തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്നു രാവിലെ 11നു വയനാട് കലക്ടറേറ്റിൽ സർവകക്ഷിയോഗം ചേരും. 2 ദിവസത്തെ രക്ഷാപ്രവർത്തനത്തിൽ 1592 പേരെ രക്ഷപ്പെടുത്താനായെന്നും രക്ഷാപ്രവർത്തനം പൂർണതോതിൽ തുടരുകയാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
1167 പേർ ഉൾപ്പെടുന്ന സംഘത്തെയാണു നിയോഗിച്ചിട്ടുള്ളത്. മുണ്ടക്കൈയിൽനിന്നു ചൂരൽമലയിലേക്കുള്ള പാലം ഇന്നു പൂർത്തിയാക്കാനാകുമെന്ന് സൈന്യത്തിന്റെ പ്രതിനിധികൾ അവലോകനയോഗത്തിൽ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിലുണ്ടായതു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടും. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്, ഇടയ്ക്ക് എല്ലാവരും ഉന്നയിക്കുന്ന ഒരു കാര്യമായി മാത്രമേ കാണുന്നുള്ളൂവെന്നും അതിതീവ്ര മഴ ഇവിടെ മാത്രമല്ലല്ലോ ഉള്ളതെന്നും ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരുടെ ഒരു മാസത്തെ ശമ്പളം വയനാട് പുനരധിവാസത്തിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകും. എം.എ.യൂസഫലി, രവി പിള്ള, ടി.എസ്.കല്യാണരാമൻ എന്നിവർ 5 കോടി രൂപ വീതം വാഗ്ദാനം ചെയ്തു. ദാനി പോർട്സ് ലിമിറ്റഡ് 5 കോടിയും നോർക്ക ഡയറക്ടർ ജയകൃഷ്ണമേനോൻ ഒരു കോടിയും വാഗ്ദാനം ചെയ്തു. കെഎസ്എഫ്ഇ 5 കോടി, കനറാ ബാങ്ക് ഒരു കോടി, കെഎംഎംഎൽ 50 ലക്ഷം, വനിതാ വികസന കോർപറേഷൻ 30 ലക്ഷം, നടൻ വിക്രം 20 ലക്ഷം, ഔഷധി ചെയർപഴ്സൻ ശോഭന ജോർജ് 10 ലക്ഷം എന്നിങ്ങനെ നൽകി.
തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച 5 കോടി രൂപ പൊതുമരാമത്തു മന്ത്രി ഇ.വി.വേലു മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി കൈമാറി. ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉരുൾപൊട്ടൽ ദുരന്തം അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓഫിസിൽ യോഗം ചേർന്നു. ചീഫ് സെക്രട്ടറി ഡോ.വി.വേണു, തദ്ദേശ അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ തുടങ്ങിയവർ നേരിട്ടും സൈനിക പ്രതിനിധികൾ ഉൾപ്പെടെ വിവിധ മേഖലകളിൽനിന്നുള്ളവർ ഓൺലൈനായും പങ്കെടുത്തു.