Kerala

എയര്‍ഗണ്‍ കൊണ്ട് വെടിവെയ്പ്പ്; അപ്രതീക്ഷിത മൊഴി നല്‍കി വനിതാ ഡോക്ടര്‍-Airgun shooting; The female doctor gave an unexpected statement

വഞ്ചിയൂരില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് യുവതിയെ വെടിവെച്ച കേസില്‍ പ്രതിയായ വനിതാ ഡോക്ടറുടെ അപ്രതീക്ഷിത മൊഴി. വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജീത്തിനെതിരേയാണ് പ്രതിയായ വനിത ഡോക്ടര്‍ പീഡന പരാതി നല്‍കിയിരിക്കുന്നത്. വനിത ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വഞ്ചിയൂര്‍ പൊലീസ് സുജീത്തിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുജീത് തന്നെ ബലംപ്രയോഗിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണു വനിതാ ഡോക്ടറുടെ പ്രധാന പരാതി. സുഹൃത്തായിരുന്ന സുജീത് തന്നെ മാനസികമായി തകര്‍ക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്തെന്നും സുജീത്തിനെ വേദനിപ്പിക്കാനാണു ഭാര്യ ഷിനിയെ ആക്രമിച്ചതെന്നുമാണു വനിതാ ഡോക്ടര്‍ പൊലീസിനോടു പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ടു വൈകാതെ തന്നെ പൊലീസ് സുജീത്തിനെ ചോദ്യം ചെയ്യും. ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്താണു പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തുടര്‍ന്ന് സുജീത് മാലദ്വീപിലേക്ക് പോയെന്നും പീഡന പരാതി ഉന്നയിച്ച വനിതാ ഡോക്ടറുടെ മൊഴിയിലുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പള്‍മനോളജിസ്റ്റായ വനിതാ ഡോക്ടറും അവിടുത്തെ പിആര്‍ഒ ആയ സുജീത് നായരും സുഹൃത്തുക്കളായിരുന്നു. സുജീത്തുമായുള്ള സൗഹൃദം ഇല്ലാതായതില്‍ വനിതാ ഡോക്ടര്‍ക്ക് പകയുണ്ടായിരുന്നു. ഇതിന്റെ പേരിലാണ് സുജീത്തിന്റെ ഭാര്യ ഷിനിക്കു നേരെ വനിതാ ഡോക്ടര്‍ വെടിയുതിര്‍ത്തതെന്ന് പൊലീസ് പറയുന്നു. പിന്നീട് വനിതാ ഡോക്ടറെ മാനസികമായി തകര്‍ക്കുന്ന വിധത്തില്‍ സുജീത് പെരുമാറുകയും ഇവരുമായുള്ള സൗഹൃദം ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞ് ഇവര്‍ വീണ്ടും സൗഹൃദത്തിലായി. സുജീത് വേദനിപ്പിച്ചതിലും ഒഴിവാക്കിയതിലും കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ച വനിതാ ഡോക്ടര്‍ ജീവനൊടുക്കാനും ആലോചിച്ചിരുന്നു. ഇതിനിടെയാണ് സുജീത്തിനെ ഞെട്ടിപ്പിക്കാനായി ഭാര്യ ഷിനിയെ ആക്രമിക്കാന്‍ തീരുമാനിച്ചതെന്നാണ് പോലീസിനു നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നത്.