Movie News

ദേവദൂതന്‍ രണ്ടാം വാരത്തിലേക്ക്; നാളെ മുതല്‍ കൂടുതല്‍ തീയേറ്ററില്‍-Devduthan to more theaters

മലയാളി പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സിബി മലയില്‍ മോഹന്‍ലാല്‍ ചിത്രമായിരുന്നു ദേവദൂതന്‍. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം തിയേറ്ററില്‍ സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും, മോഹന്‍ലാലിന്റെ വിശാല്‍ കൃഷ്ണമൂര്‍ത്തി ഇന്നും ഒരു ഹരമാണ്. വിനീതകുമാറിന്റെ മഹേശ്വരനും, ജയപ്രദയുടെ അലീനയും തീര്‍ത്ത സ്‌നേഹത്തിന്റെ ഓളങ്ങള്‍ ഇന്നും ഇനിയെന്നും സംസാരവിഷയമാണ്. വിദ്യാസാഗറിന്റെ സംഗീതമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. രഘുനാഥ് പലേരി രചിച്ച ചിത്രം 2000 ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളില്‍ എത്തിയത്. ഇപ്പോള്‍ വീണ്ടും ദേവദൂതന്റെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ദേവദൂതന്റെ റീ റിലീസുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ജൂലൈ 26 നായിരുന്നു 4കെ, ഡോള്‍ബി അറ്റ്‌മോസിലേക്ക് റീമാസ്റ്റര്‍ ചെയ്യപ്പെട്ട ചിത്രത്തിന്റെ റീ റിലീസ്. മികച്ച പ്രീ റിലീസ് പബ്ലിസിറ്റിയോടെയാണ് അണിയറക്കാര്‍ ചിത്രം വീണ്ടും തിയറ്ററുകളിലെത്തിച്ചത്. കേരളത്തിലെ 56 തിയറ്ററുകളിലാണ് ജൂലൈ 26 ന് ചിത്രം റിലീസ് ചെയ്യപ്പെട്ടതെങ്കില്‍, ചിത്രം ജനം ഏറ്റെടുത്തതോടെ രണ്ടാം ദിനം തന്നെ സ്‌ക്രീന്‍ കൗണ്ട് വര്‍ധിപ്പിച്ചിരുന്നു. 56 ല്‍ 100 തിയറ്ററുകളിലേക്കാണ് രണ്ടാം ദിനം ചിത്രം പ്രദര്‍ശനം വര്‍ധിപ്പിച്ചത്. ഇപ്പോഴിതാ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ സ്‌ക്രീന്‍ കൗണ്ട് വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ് ചിത്രം.

കേരളത്തിലെ തിയറ്റര്‍ കൗണ്ട് 100 ല്‍ നിന്ന് 143 ആക്കിയിരിക്കുകയാണ് രണ്ടാം വാരത്തില്‍ ദേവദൂതന്‍. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലെ സ്‌ക്രീന്‍ കൗണ്ടിലും രണ്ടാം വാരം വര്‍ധന ഉണ്ടായിട്ടുണ്ട്. കേരളത്തിന് പുറത്ത് 21 തിയറ്ററുകളിലാണ് ചിത്രം രണ്ടാം വാരം പ്രദര്‍ശിപ്പിക്കുക. ബെംഗളൂരു, മംഗളൂരു, മൈസൂരു, ചെന്നൈ, കോയമ്പത്തൂര്‍, മുംബൈ എന്നീ സെന്ററുകളിലാണ് കേരളത്തിന് പുറത്ത് ചിത്രത്തിന് പ്രദര്‍ശനമുള്ളത്. കൂടാതെ യുഎഇയിലും ജിസിസിയിലും ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിച്ചിരുന്നു.