അപകടമേഖലയെന്ന് അധികൃതര്‍ കണ്ടെത്തുന്ന സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. ജില്ലാതല ഉദ്യോഗസ്ഥരുമായി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.പകല്‍ സമയത്ത് തന്നെ ക്യാമ്പുകളിലേക്കും മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ തയ്യാറാകണം. രാത്രികാലങ്ങളില്‍ മാറുന്നത് ഒഴിവാക്കണം.
ജില്ലയില്‍ നിലവിലെ സ്ഥിതികള്‍ നിയന്ത്രണ വിധേയമാണ്. വിവിധ വകുപ്പുകളും ജനപ്രതിനിധികളും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ 144 ക്യാമ്പുകളിലായി 2984 കുടുംബങ്ങള്‍ ഉള്‍പെടുന്നു. ആകെ 7864 പേരാണുള്ളത്. പലസ്ഥലങ്ങളിലും വെള്ളക്കെട്ട് ഇറങ്ങാത്തതും മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിയതുമാണ് ക്യാമ്പ് വര്‍ദ്ധിക്കാന്‍ പ്രധാന കാരണം.
മണലി, കുറുമാലി, കരുവന്നൂര്‍, പുഴകളിലെ ജലനിരപ്പ് അപകട നിലയുടെ മുകളിലാണ്. ഭാരതപ്പുഴ- ചെറുതുരുത്തി, ആളൂര്‍ എന്നിവ മുന്നറിയിപ്പ് നിലയുടെ മുകളിലുമാണ്. പീച്ചി, വാഴാനി, ചിമ്മിണി, പൂമല, അസുരന്‍കുണ്ട്, പത്താഴക്കുണ്ട്, പെരിങ്ങല്‍കുത്ത് ഡാമുകളില്‍ നിന്നും ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഓഗസ്റ്റ് രണ്ട് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കടല്‍ക്ഷോഭം ഉണ്ടാവാന്‍ ഇടയുള്ളതിനാല്‍ അപകടമേഖലകളില്‍ നിന്നും മാറിതാമസിക്കാന്‍ തയ്യാറാകണം.
ജില്ലയില്‍ ജാഗ്രത സന്ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരും സാഹസികത കാണിക്കാതെ സംയമനം പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ ദുരന്ത പ്രദേശത്തേക്ക് ഒമ്പത് മൊബൈല്‍ ആംബുലന്‍സുകള്‍, ആരോഗ്യ സംവിധാനങ്ങള്‍ എന്നിവ തൃശൂരില്‍ നിന്നും അയച്ചിട്ടുണ്ട്. ഇതുകൂടാതെ അവശ്യവസ്തുക്കളുടെ ശേഖരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ആറ് ട്രക്കുകളിലായി സാധനങ്ങള്‍ കയറ്റി അയച്ചതായും മന്ത്രി അറിയിച്ചു.