മാസങ്ങള്‍ക്കു മുമ്പ് മുണ്ടക്കൈയിലെ സ്റ്റേ റൂമില്‍ താമസം ആരംഭിച്ചിരുന്നെങ്കില്‍ ഇന്നലെ ഞങ്ങളുടെ ജഡം ചാലിയാര്‍ പുഴയില്‍ പൊങ്ങിയേനേ. അതും പറഞ്ഞുകൊണ്ട് മുഹമ്മദ് കുഞ്ഞ് ഒന്നു ചിരിച്ചു. പക്ഷെ, ആ ചിരിയില്‍ ഒളിപ്പിച്ചത്, ഉരുള്‍പൊട്ടലിന്റെ മരണ താണ്ഡവം ചുറ്റിനും കണ്ടതിന്റെ നടുക്കമാണെന്ന് മനസ്സിലാക്കാന്‍ പെട്ടെന്നു കഴിഞ്ഞു. മുഹമ്മദ് കുഞ്ഞ് ആരെന്നല്ലേ ?. കല്‍പ്പറ്റ-മുണ്ടക്കൈ റൂട്ടില്‍ ഓടുന്ന സ്‌റ്റേ ബസ് RAK 843ലെ കണ്ടക്ടറാണ് സി.കെ മുഹമ്മദ് കുഞ്ഞ്. മുണ്ടക്കൈയില്‍ പൊട്ടിയ ഉരുള്‍, ചൂരല്‍മലയിലെ പാലം തകര്‍ത്ത് മരണം വിതച്ചതോടെ മുഹമ്മദ് കുഞ്ഞും, ഡ്രൈവര്‍ പി.ജി. സജിത്തും അവിടെ കുടുങ്ങുകയായിരുന്നു.
തുടര്‍ന്ന് സൈന്യമെത്തി താത്ക്കാലിക പാലം നിര്‍മ്മിച്ചപ്പോഴാണ് ഇന്നലെ വൈകിട്ടോടെ പുറം ലോകത്തെത്താന്‍ സാധിച്ചത്. ഉരുള്‍പൊട്ടലിന്റെ ഹൃദയഭേദകമായ കാഴ്ചകള്‍ കണ്ട ദൃക്‌സാക്ഷി കൂടിയാണ് മുഹമ്മദ് കുഞ്ഞ്. മുണ്ടക്കൈയിലെ ഭീകരത പുറം ലോകത്തെ വിളിച്ചറിയിച്ചവരില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം. അപകടത്തില്‍പ്പെട്ടവര്‍ക്കും, രക്ഷാപ്രവര്‍ത്തകര്‍ക്കും തന്നാല്‍ കഴിയുന്ന സഹായം ചെയ്യാനും ഇദ്ദേഹം മടിച്ചില്ല. തന്റെ ഫോണ്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഒരു ഉപകരമാക്കുകയായിരുന്നു അദ്ദേഹം. എത്രയോ മനുഷ്യര്‍ ആ സമയത്തിനുള്ളില്‍ മുഹമ്മദ് കുഞ്ഞിന്റെ ഫോണിലേക്കു വിളിച്ചിരിക്കുന്നു.
മാധ്യമ പ്രവര്‍ത്തകര്‍, പോലീസ്, KSRTC ജീവനക്കാര്‍, രക്ഷാ പ്രവര്‍ത്തകര്‍, ദുരന്തത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ അങ്ങനെ തനിക്കറിയാത്തവര്‍ക്കു വേണ്ടി മനുഷ്യത്വം കാത്തുസൂക്ഷിച്ച് നിലയുറപ്പിച്ച ദിവസംമായിരുന്നു അതെന്ന് മുഹമ്മദ് കുഞ്ഞ് ഓര്‍ക്കുന്നു. മുഹമ്മദ് കുഞ്ഞ് കണ്ട ഉരുള്‍പൊട്ടല്‍ കാഴ്ചകളും, ദൈവത്തിന്റെ കാരുണ്യത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയ കഥയും അന്വേഷണത്തോട് പറയുകയാണ്. 29ന് രാത്രി 8.30ക്കാണ് കല്‍പ്പറ്റയില്‍ നിന്നും മുണ്ടക്കൈയിലേക്കുള്ള അവസാന ട്രിപ്പ് പോയത്. യാത്രക്കാര്‍ കുറച്ചുണ്ട്. നല്ല മഴയുമുണ്ട്. രണ്ടു ദിവസമായി തുടങ്ങിയ മഴയാണ്. തോര്‍ന്നും പെയ്തും തോര്‍ന്നും ഇരിക്കുന്നുണ്ട്.
പക്ഷെ, അവസാന ട്രിപ്പിന് വണ്ടി എടുത്തപ്പോള്‍ മുതല്‍ നല്ല കനത്ത മഴയാണ് പെയ്തത്. ചൂരല്‍മല വരെ തുള്ളിക്കു കുടംകണക്കെ പെയ്യുന്നുണ്ടായിരുന്നു. അവിടുന്ന് മുണ്ടക്കൈയ്യിലേക്ക് യാത്ര. ചൂരല്‍മല വരെയേ ലാസ്റ്റ്ട്രിപ്പില്‍ ആളുണ്ടാകൂ. എന്നാല്‍, മുണ്ടക്കൈ ലാസ്റ്റ് സ്റ്റോപ്പ് ആയതുകൊണ്ട് അവിടെവരെ പോകണം. പത്തു മിനിട്ട് യാത്രയുണ്ട്. മുണ്ടക്കൈയില്‍ പത്തര മണിയോടെ എത്തി. വണ്ടി തിരിച്ച് ചൂരല്‍മലയിലേക്ക് തിരിച്ചു. പത്തു മിനിട്ട് തിരിച്ച് പത്തുമിനിട്ട് യാത്ര. ചൂരല്‍മലയിലാണ് ഇപ്പോള്‍ സ്‌റ്റേ ചെയ്യുന്നത്. രാവിലെ ആറ് മണിക്ക് വീണ്ടും മുണ്ടക്കൈയിലേക്ക് പോകും. അവിടുന്നാണ് സര്‍വ്വീസ് തുടങ്ങുന്നത്.
? മുണ്ടക്കൈ സ്റ്റേ റൂമില്‍ പാമ്പു വീണോ
മുണ്ടക്കൈയിലാണ് സ്‌റ്റേ ചെയ്യേണ്ടത്. ഞാന്‍ ഈ റൂട്ടില്‍ കണ്ടക്ടറായതു മുതല്‍ ചൂരല്‍മലയിലാണ് സ്റ്റേ ചെയ്യുന്നത്. അതിനൊരു കാരണമുണ്ടായിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പ് മുണ്ടക്കൈയിലെ സ്റ്റേ റൂമില്‍ ഉറങ്ങിക്കിടന്ന ഡ്രൈവറുടെ ദേഹത്തേക്ക് പാമ്പ് വീണിരുന്നു. ഒരു തവണയല്ല, രണ്ടു തവണ ദേഹത്തേക്കു വീണു. ഭാഗ്യത്തിന് പാമ്പു കടിച്ചില്ല. ഇതോടെ സ്‌റ്റേ റൂമില്‍ കിടക്കാന്‍ ജീവനക്കാര്‍ക്കു പേടിയായി. പുതിയ സ്റ്റേ റൂം കെട്ടാനോ, കണ്ടെത്താനോ ആരും മെനക്കെട്ടതുമില്ല. അതോടെ മുണ്ടക്കൈയിലെ കിടപ്പ് താത്ക്കാലികമായി നിര്‍ത്തി. അതിനു ശേഷം ചൂരല്‍മലയില്‍ സ്റ്റേ ആക്കുകയായിരുന്നു. അവസാന ട്രിപ്പ് മുണ്ടക്കൈ വരെ പോകും. എന്നാല്‍, അവിടെ സ്റ്റേ ചെയ്യില്ല. തിരിച്ച് ചൂരല്‍മലയില്‍ വന്നാണ് ഉറങ്ങുന്നത്. രാവിലെ മുണ്ടക്കൈയിലേക്കു പോയി സര്‍വീസ് അവിടുന്ന് ആരംഭിക്കും. ഇതാണ് നടക്കുന്നത്.
? പുതിയ സ്റ്റേറൂം കണ്ടെത്തിയില്ലേ
ആറുമാസം മുമ്പ് മുണ്ടക്കൈയില്‍ പുതിയ സ്റ്റേ റൂം കണ്ടെത്തിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന ജീവനക്കാരാണ് അത് കണ്ടു പിടിച്ചത്. സ്റ്റേ റൂം കൊള്ളാമോ എന്നറിയാന്‍ പോയി കാണുകയും ചെയ്തിരുന്നു. പക്ഷെ, താമസം മാറ്റിയില്ല. അവിടെ വെള്ളവും വെളിച്ചവും ഒന്നുമില്ലാത്തതു കൊണ്ടാണ് താമസം മാറാന്‍ വൈകിയത്. കഴിഞ്ഞ ആഴ്ചയില്‍ സ്റ്റേ റൂമില്‍ വെള്ളവും കറണ്ടും കിട്ടിയെന്ന് അറിഞ്ഞു. അങ്ങനെ താമസം അങ്ങോട്ടേക്ക് മാറ്റാനുള്ള ഒരുക്കവും നടത്തിയിരുന്നു. എന്തുകൊണ്ടോ അത് നീണ്ടു പോവുകയായിരുന്നു.
? പിന്നെന്താണ് മാറാതിരുന്നത്
കണ്ടെത്തിയ ആ സ്‌റ്റേ റൂം ഇന്നവിടെയില്ല. ഉരുള്‍പൊട്ടലില്‍ സ്റ്റേ റൂമെല്ലാം പൊട്ടി താറുമാറായിക്കഴിഞ്ഞു. മാറാന്‍ എല്ലാ സംവിധാനങ്ങളും തയ്യാറാക്കി ഇരിക്കുകയായിരുന്നു. ദൈവത്തിന്റെ കാരുണ്യം കൊണ്ടാണെന്നു തോന്നുന്നു മാറാന്‍ തോന്നാതിരുന്നത്. ഇല്ലെങ്കില്‍ ഞങ്ങളുടെ ജഡം ചാലിയാര്‍ പുഴയില്‍ പൊങ്ങിയേനേ. രണ്ടു വര്‍ഷം മുമ്പ് ഡ്രൈവറുടെ ദേഹത്തു വീണ പാമ്പാണ് ഞങ്ങളെ രക്ഷിച്ചത്. ഇല്ലെങ്കില്‍ റിസ്‌ക്കെടുത്ത് പാമ്പു വീഴുന്ന സ്റ്റേ റൂമില്‍ കിടക്കുമായിരുന്നില്ലേ. ആയുസ്സിന്റെ ബലമുണ്ട്. അതുകൊണ്ടാണ് ചൂരല്‍മലയില്‍ തന്നെ സ്റ്റേ ചെയ്തത്.
? അന്ന് സംഭവിച്ചതെന്താണ്
സംഭവം നടക്കുമ്പോള്‍ ഞങ്ങള്‍ ഉറങ്ങിയിരുന്നില്ല. ചൂരല്‍ മലയില്‍ ഒരു പഴയ ആസുപത്രിയിലാണ് സ്റ്റേ റൂം. ഇവടെ രാത്രി ചികിത്സയൊന്നുമില്ല. രാവിലെ രണ്ടു നഴ്‌സുമാര്‍ മാത്ര വരും. ആഴ്ചയില്‍ ഒരു ദിവസം ഡോക്ടര്‍മാര്‍ പരിശോധിക്കാന്‍ വരും. പിന്നെയെല്ലാം നഴ്‌സുമാരാണ്. രാത്രിയിലെപ്പോഴോ ഇടിവെട്ടുന്ന പോലെയുള്ള ശബ്ദം കേട്ടു. ആശുപത്രിയുടെ പുറകു ഭാഗത്തായിട്ടാണ് ശബ്ദം കേട്ടത്. എനിക്കു തോന്നുന്നു, ഉരുള്‍പൊട്ടിയൊലിച്ചപ്പോള്‍ വന്ന പാറകള്‍ കൂട്ടിയിടിച്ചതും, മരങ്ങള്‍ വേരോടെ പൊട്ടിയ ശബ്ദവുമായിരിക്കും. കുത്തിയൊലിച്ച ചെളിയും വെള്ളവും പാറയും മണ്ണുമെല്ലാം സ്റ്റേ റൂമിന്റെ ടോയ്‌ലെറ്റ് ബ്ലോക്കിന്റെ പുറകിലും വന്നടിഞ്ഞിട്ടുണ്ട്. പുറത്തിറങ്ങി നോക്കുമ്പോള്‍ ആശുപത്രിയുടെ പുറകു ഭാഗവും സൈഡുമെല്ലാം ചെളിയും പാറയും മണ്ണും മരങ്ങളും ചേര്‍ന്ന് ഒലിച്ചു പോയിരിക്കുന്നു. അതി ഭീകരമായ കാഴ്ച തന്നെയായിരുന്നു അത്.
? ദുരന്തമുഖത്ത് നിന്നും രക്ഷപ്പെടാന്‍ നോക്കിയില്ലേ
എങ്ങനെ രക്ഷപ്പെടാനാണ്. ബസ് പോകാനുള്ള ചൂരല്‍മലയിലെ പ്രധാന പാലം പൊട്ടിപ്പോയില്ലേ. പാലം നിന്നിടത്ത് ആര്‍ത്തലച്ച് പോകുന്ന പുഴയാണ്. പിന്നെ, പാറയും, ചെളിയും, ജഡങ്ങളും, കരച്ചിലും, വിളിയുമൊക്കെയായി മനുഷ്യരും. അവരുടെയൊക്കെ കരച്ചില്‍ കേട്ടാല്‍ രക്ഷപ്പെടാന്‍ തോന്നില്ല. എങ്ങനെയെങ്കിലും അവരെ സഹായിക്കാന്‍ കഴിയുമോ എന്നായിരുന്നു ആലോചിച്ചത്. ചിലര്‍ വന്ന് മൊബൈല്‍ തരുമോ എന്നു ചോദിച്ചു. അവരുടെ വേണ്ടപ്പെട്ടവര്‍ മിസ്സായി. ഒന്നു വിളിക്കാനാണെന്നു പറഞ്ഞു. ഞാന്‍ കൊടുത്തു. ആ ഭാഗത്തുള്ള വൈദ്യുതി ലൈന്‍ എല്ലാം പൊട്ടിപ്പോയിരുന്നു. ഭാഗ്യത്തിന് എന്റെ കൈയ്യില്‍ പവര്‍ബാങ്ക് ഉണ്ടായിരുന്നതു കൊണ്ട് മൊബൈല്‍ ഓഫായില്ല.
? ദുരന്ത ബാധിതര്‍ക്ക് സഹായം ചെയ്തത് എങ്ങനെ
കുറേപ്പേര്‍ ഫോണ്‍ ചെയ്യാന്‍ വന്നപ്പോള്‍ മനസ്സിലായി, അവരുടെയെല്ലാം ഫോണ്‍ നഷ്മായിട്ടുണ്ടെന്ന്. അവര്‍ക്കെല്ലാം ഫോണ്‍ കൊടുത്തു. ഫോണ്‍ ഉപയോഗിച്ച് പുറം ലോകത്ത് ഈ വിവരം മാക്‌സിമം എത്തിക്കാമെന്ന് മനസ്സിലായി. ഭക്ഷണവും കുടിക്കാന്‍ വെള്ളം പോലം കിട്ടാത്ത സ്ഥിതിയിലും വേദനിച്ചും വിഷമിച്ചും ഇരിക്കുന്നവര്‍ക്ക് വിളിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കാന്‍ സാധിച്ചു. പിന്നെ വൈകിട്ടു വരെ എത്രപേര്‍ വിളിച്ചിട്ടുണ്ടെന്ന് അറിയില്ല. എല്ലാവര്‍ക്കും ദുരന്തത്തിന്റെ വിവരങ്ങള്‍ പറഞ്ഞു കൊടുക്കുകയും, ബന്ധുക്കള്‍ക്ക് ഫോണ്‍ കൊടുക്കുകയും ചെയ്യുകയായിരുന്നു.
? ആ സ്‌റ്റേ ബസ് എവിടെ
ബസ് അവിടെ തന്നെയുണ്ട്. അതിനൊരു കുഴപ്പവുമില്ല. ചൂരല്‍മലയില്‍ ആയതു കൊണ്ടാണ് ഒന്നും സംഭവിക്കാത്തത്. മുണ്ടക്കൈയിലായിരുന്നെങ്കില്‍ ബസും ഞങ്ങളും ഇല്ലാതായേനെ. ബസ് രണ്ടു ദിവസം കഴിയുമ്പോള്‍ എടുക്കാനാകും. സൈന്യം ബെയ്‌ലി പാലം നിര്‍മ്മിച്ചു കഴിഞ്ഞാല്‍ എടുക്കാം. പക്ഷെ, സര്‍വ്വീസ് നടത്താന്‍ കഴിയില്ല. അതിന് ഇനിയും ദിവസങ്ങളെടുക്കും.
? മുണ്ടക്കൈയെ കുറിച്ച്
വലിയ വികസനമോ വിപ്ലവമോ ഒന്നും കടന്നു വന്നിട്ടില്ലാ ഇടം. പുറം ലോകവുമായി യാതൊരു ബന്ധവും ഉണ്ടെന്ന് തോന്നില്ല. അവിടുത്തെ സാഹചര്യങ്ങളുമായി ഇഴുകിച്ചേര്‍ന്നവാരണ് ബഹുഭൂരിപക്ഷവും. എങ്കിലും നഗരവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുമുണ്ട്. അവരാണ് യാത്രകള്‍ ചെയ്യുന്നത്. KSRTCയെ ആശ്രയിക്കുന്നവരുണ്ട് ഇപ്പോഴും. അവരുടെ യാത്രാ സൗകര്യത്തിനാണ് സ്‌റ്റേ സര്‍വ്വീസ് ഇട്ടിരിക്കുന്നത്. ആദിവാസി സെറ്റില്‍മെന്റ് കോളനികള്‍ ഉണ്ടോയെന്നറിയില്ല. പക്ഷെ, അവിടുള്ളവര്‍ യാത്രകള്‍ അദികം ചെയ്യാത്ത നാട്ടിന്‍പുറംകാരാണ്.
? ഉരുള്‍ പൊട്ടലിനെ കുറിച്ച്
ഈ ഭാഗങ്ങളില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി നിര്‍ത്താതെ പെയ്യുന്ന മഴയുണ്ട്. വയനാട് പൊതുവേ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്ന ജില്ലയുമാണ്. അതുകൊണ്ടു തന്നെ ഇവിടുള്ളവര്‍ക്ക് ഉരുള്‍പൊട്ടുമെന്നറിയാം. പക്ഷെ, അത് എവിടെയൊക്കെയാണെന്ന് പറയാന്‍ പറ്റില്ലെന്നു മാത്രം. ഉരുള്‍പൊട്ടലിനെ ഭയന്നാണ് മഴക്കാലത്ത് ഇവിടുള്ളവര്‍ ജീവിക്കുന്നത് എന്നു പറഞ്ഞാല്‍ തെറ്റില്ല. നേരത്തെ ഉരുള്‍ പൊട്ടിയ പുത്തു മലയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരമേയുള്ളൂ മുണ്ടക്കൈയ്ക്ക്. ഉരുള്‍ പൊട്ടലിന്റെ സൂചനകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്ന് അവിടുത്തെ ബസ്യാത്രക്കാര്‍ തന്നെ പറഞ്ഞിരുന്നു. അതിന്റെ പ്രത്യേക്ഷ ഉദാഹരണമാണ് തുടര്‍ച്ചയായി പെയ്ത മഴ
? ഇനി എന്നാണ് ആ റൂട്ടിലേക്കുള്ള സര്‍വ്വീസ്
അറിയില്ല. അതേക്കുറിച്ച് ഡിപ്പോയില്‍ നിന്നും ഒന്നും പറഞ്ഞിട്ടില്ല. എന്തായാലും ഈ ദുരന്തത്തിന്റെ തീവ്രത കുറച്ചു ദിവസം നീണ്ടു നില്‍ക്കുമെന്നുറപ്പാണ്. അതിനു ശേഷമായിരിക്കും മുണ്ടക്കൈ സര്‍വ്വീ പുനരാരംഭിക്കുക.
CONTENT HIGHLIGHTS; KSRTC conductor says it was the snake that saved him: otherwise Chaliyar would have floated dead in river (Exclusive)