ചാല്‍ ഈ സംവിധാനങ്ങളെല്ലാം തകരും. മണ്ണിനടിയിലുണ്ടാകുന്ന ഇത്തരം ചലനങ്ങളെ നേരത്തേക്കൂട്ടി മനസ്സിലാക്കാന്‍ സൂക്ഷ്മശബ്ദങ്ങളെ പിടിച്ചെടുക്കുന്ന ഒരു ഉപകരണമാണിത്. അന്യശബ്ദങ്ങള്‍ വേര്‍തിരിച്ച് നീക്കം ചെയ്ത് പ്രശ്‌നകാരിയായ വല്ല ശബ്ദവുമുണ്ടെങ്കില്‍ അത് നമ്മെ അറിയിക്കും. ഈ സാങ്കേതികത മണ്ണിടിച്ചില്‍ നേരത്തേക്കൂട്ടി തിരിച്ചറിയാന്‍ ഉപയോഗിക്കാവുന്നതാണ്.

മണ്ണിനടിയിലെ ചലനങ്ങള്‍ വളരെ ചെറുതായിരിക്കും. എന്നാല്‍ മണ്‍തരികള്‍ പരസ്പരം ഉരയുന്നതിലൂടെ സൂക്ഷ്മമായ ശബ്ദങ്ങള്‍ പുറത്തേക്ക് വരും. മണ്ണിലെ ചലനം വര്‍ദ്ധിക്കുംതോറും ഈ ശബ്ദവും വര്‍ദ്ധിക്കും. മണ്ണിടിച്ചില്‍ സാധ്യതയുള്ള, ദുര്‍ബ്ബലമായ പ്രദേശങ്ങളെ തിരിച്ചറിയാന്‍ നിലവില്‍ നമുക്ക് കഴിയും. ഇത്തരം സ്ഥലങ്ങളില്‍ എത്രയളവില്‍ മഴ പെയ്താല്‍ മണ്ണിടിച്ചില്‍ സംഭവിക്കാമെന്ന് കണക്കു കൂട്ടി വെക്കാന്‍ കഴിഞ്ഞാല്‍ വലിയ ദുരന്തങ്ങള്‍ ഒഴിവാക്കാനാകും. മണ്ണിനടിയില്‍ ജലം കനംകൂടി സൃഷ്ടിക്കുന്ന സമ്മര്‍ദ്ദത്തെ അളക്കാന്‍ പീസോമീറ്ററുകള്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാം.

മണ്ണിടിച്ചില്‍ തുടങ്ങുന്നതിനു മുമ്പ് വലിയ ശബ്ദങ്ങള്‍ കേള്‍ക്കും. ഇതാണ് നിലവില്‍ നമുക്ക് മുമ്പിലുള്ള ഏക ആശ്രയം. സാങ്കേതികമായ പരിമിതികളെ മറികടക്കാന്‍ നമുക്ക് ഭാവിയില്‍ കഴിഞ്ഞേക്കാം. അതുവരെ പ്രകൃതി നല്‍കുന്ന സൂചനകളെ തിരിച്ചറിയാന്‍ ശ്രമിക്കണം. നദികളിലെ വെള്ളം പെട്ടെന്ന് അസാധാരണമായ രീതിയില്‍ കലങ്ങി ഒഴുകുന്നതും മണ്ണിടിച്ചിലിന്റെ സൂചനയാകാം. മരംകൊണ്ട് നിര്‍മിച്ച വാതിലുകളും ജനാലകളുമെല്ലാം പെട്ടെന്നൊരു ദിവസം അടയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നുവെങ്കില്‍ ഭൂമിയുടെ ഘടനയില്‍ മാറ്റം വരുന്നുണ്ടെന്ന് ഊഹിക്കാം. റോഡിലും മറ്റിടങ്ങളിലുമെല്ലാം വിള്ളല്‍ ദൃശ്യമാകുന്നുവെങ്കിലും ശ്രദ്ധിക്കണം. മുമ്പില്ലാത്ത ചെറു നീരൊഴുക്കുകള്‍ രൂപപ്പെടുന്നതും അപകടത്തിന്റെ സൂചനയാണ്.

ഭൂമികുലുക്കം പോലുള്ള പ്രകൃതി ദുരന്തങ്ങളെ അപേക്ഷിച്ച് മണ്ണിടിച്ചില്‍ ദുരന്തങ്ങള്‍ വളരെക്കുറച്ചേ പഠിക്കപ്പെട്ടിട്ടുള്ളൂ എന്നതാണ് വസ്തുത. മഴവീഴ്ചയുടെ സാറ്റലൈറ്റ് കണക്കെടുപ്പു വഴി മണ്ണിടിച്ചില്‍ സാധ്യത പ്രവചിക്കാന്‍ നാസ ശ്രമം നടത്തി വരുന്നുണ്ട്. ഇതിന്റെ കൃത്യത വര്‍ദ്ധിപ്പിക്കണമെങ്കില്‍ ഇനിയുമേറെ പഠിക്കേണ്ടതുണ്ട്. മണ്ണിടിച്ചിലിന് ഏറെ സാധ്യതയുള്ള പ്രദേശമാണ് കേരളം. കോവിഡ് പഠനം നാം ഏറ്റെടുത്തതു പോലെ മണ്ണിടിച്ചില്‍ പഠനങ്ങളെയും ഏറ്റെടുക്കേണ്ടത് ആവശ്യമായി മാറിയിരിക്കുന്നു.

 

CONTENT HIGHLIGHTS; Can it be predicted?: A life-threatening fracture?