ആദ്യമായി മാതാഹരിയെ കേൾക്കുന്നത് വൈലോപ്പിള്ളിയുടെ നർത്തകി എന്ന കവിതയിലൂടെ ആയിരുന്നു. അദ്ദേഹം നർത്തകി എഴുതിയത് ജോൺ ഗാൽസ്‍വർത്തി മാതാഹരിയെ കുറിച്ചെഴുതിയ കഥയിൽനിന്നു പ്രചോദനം ഉൾക്കൊണ്ടായിരുന്നു.
രത്നക്കൽ ഉടയാട ചുറ്റിയ ഉടലുമായി ആനന്ദനടനമാടിയിരുന്ന സുന്ദരി തടവറയിലെ ജാലകപ്പഴുതിലൂടെ നൈരാശ്യം മൊത്തിക്കുടിച്ചു. റൊട്ടി ചുട്ടെടുക്കുന്ന മണം കാറ്റിലൊഴുകിയെത്തിയപ്പോൾ ഓർമകളിലേക്കു മെല്ലെ ചാഞ്ഞു. സൗഹൃദവും പ്രണയവും പൂക്കുന്ന കഫേകളുടെ നറുഗന്ധം. സ്വാതന്ത്ര്യത്തിന്റെയും ജീവിതത്തിന്റെയും ഗന്ധമാക്കിയവൾ.
നൂറുവർഷം മുൻപ്, ഒരു തണുത്ത വെളുപ്പാൻകാലത്ത്, ഫ്രഞ്ച് ഫയറിങ് സ്ക്വാഡിനു മുന്നിൽ കണ്ണു മൂടിക്കെട്ടാൻ വിസമ്മതിച്ചു നിന്ന ‘ചാരസുന്ദരി’ മാതാ ഹരിയെ ലോകം ഇന്നുമോർക്കുന്നത് അടങ്ങാത്ത ജീവിതാസക്തിയുടെ സൗന്ദര്യശിൽപമായി. ദാമ്പത്യപരാജയത്തിന്റെ തീക്ഷ്ണകാലത്തും,ആയ വിഷം കൊടുത്തു കൊന്ന തന്റെ പിഞ്ചു മകന്റെ മൃതദേഹം കണ്ടും തകർന്നടിഞ്ഞ മാർഗരീത്ത സെല്ലെ. ഉയർത്തെഴുന്നേറ്റപ്പോൾ പക്ഷേ, അവൾ മാതാ ഹരിയായി.
പാരിസ് വേദികളിൽ കിഴക്കിന്റെ കാതരനൃത്തമാടിയ മാതാ ഹരിക്ക് നുണ പറയുന്നതും ഒരു സുന്ദരനടനമായിരുന്നു. ജാവക്കാരിയെന്നും ശ്രീലങ്കക്കാരിയെന്നുമൊക്കെ തരം പോലെ, കാലം പോലെ മാറ്റിപ്പറയുമ്പോഴും അവൾ കൊതിച്ചത് ഒരു നൃത്തമുഹൂർത്തത്തിൽ ജീവിതം മുഴുവൻ ജീവിച്ചു തീർക്കാനായിരുന്നു.
സര്‍പ്പസൗന്ദര്യംകൊണ്ടും നര്‍ത്തനവൈഭവംകൊണ്ടും ചരിത്രത്തില്‍ ഒരു പ്രഹേളികയായി മാറിയ ചാരസുന്ദരിയാണ് മാതാഹരി.
ഇവരുടെ ജീവചരിത്രങ്ങളും കഥകളും നോവലുകളും സിനിമകളും മറ്റും ധാരാളം വന്നിട്ടുണ്ട്.
അതിൽ അവസാനമായി വന്നതാണ് പൗലോ കൊയ്‌ലോയുടെ ‘ദ് സ്പൈ’.
പാരീസില്‍ കാലുകുത്തുമ്പോള്‍ ചില്ലിക്കാശുപോലും കൈവശമില്ലതിരുന്ന മാതാ ഹരി മാസങ്ങള്‍ക്കുള്ളില്‍ നഗരത്തില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട വ്യക്തിയായി കുതിച്ചുയര്‍ന്നു. നര്‍ത്തകി എന്ന നിലയില്‍ കാണികളെ ഞെട്ടിച്ച അവർ പ്രശസ്തരെയും കോടീശ്വരന്മാരെയും തന്റെ വിരല്‍തുമ്പുകളില്‍ ചലിപ്പിച്ചു.
വ്യവസ്ഥകളെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിക്കുകയും അതിനു വിലയായി സ്വന്തം ജീവിതം നല്‍കേണ്ടിവരികയും ചെയ്യത അവിസ്മരണീയ ഒരു ജീവിതം.
നെതർലാൻസിലെ ഫ്രീസ്‌ലാൻണ്ട് പട്ടണത്തിലെ ലീയുവാര്‍ഡനിൽ തൊപ്പിക്കച്ചവടക്കാരൻ ആയിരുന്ന ആദം സെല്ലയുടെ പുത്രിയായി 1876 ആഗസ്റ്റ് 7 ആം തിയതി മാർഗരീത്ത മാക് ലിയോഡ് എന്ന മാതാഹരി ജനിച്ചു.
1889 ആയപ്പോഴേക്കും ആദമിന്റെ കച്ചവടം തകർന്നു. തുടർന്ന് ഭാര്യയുമായി വിവാഹമോചനം നേടി. ഇതോടെ മാർഗരീത്ത താമസം അമ്മയോടെപ്പമാക്കി .
എന്നാൽ അസുഖ ബാധിതയായി രണ്ടുവർഷത്തിനുള്ളിൽ അമ്മ മരണപ്പെട്ടു, ഇതോടെ അനാഥമായ അവളുടെ താമസം കോൺവെന്റിലായി.
1891 ൽ അധ്യാപികയാകാൻ വേണ്ടിയുള്ള പരിശീലനത്തിനായി പതിനഞ്ച് വയസ്സുള്ളപ്പോൾ അവളെ കോൺവെന്റ് അധികൃതർ ട്രെയിനിങ്ങ് കോളേജിൽ ചേർത്തു. എന്നാല്‍ അവിടെത്തെ വിവാഹിതനായ ഹെഡ്മാസ്റ്ററുമായി പ്രണയത്തിലായ അവളെ ട്രെയിനിങ്ങ് കോളേജ് അധികൃതർ കോളേജിൽ നിന്ന് പുറത്താക്കി. തുടർന്ന് കോൺവെന്റ് താമസം മതിയാക്കിയ അവൾ സാമ്പത്തികമായി സ്വയംപര്യാപ്തത നേടാൻ പല തൊഴിലുകളും ചെയ്തുവെങ്കിലും ഒന്നിലും ഉറച്ചു നിൽക്കാനായില്ല.
പിന്നീട് 1895 ൽ തന്റെ 19 ആം വയസ്സിൽ 40 കാരനും സമ്പന്നനുമായ റുഡോൾഫ് മക്ലോയിഡ് എന്ന ഡച്ച് ആർമി ക്യാപ്റ്റനെ അവർ വിവാഹം കഴിച്ചു.. കല്യാണശേഷം ഭർത്താവിനൊപ്പം ഇന്തോനേഷ്യയിലെ ജാവാ ദ്വീപിൽ താമസമാക്കിയ അവർക്ക് അവിടെ വെച്ച് രണ്ടു കുഞ്ഞുങ്ങളുണ്ടായി. എന്നാൽ താൻ സ്വപ്നം കണ്ടത് പോലെയായിരുന്നില്ല അവരുടെ ജീവിതം മുന്നോട്ട് പോയത് , മദ്യപാനിയായിരുന്ന റുഡോൾഫ് സങ്കടങ്ങളും വേദനകളും മാത്രമാണ് അവർക്ക് പിന്നീട് നൽകിയത്. ആ നിരാശയിൽ നിന്ന് കരകയറാൻ വേണ്ടി അവർ ഇന്തോനേഷ്യയിലെ സംസ്കാരത്തെ അടുത്തറിയാൻ ശ്രമിച്ചു.
അങ്ങനെ അവിടത്തെ നൃത്തരൂപങ്ങളിൽ അവൾ അഗ്രഗണ്യയായി. 1902 ൽ വിവാഹമോചനം നേടിയ അവർ ജന്മനാട്ടിലേക്ക് തിരിച്ചെത്തി. തുടർന്ന് പാരീസിലേക്ക് പോയി.
അവിടെ ഒരു സർക്കസിലെ കുതിരോട്ടക്കാരിയായി /പിന്നെ ചിത്രകാരന്മാരുടെ മോഡൽ/ നർത്തകി എന്നിങ്ങനെ പലപല തൊഴിലുകളും ചെയ്തു.എന്നാൽ ഇവിടെയൊന്നും അവർക്ക് തുടരാൻ സാധികാതെ വന്നു.
അപ്പോഴാണ് ഇന്തോനേഷ്യയിൽ വെച്ച് പഠിച്ച നൃത്തങ്ങൾ മാർഗരീത്തയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കി. തുടർന്ന് മലായ ഭാഷയിൽ ‘സൂര്യോദയം’ എന്ന അർത്ഥം വരുന്ന ‘മാതാ ഹരി’ എന്ന പേർ സ്വീകരിച്ച അവർ തന്റെ ശരീരത്തിന്റെ മാദകമായ സൗന്ദര്യം നൃത്തത്തിലൂടെ പ്രദർശിപ്പിച്ചതോടെ അവരുടെ പരിപാടികൾ കാണാൻ തിരക്കായി.
അധികം താമസിയാതെ അവരെ തേടി സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളിലുള്ളവർ വന്നുതുടങ്ങി. അങ്ങിനെ ഒരു വിഐപി അഭിസാരികയായ അവർ യൂറോപ്പിലെ പല രാഷ്ട്രീയക്കാരുടെയും പട്ടാളത്തിലെ ഉന്നതറാങ്കുകളിലുള്ളവരുടെയും സ്ഥിരം സന്ദർശകയായി മാറി.അവർക്കിടയിൽ അവളുടെ സ്വാധീനവും ഏറിവന്നു. യൂറോപ്പിൽ പേരെടുത്ത അവർ മോണ്ടികാര്‍ലോ/ബര്‍ലിന്‍/ മാഡ്രിഡ് എന്നിവിടങ്ങളിലെയൊക്കെ ധനാഢ്യന്‍മാർ അവളെ അന്വേഷിച്ചു വന്നു.
അവളുടെ മായികവലയത്തിൽ ഫ്രഞ്ച് നയതന്ത്രജ്ഞനായ ജൂൾസ് കാംപോൺ ജർമനിയിലെ രാജകുമാരൻ/വിദേശകാര്യമന്ത്രി/ ധനാഢ്യനായ ബ്രണ്‍സ്വിക്ക് പ്രഭു തുടങ്ങിയവര്‍ ഉൾപ്പെട്ടിരുന്നു. 1914 ആഗസ്റ്റില്‍ യുദ്ധപ്രഖ്യാപനം നടന്ന ദിവസം ജര്‍മ്മന്‍ പോലിസ് മേധാവിയോടൊപ്പം കാറില്‍ ബര്‍ലിന്‍ നഗരത്തില്‍ ചുറ്റിക്കറങ്ങുകയായിരുന്നു അവൾ,
യുദ്ധം തുടങ്ങിയപ്പോൾ അവർ ജർമ്മനിയിൽ നിന്ന് പാരീസിലേക്ക് പോകാൻ ശ്രമിച്ചു. എന്നാൽ ജർമ്മൻ സൈനികർ അവരെ തടഞ്ഞുവെച്ചു. തുടർന്ന് അവരുടെ പക്കലുണ്ടായിരുന്ന വിലപ്പെട്ട ആഭരണങ്ങളും പണവും നൽകി അവർ അവിടെ നിന്ന് രക്ഷപ്പെട്ട് നെതർലാൻസിലെത്തി.
തുടർന്ന് അവർ തന്റെ ആവശ്യക്കാരെ സന്ധിക്കാൻ വേണ്ടി ഇംഗ്ളണ്ട് വഴി പാരീസിലേക്ക് പോയി. ഇതോടെ ബ്രിട്ടീഷ് രഹസ്യപ്പോലീസ് ഇവർ ഒരു ജർമ്മൻ ചാരയാണെന്ന സംശയത്തിന്റെ പുറത്ത് അവരെ അറസ്റ്റ് ചെയ്തു. തുടർന്ന് ഇവരെ ഫ്രാൻസിനുവേണ്ടി ചാരവൃത്തി നടത്താനായി ജര്‍മ്മനിയിലേക്ക് പറഞ്ഞയച്ചു.
അവിടെ പ്രാഗല്‍ഭ്യം തെളിയിച്ച അവരെ പുതിയ ദൌത്യവുമായി സ്പെയിനിലേക്ക് അയച്ചു. യാത്രാമധ്യേ ബ്രിട്ടീഷുകാര്‍ ഇവരുടെ കപ്പല്‍ തടഞ്ഞു നിര്‍ത്തി, പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു. ജര്‍മ്മന്‍ ചാരവനിത ക്ലാരാ ബെന്‍ഡിക്സ് ആണെന്ന ധാരണയിലാണ് അറസ്റ്റു നടന്നത്. എന്നാല്‍ ഫ്രാന്‍സിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മാതാഹരിയാണെന്ന് മനസിലാക്കിയതോടെ ബ്രിട്ടീഷുകാര്‍ അവരെ വിട്ടയച്ചു. തുടർന്ന് സ്പെയിനിലെത്തിയ മാതാഹരി വിലക്കുകള്‍ ലംഘിച്ച് ജര്‍മ്മന്‍ കര-നാവിക സേനാ ഉദ്യോഗസ്ഥരുമായി ചങ്ങാത്തത്തിലേര്‍പ്പെട്ടു. ഫ്രാന്‍സിനുവേണ്ടി സ്പെയിനിലെത്തിയ അവള്‍ ജര്‍മ്മനു വേണ്ടി പ്രവര്‍ത്തിക്കുന്നതായി ആരോപണമുയര്‍ന്നു.
1917 ഫെബ്രുവരി 12 ആം തിയതി പാരീസിലെത്തിയ മാതാഹാരിയെ ഫെബ്രുവരി 13 ആം തിയതി പാരിസിലെ ഹോട്ടൽ എലൈസ് പാലസിൽ വെച്ച് ഫ്രഞ്ച് ഭരണകൂടം അറസ്റ്റുചെയ്തു. ജര്‍മ്മന്‍ ഡബിള്‍ ഏജന്റായി പ്രവര്‍ത്തിച്ചു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. ഇവരുടെ ഹോട്ടല്‍ മുറി റെയ്ഡ് ചെയ്തപ്പോൾ കിട്ടിയ അയ്യായിരം ഫ്രാങ്കിന്റെ ഒരു ചെക്കും ഒരു ട്യൂബില്‍ അടക്കം ചെയ്ത ദ്രാവകവും പിടിച്ചെടുത്തു. മാതാഹാരി ജര്‍മ്മന്‍കാര്‍ക്ക് വേണ്ടി ചാരവൃത്തി നടത്തി എന്നതിന് ഫ്രഞ്ചുകാര്‍ക്ക് കിട്ടിയ തെളിവുകള്‍ ഇവയായിരുന്നു.
യൂറോപ്പിനാകമാനം നഗ്നനൃത്തത്തിലൂടെ പുളകമണിയിച്ച ആ വശ്യസുന്ദരിയെ സെന്റ് ലാസര്‍ ജയിലിലെ പന്ത്രണ്ടാം നമ്പര്‍ സെല്ലിലടച്ചു. തുടര്‍ന്ന് മാസങ്ങളോളം നീണ്ട കോര്‍ട്ട് മാര്‍ഷലില്‍ മാതാഹാരി തന്റെ നിരപരാധിത്വത്തില്‍ ഉറച്ചു നിന്നു. ട്യൂബില്‍ നിറച്ച ദ്രാവകം ഗര്‍ഭനിരോധനത്തിന് ഉപയോഗിക്കുന്ന മരുന്നാണെന്നും അയ്യായിരം ഫ്രാങ്കിന്റെ ചെക്ക് ചാരാപ്രവര്‍ത്തനങ്ങള്‍ക്കല്ല മറിച്ച് ജര്‍മ്മന്‍ ഉദ്യോഗസ്ഥര്‍ക്ക് താന്‍ നല്‍കിയ ലൈംഗിക സുഖത്തിന്റെ പ്രതിഫലമാണെന്ന് അവള്‍ വാദിച്ചു. ഇതോടെ ഫ്രാന്‍സിന് ഇവർക്കെതിരെ ഉണ്ടായിരുന്ന തെളിവുകള്‍ അതോടെ അസാധുവായി.
1917 ജൂലായ് 24 ആം തിയതി നടന്ന അവസാന വിചാരണയില്‍ തനിക്ക് പറയാനുള്ളതെല്ലാം സധൈര്യം പറഞ്ഞ അവർ കുറ്റക്കാരിയെന്ന് തെളിയിക്കാന്‍ ഫ്രാന്‍സിന്റെ പക്കല്‍ തെളിവുകള്‍ ഒന്നും അവശേഷിച്ചിരുന്നില്ല. വിധി പ്രഖ്യാപനം കാത്ത് കോടതിക്ക് പുറത്ത് കൂടിയ ജനകൂട്ടത്തിന് മാതാഹാരിയെ വിട്ടയക്കുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാല്‍ പാനല്‍ അംഗങ്ങളായ ജഡ്ജിമാര്‍ രാജ്യാന്തര പ്രശസ്തി നേടിയ അവരെ ഒക്ടോബര്‍ 15 ആം തിയതിക്ക് വെടിവച്ചു കൊല്ലാന്‍ ഉത്തരവിട്ടു. പ്രോസിക്യൂഷന്‍ ഭാഗത്തിന്റെ കുറ്റാരോപണങ്ങള്‍ക്ക് അവര്‍ നിരത്തിയ തെളിവുകള്‍ ആകെ പരാജയപ്പെട്ടിട്ടും ഇത്തരത്തില്‍ വിധി പ്രഖ്യാപിച്ചതിനു പിന്നില്‍ ഫ്രാന്‍സിന്റെ കുതന്ത്രങ്ങളായിരുന്നു.
1917 ഒക്ടോബര്‍ 15 ആം തിയതി 41 കാരിയായ മാതാഹാരി, കണ്മുന്നിൽ മരണം വാ പിളർന്ന് നിന്നപ്പോഴും തെല്ലും കൂസലില്ലാതെ മരണത്തെ വരിക്കാന്‍ അവർ അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങി. ചാരകളറുള്ള ഉടുപ്പ്/തൊപ്പി/ഷൂസ്/കയ്യുറ എന്നിവ ധരിച്ച അവർ ജയിലുദ്യോഗസ്ഥരോടൊപ്പം ഫയറിംഗ് ഗ്രൌണ്ടിലേക്ക് തിരിച്ചു. അവിടെ റൈഫിളുമായി പന്ത്രണ്ട് പേരടങ്ങുന്ന ഫയറിംഗ് സ്ക്വാഡ് കാത്തു നിന്നിരുന്നു. ഉദ്യോഗസ്ഥര്‍ പറഞ്ഞ മരത്തിനു ചുവട്ടിൽ പോയിനിന്ന അവർ ശിക്ഷ നടപ്പാക്കുന്നതിനു മുന്‍പായി പ്രതിക്ക് നല്‍കാറുള്ള മദ്യം വാങ്ങി കുടിച്ചു. എന്നാല്‍ കൈകള്‍ കെട്ടാൻ വന്നവരോട് വേണ്ട എന്നറിയിച്ച അവർ തന്റെ നേര്‍ക്ക് വെടിയുണ്ട ഉതിര്‍ക്കാന്‍ നില്‍ക്കുന്ന പട്ടാളക്കാർക്ക് അഭിമുഖമായി നില്‍ക്കാൻ അനുവാദം വാങ്ങി.
തുടർന്ന് തന്റെ ഉടുപ്പിലെ കുടുക്കുകള്‍ അഴിച്ച് നഗ്ന മാറിടം പട്ടാളക്കാര്‍ക്ക് കാട്ടിക്കൊടുത്താണ് വെടിയുണ്ടകൾ ഏറ്റുവാങ്ങിയത്. നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് പന്ത്രണ്ട് വെടിയൊച്ചകള്‍ മുഴങ്ങുന്നതിനുമുമ്പ് അവൾ ഇങ്ങിനെ പറഞ്ഞു “ഞാൻ വേശ്യയായിരുന്നു എന്നാൽ വഞ്ചകിയായിരുന്നില്ല!. നന്ദി മോൺസിയോർ” തുടർന്ന് അവർ അവിടെ കൂടിയ എല്ലാവർക്കും ഫ്‌ളൈയിങ് കിസ്സ് നൽകി.
അവരുടെ മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബാംഗങ്ങൾ ആരും വരാത്തതിന്നാൽ ശരീരം വൈദ്യഗവേഷണ വിദ്യാർത്ഥികൾക്കായി നൽകുകയും അവരുടെ ശിരസ് പാരീസിലെ ശരീര ഭാഗങ്ങൾ സൂക്ഷിച്ചുവെക്കുന്ന മ്യൂസിയത്തിൽ സൂക്ഷിക്കപ്പെട്ടിരുന്നു.
എന്നാൽ 2000 ത്തിൽ അത് നഷ്ട്ടപ്പെട്ടതായി അറിഞ്ഞു. മ്യൂസിയം മറ്റൊരു കെട്ടിടത്തിലേയ്ക്കു മാറിയ 1954 ൽ അത് നഷ്ട്ടപ്പെട്ടതാകാം എന്നാണ് കരുതപ്പെടുന്നത്. കൂടാതെ 1918 ലെ രേഖകളിൽ ബാക്കി ശരീരഭാഗങ്ങളും മ്യൂസിയത്തിന് കൈമാറ്റം ചെയ്തതായി പറയുന്നുണ്ടെങ്കിലും അവയും കണ്ടെത്തപ്പെട്ടിട്ടില്ല.
സ്വതന്ത്രമായി ജീവിക്കാന്‍ ശ്രമിച്ചു എന്നതു മാത്രമായിരുന്നു അവള്‍ ചെയ്ത ഏക കുറ്റം’