Kerala

വയനാടിനെ സഹായിക്കണ്ടേ നമുക്ക് ? : CMDRFല്‍ മാത്രം സംഭാവന നല്‍കുക; എന്താണ് CMDRF ? /Shouldn’t we help Wayanad? : Donate only in CMDRF; What is CMDRF?

പരാതികളും പരിഭവങ്ങളും വിരോധവും എതിര്‍പ്പുമൊക്കെയുണ്ടാവാം. പക്ഷെ, ദുരന്തമുഖത്ത് നമ്മള്‍ കൈകോര്‍ത്ത് നിന്ന് ദുരന്തബാധിതരെ രക്ഷിക്കുകയാണ് വേണ്ടത്. അത് ഒരാളെ കൊണ്ടു മാത്രമോ, ഒരു സന്നദ്ധ സംഘടനയെ കൊണ്ടു മാത്രമോ സാധിക്കില്ല. ഒരുമിച്ചുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. അതിന് കഴിയുന്ന ഒരേയൊരു സംവിധാനം മാത്രമേ രാജ്യത്തുള്ളൂ. അതാണ് സര്‍ക്കാര്‍. അവിടെ രാഷ്ട്രീയമോ, മതമോ, ജാതിയോ ഒന്നും നോക്കി നില്‍ക്കാതെ സര്‍ക്കാരിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് സേവനം. സര്‍ക്കാര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ, ചിലവ്യക്തികളുടെയോ അല്ലാതാകുന്നതും ഇത്തരം ദുരന്ത മുഖങ്ങളിലാണ്.

എല്ലാ ജനങ്ങളെയും ചേര്‍ത്തു നിര്‍ത്തി, സഹകരണങ്ങള്‍ സ്വീകരിച്ച് ദുരന്ത ബാധിതരെ സംരക്ഷിക്കുന്നു. വയനാടും നമുക്കത് തെളിയിക്കണം. ചൂരകല്‍മലയെയും അവിടുത്തെ നാട്ടുകാരുടെ മുണ്ടക്കൈ സിറ്റിയും തിരിട്ടു നല്‍കാനാകണം. അവിടെ പൊലിഞ്ഞ 150ഓളം ജീവനകുള്‍ക്ക് പകരമാകില്ലെങ്കിലും, ഇനിയും ജീവിക്കാനുള്ളവരെ സംരക്ഷിച്ചും ധൈര്യം നല്‍കിയും കൂടെയുണ്ടെന്ന് തെളിയിച്ചും ഒപ്പം നില്‍ക്കണ്ടത് അത്യാവശ്യമാണ്. അതിനാണ് വയനാടിനെ സഹായിക്കാന്‍ സന്നദ്ധരാകുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സി.എം.ഡി.ആര്‍.എഫ്) സംഭാവന നല്‍കാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു മാത്രം സംഭാവന നല്‍കാന്‍ പറയുന്നതിനു കാരണം, അത് നമ്മുടെ സര്‍ക്കാരായതു കൊണ്ടാണ്. സര്‍ക്കാരിനു മാത്രമേ ഇത്രയും വലിയ ദുരന്തമുഖത്ത് എന്തെങ്കിലും ചെയ്യാനാകൂ എന്നതു കൊണ്ടാണ്. സന്നദ്ധ സംഘടനകളോ, വ്യക്തികളോ സ്വന്തമായി നല്‍കുന്ന സംഭാവനകള്‍ എല്ലാവരിലും എത്തിപ്പെടില്ല എന്നതു കൊണ്ടാണ്. അത്തരം സംഘഠനകലും, വ്യക്തികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ എത്തിക്കുകയാണ് വേണ്ടത്. സോഷ്യല്‍ മീഡിയകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ വിശ്വാസമില്ലെന്നും, സംഭാവന ചെയ്യരുതെന്നുമുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അത്തരം ഒറ്റപ്പെട്ട പ്രചാരണങ്ങളെ മുഖവിലയ്ക്ക് എടുക്കാതിരിക്കുക.

സര്‍ക്കാരിനേക്കാള്‍ വിശ്വാസ്യതയുള്ള മറ്റേത് സംഘടനയാണ് ജനങ്ങള്‍ക്കുള്ളത്. സര്‍ക്കാര്‍ നമ്മുടേതായിരിക്കുന്നതു വരെ മറ്റെല്ലാ പ്രാചരണങ്ങളും അസ്ഥാനത്തു തന്നെയാണ്. പക്ഷപാതിത്വമോ, വ്യക്തി കേന്ദ്രീകൃതമോ ആകാതെ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം സഹായം എത്തണമെങ്കില്‍ സര്‍ക്കാരിന്റെ സംവിധാനത്തിനു മാത്രമേ സാധിക്കൂ. അതില്‍ പിഴവുകളോ, പരാതികളോ ഉണ്ടെങ്കില്‍ അതെല്ലാം പരിഹരിക്കാന്‍ ഇടപെടലുകള്‍ നടത്താവുന്നതുമാണ്. അല്ലാതെ വയനാട് ദുരന്തത്തിന്റെ പേരില്‍ മറ്റൊരു സംഘടനകളോ, വ്യക്തികളോ, ക്ലബ്ബുകളോ സാമ്പത്തികമായി സംഭാവനകള്‍ സ്വീകരിക്കാതിരിക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയേക്കാള്‍ വിശ്വസിക്കാന്‍ കഴിയുന്ന മറ്റൊരു നിധിയില്ലെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്.

 

അറിയണം എന്താണ് CMDRF ?

പ്രകൃതിദുരന്തങ്ങളില്‍ ദുരിതം അനുഭവിക്കുന്ന അര്‍ഹരായ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും, അപകടങ്ങളില്‍പ്പെട്ട് ബന്ധുക്കളുടെ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കോ ഗുരുതരമായ രോഗങ്ങളുള്ളവര്‍ക്കുള്ള വൈദ്യചികിത്സയ്ക്കോ ആശ്വാസം നല്‍കുന്നതിനുള്ള അടിയന്തര സഹായപദ്ധതിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് (CMDRF). ഈ ഫണ്ടിലേക്ക് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും എല്ലാം സംഭാവന നല്‍കാം. പണമായും ചെക്കായും ഇലക്ട്രോണിക് പെയ്മെന്റായുമൊക്കെ പണം നല്‍കാം. ഈ സംഭാവനത്തുക മുഴുവന്‍ നികുതിയിളവിന് അര്‍ഹമാണ്.

അടിസ്ഥാന ജീവിതസൗകര്യങ്ങളുടെ അഭാവത്തിനും, തീ പിടുത്തം, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, കടല്‍ മണ്ണൊലിപ്പ്, ഉരുള്‍പൊട്ടല്‍ മറ്റ് ദുരന്തങ്ങള്‍ എന്നിവ ബാധിച്ചവര്‍ക്കും ആശ്വാസം നല്‍കുന്നതിനായി രൂപീകരിച്ച ഒരു പൊതു ഫണ്ടാണ് സി.എം.ഡി.ആര്‍.എഫ്. ഒരു പൊതു സ്വഭാവമുള്ള വിദ്യാഭ്യാസ സാംസ്‌കാരിക, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍, അത്തരം ദുരന്തങ്ങളാല്‍ ബാധിക്കപ്പെടുകയും അവരുടെ സ്വത്തിനുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാനും സാധാരണ അവസ്ഥയിലേക്ക് തിരികെയെത്താന്‍ അവരുടെ സാമ്പത്തിക സ്ഥിതി അവരെ പ്രാപ്തരാക്കുന്നില്ലെങ്കില്‍ ഫണ്ടില്‍ നിന്നുള്ള സാമ്പത്തിക സഹായത്തിന് അവര്‍ക്ക് അര്‍ഹതയുണ്ട്.

പരമ്പരാഗത മേഖലയിലെ മാത്രം എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ അല്ലെങ്കില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്‌കീമുകളില്‍ ഉള്‍പ്പെടാത്ത യൂണിറ്റുകളില്‍, തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാരണത്താല്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെടുന്ന തൊഴിലാളികള്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്നും ആശ്വാസം നല്‍കാം. ഈ ഫണ്ടില്‍ നിന്നുള്ള സാമ്പത്തിക സഹായം ഗവണ്‍മെന്റിന്റെ മറ്റ് പ്രത്യേക ദുരിതാശ്വാസ പദ്ധതികളുടെ പരിധിയില്‍ വരാത്ത കേസുകളിലേക്ക് പരിമിതപ്പെടുത്തും.

മുഖ്യമന്ത്രിക്കു മാത്രം ഫണ്ടനുവദിക്കാന്‍ കഴിയില്ല ?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നാണ് പേരെങ്കിലും മുഖ്യമന്ത്രിക്ക് ഒറ്റയ്ക്ക് തീരുമാനമെടുത്ത് സി.എം.ഡി.ആര്‍.എഫ് ഫണ്ടിലേക്ക് പണം സ്വീകരിക്കാനോ ചെലവഴിക്കാനോ സാധ്യമല്ല. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ സര്‍ക്കാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി (ഫിനാന്‍സ്) ആണ് ഫണ്ട് അനുവദിക്കുന്നത്. വിവിധ ബാങ്കുകളുടെ പൂള്‍ അക്കൗണ്ടുകളില്‍ എത്തുന്ന സി.എം.ഡി.ആര്‍.എഫിലേക്കുള്ള സംഭാവനകള്‍ കൊണ്ട് ഉണ്ടാവുന്ന ഫണ്ട് ബാങ്ക് കൈമാറ്റം വഴി മാത്രമേ റിലീസ് ചെയ്യുകയുള്ളൂ. ധനകാര്യ സെക്രട്ടറിയുടെ ഒപ്പും സീലും ഉണ്ടെങ്കില്‍ മാത്രമേ ഫണ്ട് പിന്‍വലിക്കാന്‍ കഴിയൂ. ഫണ്ട് പ്രവര്‍ത്തിപ്പിക്കുന്നത് ധനകാര്യ സെക്രട്ടറിയാണെങ്കിലും, സി.എം.ഡി.ആര്‍.എഫ് നിയന്ത്രിക്കുന്നത് റവന്യൂ (ഡി.ആര്‍.എഫ്) വകുപ്പാണ്. സിഎംഡിആര്‍എഫിന്റെ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ അധികാരമുള്ള ധനകാര്യ സെക്രട്ടറിക്ക് അദ്ദേഹത്തിന്റെ വകുപ്പിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി പണം പിന്‍വലിക്കാനോ കൈമാറാനോ കഴിയില്ല.

റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മാത്രമേ ഇത് സാധ്യമാകൂ. സി.എം.ഡി.ആര്‍ ഫണ്ടില്‍ നിന്നും ഓരോ ശ്രേണിയ്ക്കും ഉദ്യോഗസ്ഥര്‍ക്കും ചെലവഴിക്കാവുന്ന തുകയുടെ അളവ് സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം നിശ്ചയിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍, റവന്യൂ സ്പെഷ്യല്‍ സെക്രട്ടറി, റവന്യൂ സെക്രട്ടറി, റവന്യൂ മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് അനുവദിക്കാവുന്ന തുക സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം നിയന്ത്രിച്ചിരിക്കുന്നു. അതിനും മുകളില്‍ ചെലവഴിക്കണമെങ്കില്‍ അത് മന്ത്രിസഭയ്‌ക്കേ സാധ്യമാവുകയുള്ളൂ. ഇപ്പോള്‍ സി.എം.ഡി.ആര്‍.എഫ് മാനേജ്‌മെന്റ് പൂര്‍ണ്ണമായും വെബ് സൈറ്റ് വഴിയാണെന്നു മാത്രമല്ല ഇത് വളരെ സുതാര്യവുമാണ്. ഡയറക്റ്റ് ബാങ്ക് ട്രാന്‍സ്ഫര്‍ സംവിധാനത്തിലൂടെ അന്തിമ ഗുണഭോക്താവിലേക്കുള്ള കൈമാറ്റം നടക്കുന്നു. വിവരാവകാശ നിയമം (ആര്‍ടിഐ) സി.എം.ഡി.ആര്‍.എഫിന് ബാധകമാണ്. മാത്രമല്ല ഇതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

വരുന്നതും പോകുന്നതുമായ ഓരോ രൂപയ്ക്കും കണക്ക് സൂക്ഷിക്കേണ്ടതായ സി.എം.ഡി.ആര്‍.എഫ് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറലിന്റെ (സിഎജി) ഓഡിറ്റിന് വിധേയവുമാണ്. സംഭാവന നല്‍കുന്ന പണമെല്ലാം ബാങ്ക് ഇടപാടായാണ് നടക്കുന്നത്. ധനകാര്യ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലാണ് പണം എത്തുന്നത്. സി.എം.ഡി.ആര്‍.എഫ് ഫണ്ടുകളുടെ ബജറ്റിംഗും ചെലവും സംസ്ഥാന നിയമസഭയുടെ പരിശോധനയ്ക്കും വിധേയമാക്കുന്നുണ്ട്. നിര്‍ദ്ദിഷ്ട ഫോര്‍മാറ്റിലുള്ള സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ വില്ലേജ് ഓഫീസുകളില്‍ ലഭിക്കും. കൂടാതെ സി.എം.ഡി.ആര്‍.എഫ് പോര്‍ട്ടല്‍, അക്ഷയ സെന്ററുകള്‍, എം.പിമാര്‍, എം.എല്‍.എമാരുടെയും ഓഫീസുകള്‍ വഴിയും ദുരിതബാധിതര്‍ക്ക് ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. അപകടമരണങ്ങളില്‍ എഫ്.ഐ.ആറും മരണ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. മെഡിക്കല്‍ ചികിത്സയ്ക്കായി യോഗ്യതയുള്ള ഒരു മെഡിക്കല്‍ ഓഫീസറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം.

ദുരന്തങ്ങളില്‍ അപകടമുണ്ടായാല്‍, ബാധിച്ച ആളുകളുടെ വിവരങ്ങള്‍ വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യുകയും തഹസില്‍ദാര്‍ വഴി കളക്ടര്‍ക്ക് കൈമാറുകയും ചെയ്യുന്നു. റവന്യൂ വകുപ്പാണ് അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നത്. എല്ലാ പ്രോസസ്സിംഗും cmdrf പോര്‍ട്ടലില്‍ ഇലക്ട്രോണിക് രീതിയിലാണ് ചെയ്യുന്നത്. ഓണ്‍ലൈന്‍ മോഡുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ അപേക്ഷകന്‍ നല്‍കിയ വിശദാംശങ്ങള്‍ സാധൂകരിക്കുന്നതിനായി ബന്ധപ്പെട്ട വില്ലേജ് ഓഫീസിലേക്ക് ഓട്ടോമാറ്റിക്കായിത്തന്നെ കൈമാറും. ഗ്രാമതലത്തില്‍ മൂല്യനിര്‍ണ്ണയത്തിന് ശേഷം എല്ലാ അപേക്ഷകളും താലൂക്ക് ഓഫീസ്, കളക്ടറേറ്റ്, ആവശ്യമെങ്കില്‍ സംഖ്യയുടെ അളവ് അനുസരിച്ച് ഇലക്ട്രോണിക് പ്രക്രിയയിലൂടെ റവന്യൂ സ്‌പെഷ്യല്‍ സെക്രട്ടറി, റവന്യൂ മന്ത്രി, മുഖ്യമന്ത്രി, മന്ത്രിസഭ എന്നിവയ്ക്ക് അയയ്ക്കും.

CMDRF അനുവദിക്കാന്‍ കഴിയുന്ന തുകയും ശ്രേണിയും

ജില്ലാ കളക്ടര്‍മാര്‍ – 10,000 രൂപ വരെ
സ്പെഷ്യല്‍ സെക്രട്ടറി (റവന്യൂ വകുപ്പ്) – 15,000 രൂപ വരെ
റവന്യൂ മന്ത്രി – 25,000 രൂപ വരെ
മുഖ്യമന്ത്രി – 3 ലക്ഷം വരെ
മന്ത്രിസഭ – 3 ലക്ഷത്തില്‍ കൂടുതല്‍ തുക

ഇങ്ങനെ വളരെ കൃത്യമായും വ്യക്തമായുമാണ് ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കാന്‍ സി.എം.ഡി.ആര്‍.എഫ് പ്രവര്‍ത്തിക്കുന്നത്. ഒരാള്‍ വിചാരിച്ചാല്‍ ഇതിലെ ഫണ്ട് മാറ്റാനാകില്ല. എന്നാല്‍, അധികാരത്തിന്റെ ബലത്തില്‍ എന്തും ചെയ്യാന്‍ കഴിയുമെന്നത് വിസ്മരിക്കുന്നില്ല. അത്തരം അധികാരങ്ങള്‍ സംഭാവന ലഭിക്കുന്ന, പാവപ്പെട്ടവരെ , ദുരിത ബാധിതരെ സഹായിക്കാന്‍ വേണ്ടി കിട്ടുന്ന പണത്തിനു മേല്‍ പ്രയോഗിക്കില്ലെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ഉയരുന്ന പ്രതിഷേധത്തെ മുഖവിലയ്‌ക്കെടുക്കുന്നില്ലെങ്കിലും, കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ വീഴ്ചകളെ ഓര്‍മ്മപ്പെടുത്താന്‍ ഉപകരിക്കും. എന്നാല്‍, അതുകൊണ്ട് വയനാടിനെ സഹായിക്കാന്‍ ആരും വിമുഖത കാട്ടരുതെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.

 

CONTENT HIGHLIGHTS; Shouldn’t we help Wayanad? : Donate only in CMDRF; What is CMDRF?