കല്പറ്റ: കേരളം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തമാണ് ചൂരല്മലയിലുണ്ടായതെന്ന് മന്ത്രി ഒആര്‍ കേളു. ഇതിനുമുമ്പും ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്ര ഭീകരമായ ദുരന്തത്തിന് കേരളം സാക്ഷ്യംവഹിച്ചിട്ടില്ലെന്നും സംഭവസ്ഥലത്തെത്തിയ മന്ത്രി പ്രതികരിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളോ മറ്റ് മാര്‍ഗങ്ങളോ ഒന്നും ഇല്ലാതിരുന്നിട്ടും നാട്ടുകാരും പൊതുസമൂഹവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ഇവിടെ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഇതുവരെ കണ്ടെത്തിയ പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ വലിയ പ്രയാസകരമാണെന്നും മന്ത്രി പറഞ്ഞു.
‘നിരവധിയാളുകളെ കണ്ടുക്കിട്ടുന്നില്ല, പലയാളുകളും വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ടുക്കിടക്കുന്നുണ്ട്. കന്നുകാലികൾ, വീടുകൾ, സ്കൂളുകൾ അങ്ങനെ പലതിനും നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലും ചെറിയ ആശ്വാസമെന്നത് ദുരന്തമുഖത്ത് വയനാട്ടിലെ ആളുകൾ മുഴുവൻ ഒരുമിച്ച് നിൽക്കുന്നു എന്നതാണ്. ശരീരവും മനസ്സും മറന്ന് അവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. തകർന്നുകിടക്കുന്ന കെട്ടിടങ്ങൾക്കിടയിലാണ് ഒരുപാടാളുകൾ കിടക്കുന്നത്. ഒരോ ഭാഗത്തുനിന്ന് അത് പരിശോധിച്ച് വരുന്നു. അങ്ങനെ നടത്തുന്ന പരിശോധനയിൽ ചില മൃതദേഹങ്ങൾ ലഭിക്കുന്നുണ്ട്’ മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാർ തലത്തിൽ കളക്ടർ ഉൾപ്പെടെയുളള ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ നേരിടുന്ന വലിയ വെല്ലുവിളി ഉരുൾപ്പൊട്ടിയ പുഴയുടെ തോടിന്റെ മറുവശത്ത് കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിലാണ്. ഏകദേശം 150 ലധികം പേർ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മനസിലാക്കുന്നത്. ആ ഭാഗത്തേക്ക് എത്തിപ്പെടാൻ സഞ്ചാരയോഗ്യമായ റോഡ് ഇല്ലാത്തതാണ് വലിയ വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.