Sports

ഒളിംപിക്‌സ് ബാഡ്മിന്റണ്‍: മലയാളി താരം എച്ച് എസ് പ്രണോയ് പുറത്ത്

പാരീസ്: ഒളിംപിക്‌സ് പുരുഷ സിംഗിള്‍സില്‍ എച്ച് എസ് പ്രണോയ് പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്. മറ്റൊരു ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍ മലയാളി താരത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു.

ഏകപക്ഷീയമായി മാറിയ മത്സരത്തിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് ലക്ഷ്യയുടെ വിജയം. സ്കോർ: 21-12, 21-6.

മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പ്രണോയിക്ക് ലക്ഷ്യയെ വെല്ലുവിളിക്കാനായില്ല. ആദ്യ ഗെയിമില്‍ മാത്രമാണ് അല്‍പമെങ്കിലും പ്രണോയിക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിച്ചത്. രണ്ടാം ഗെയിമില്‍ ഒരു തരത്തിലും പ്രണോയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. നാളെ നടക്കുന്ന ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയുടെ ചൗ ടീന്‍ ചെനാണ്, ലക്ഷ്യയുടെ എതിരാളി. ജയിച്ചാല്‍ താരത്തിന് മെഡല്‍ ഉറപ്പിക്കാം.

നേരത്തെ, പുരുഷ ഡബിള്‍സിലും ഇന്ത്യക്ക് നിരാശയായിരുന്നു ഫലം. മെഡൽ പ്രതീക്ഷയായിരുന്ന സാത്വിക്–ചിരാഗ് സഖ്യത്തിന്റെ ക്വാർട്ടറിലെ തോൽവി ഇന്ത്യയ്ക്ക് വേദനയായി. ലോക റാങ്കിങ്ങിൽ ഏഴാമതുള്ള മലേഷ്യയുടെ ആരോൺ ചിയ – സോ വൂയി യിക് സഖ്യമാണ് ഇന്ത്യൻ സഖ്യത്തെ വീഴ്ത്തിയത്. ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യൻ സഖ്യം തോൽവി വഴങ്ങിയത്. സ്കോർ: 13–21, 21–14, 21-16.