World

ഹമാസ് തലവൻ കൊല്ലപ്പെട്ടു, ആക്രമണമുണ്ടായത് ഇറാനിൽ പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്ഞയ്ക്കെത്തിയപ്പോൾ | Hamas leader ismail haniyeh killed

ടെഹ്‌റാന്‍ : ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ വെടിയേറ്റുമരിച്ചു. 61 വയസായിരുന്നു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ഇറാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനാണ് ചൊവ്വാഴ്ച ഹനിയ്യ ടെഹ്‌റാനിലെത്തിയത്. ചടങ്ങിന് മുൻപ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ബുധനാഴ്ച രാവിലെയാണ് ഹനിയ്യ താമസിച്ച കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായതെന്ന് ഇറാൻ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പ്രസ്താവനയിൽ അറിയിച്ചു. ഹനിയ്യയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു.

ഹനിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി ഹമാസ് അറിയിച്ചു. ചൊവ്വാഴ്ച ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിന് പിന്നാലെയാണ് ഹനിയെ വെടിയേറ്റ് മരിച്ചത്. ഇസ്രയേലിന്റെ വ്യോമാക്രമണത്തിലാണ് ഹനിയ കൊല്ലപ്പെട്ടതെന്ന് ഹമാസ് അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇറാന്‍ സൈനികവൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന്, ഇസ്രേയലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹനിയയെ വധിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹനിയെ കൊല്ലപ്പെട്ടതിനെക്കുറിച്ച് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

2006ല്‍ പലസ്തീനില്‍ ഹമാസ് അധികാരത്തിലെത്തിയപ്പോള്‍ ഇസ്മയില്‍ ഹനിയയാണ് പ്രധാനമന്ത്രിയായത്. 2023 മുതല്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയുടെ ചെയര്‍മാനായിരുന്നു. ഹനിയയുടെ മരണത്തില്‍ പാലസ്തിന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് അനുശോചിച്ചു.