അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹാനന്തര ആഘോഷങ്ങള്‍ ലണ്ടനില്‍ നടത്തുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ ഊഹാപോഹങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്. പാരീസ് ഒളിമ്പിക്സിന്റെ ആവേശത്തിലാണ് അംബാനി കുടുംബം. അനന്ത് അംബാനി, രാധിക മര്‍ച്ചന്റ്, മുകേഷ് അംബാനി, ഇഷ അംബാനി, ആനന്ദ് പിരാമല്‍ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഫോട്ടോ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. കുടുംബം ഇപ്പോള്‍ പാരീസിലാണ്.
വിവാഹശേഷം ഒളിമ്പിക്സ് കാണാനായി എത്തിയ അനന്ത് അംബാനിയുടെയും രാധിക അംബാനിയുടെയും പാരീസിലെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഏവരും അമ്പരപ്പോടെയാണ് ചിത്രങ്ങള്‍ ഏറ്റെടുത്തത്. ഹണിമൂണ്‍ യാത്രകള്‍ക്ക് പോകാതെ ഒളിമ്പിക്‌സ് കാണാനെത്തിയതില്‍ ആണ് ഏവര്‍ക്കും അമ്പരപ്പ്. ഒളിമ്പിക്‌സ് കാണാന്‍ ഇരിക്കുന്ന മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
വൈറല്‍ ഫോട്ടോകളിലും വീഡിയോകളിലും, അനന്ത് അംബാനി വര്‍ണ്ണാഭമായ ട്രോപ്പിക്കല്‍ പ്രിന്റ് വസ്ത്രങ്ങളാണ് അണിഞ്ഞിരിക്കുന്നത്, രാധിക മര്‍ച്ചന്റ് ഓറഞ്ച് നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ദമ്പതികള്‍ക്ക് തൊട്ടുതാഴെയായി മുകേഷ് അംബാനി, ആനന്ദ് പിരമല്‍, ഇഷ അംബാനി എന്നിവര്‍ ഇരുന്ന് മത്സരം വീക്ഷിക്കുന്നതും ചിത്രങ്ങളില്‍ കാണാം. മുകേഷും നിത അംബാനിയും പാരീസില്‍ നിന്ന് ഉടന്‍ പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വീഡിയോയില്‍, നവദമ്പതികള്‍ അവരുടെ അംഗരക്ഷകരുടെ അകമ്പടിയോടെ തെരുവുകളിലൂടെ നടക്കുന്നതും കാണാം.