കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായക പങ്കുവഹിക്കുന്ന ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. പണി പൂര്‍ത്തീകരിച്ചാല്‍ ജെസിബി വരെയുള്ള വാഹനങ്ങള്‍ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും. നാളെ രാവിലെയോടെ മുണ്ടക്കൈ ഭാഗത്തുള്ള കരയില്‍ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്.
ചൂരല്‍ മലയില്‍ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാല്‍ പാലത്തിന്റെ തൂണ്‍ സ്ഥാപിക്കുന്നതില്‍ പ്രയാസമുണ്ട്. അതാണ് പാലത്തിന്റെ പണി വൈകാന്‍ കാരണം. പുഴയില്‍ പ്ലാറ്റ്‌ഫോം നിര്‍മ്മിച്ച് പാലത്തിന്റെ ബലമുറപ്പിക്കാനുള്ള തൂണ്‍ സ്ഥാപിക്കാനാണ് സൈന്യത്തിന്റെ ശ്രമം. 85 അടി നീളമുള്ള പാലമാണ് നിര്‍മിക്കുക. മുണ്ടക്കൈ പാലം ഒലിച്ചുപോയി യാത്രാമാര്‍ഗം അടഞ്ഞതാണ് ഇന്നലെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയത്.
ഉരുള്‍പൊട്ടലുണ്ടായി ഏകദേശം 13 മണിക്കൂറുകള്‍ക്കുശേഷമാണ് മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് കടക്കാനായത്. താല്‍ക്കാലികമായി ചെറിയ പാലം നിര്‍മിച്ചെങ്കിലും പുഴയുടെ പകുതി വരെ മാത്രമായിരുന്നു നീളം. ബലമുള്ള പാലം നിര്‍മിച്ചാല്‍ രക്ഷാപ്രവര്‍ത്തനം കുറച്ചുകൂടി സുഗമമാകും. മുണ്ടക്കൈ ഭാഗത്ത് അന്‍പതിലധികം വീടുകള്‍ തകര്‍ന്നിട്ടുണ്ട്.