Ernakulam

ഓണക്കാലത്ത് 50 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച് സോണി

കൊച്ചി:  കേരളത്തിലെ തങ്ങളുടെ വിപണി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 37 ശതമാനം വര്‍ധിക്കുമെന്ന് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് രംഗത്തെ മുന്‍നിര സ്ഥാപനമായ സോണി പ്രതീക്ഷിക്കുന്നു. ഇത്തവണത്തെ ഓണത്തിന് കഴിഞ്ഞ വര്‍ഷത്തെ ഓണത്തെ അപേക്ഷിച്ച് 50 ശതമാനം വളര്‍ച്ചയും സോണി പ്രതീക്ഷിക്കുന്നുണ്ട്.

 

ഇന്ത്യയില്‍ നിന്നുള്ള തങ്ങളുടെ വരുമാനം അടുത്ത ഏതാനും വര്‍ഷങ്ങളില്‍ 10,000 കോടി രൂപയാകുമെന്നും ഇന്ത്യ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയാകുമെന്നും ജപ്പാനീസ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഭീമനായ സോണി വിലയിരുത്തുന്നു.

 

2022-23 വര്‍ഷത്തില്‍ കമ്പനി 6353 കോടി രൂപയുടെ വരുമാനം രാജ്യത്തു നിന്നു കൈവരിച്ചതായി സോണി ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സുനില്‍ നയ്യാര്‍ പറഞ്ഞു. പ്രീമിയം ടെലിവിഷന്‍ വിഭാഗത്തോടൊപ്പം ഓഡിയോ, ഇമേജിങ് ഉല്‍പന്നങ്ങളും ഈ മുന്നേറ്റത്തിനു പിന്തുണ നല്‍കി.  ഗെയിമിങ് മേഖലയിലേയും ഇമേജിങ് ബിസിനസിലേയും അതിവേഗ വളര്‍ച്ച പ്രയോജനപ്പെടുത്താനും സോണി ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു. നിലവില്‍ അമേരിക്കയും ചൈനയും ജപ്പാനുമാണ് സോണിയുടെ ഏറ്റവും വലിയ മൂന്നു വിപണികള്‍ ഇതിനു പിന്നിലായി ഇന്ത്യയുമുണ്ട്. ഇന്ത്യ ഉടന്‍ തന്നെ മൂന്നാം സ്ഥാനത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുനില്‍ നയ്യാര്‍ പറഞ്ഞു.

 

ടിവി ബിസിനസായിരിക്കും കമ്പനിയുടെ വളര്‍ച്ചയ്ക്ക്  പ്രാഥമിക പിന്തുണ നല്‍കുക. അതേ സമയം സൗണ്ട് ബാറുകളും പാര്‍ട്ടി സ്പീക്കറുകളും വയര്‍ലെസ് ഹെഡ്ഫോണുകളും ബഡ്സുകളും അടക്കമുള്ളവയുമായി ഓഡിയോ ബിസിനസും മികച്ച പിന്തുണ നല്‍കും. പരമ്പരാഗത ഓഡിയോ എന്നതില്‍ നിന്ന് ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ പിന്തുണയോടെ പുതുതലമുറയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാകും നടത്തുക.