Movie News

‘സംഭവിച്ചിരിക്കുന്നത് ചിന്തിക്കാനാവാത്ത നഷ്ടം’; ആസിഫ് അലി ചിത്രം അഡിഗോസ് അമിഗോയുടെ റിലീസ് മാറ്റിവെച്ചു-Adios Amigo movie release postponed

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അഡിഗോസ് അമിഗോയുടെ റിലീസ് മാറ്റിവെച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആഷിക് ഉസ്മാന്‍ ആണ് വിവരം അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 2 നാണ് ചിത്രം തിയറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നഹാസ് നാസര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഡിയോസ് അമിഗോ.

‘വയനാട് ദുരന്തത്തില്‍ ചിന്തിക്കാനാവാത്ത നഷ്ടം സംഭവിച്ചവര്‍ക്കൊപ്പം ഹൃദയം കൊണ്ട് നില്‍ക്കുകയാണ് നമ്മള്‍. വലിയ ദു:ഖത്തിന്റെ ഈ സമയത്ത് ദുരന്തം ആഘാതമേല്‍പ്പിച്ചവര്‍ക്കൊപ്പമാണ് നാം. നമ്മളെയൊക്കെയും ഇത് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിച്ചിട്ടുണ്ട്. അതിനാല്‍ സിനിമയുടെ റിലീസ് നീട്ടിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്’, ആഷിക് ഉസ്മാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ‘ഫൂട്ടേജ് ‘ന്റെ റിലീസും മാറ്റിവെച്ചിരിക്കുകയാണ്. നടി ഗായത്രി അശോക് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് രണ്ടിനായിരന്നു ഫൂട്ടേജിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. ‘ദുരിതം വിതച്ച് പെയ്തിറങ്ങിയ മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും വിറങ്ങലിച്ച് നില്‍ക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥനയോടെ. ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുവാന്‍ നിശ്ചയിച്ചിരുന്ന ഫൂട്ടേജ് എന്ന ഞങ്ങളുടെ ചിത്രത്തിന്റെ റിലീസ് മറ്റൊരു ദിവസത്തിലേക്ക് മാറ്റിവെച്ചിരിക്കുന്നു’, എന്നാണ് ഗായത്രി അശോക് പങ്കുവച്ച പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. നേരത്തെ ചിത്രത്തിന്റെതായി പുറത്തുവന്ന വിശാഖ് നായര്‍, ഗായത്രി അശോക് എന്നിവരുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഏറെ ചര്‍ച്ചയായിരുന്നു.