കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പ്രൊഫഷണലുകൾക്ക് സ്റ്റാർട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിന് നടപ്പിലാക്കുന്ന സ്റ്റാർട്ട് അപ്പ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം പരമാവധി 20 ലക്ഷം രൂപവരെ വായ്പയായി അനുവദിക്കും. മൂന്ന് ലക്ഷം രൂപ വരെ കുടുംബവാർഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗം പ്രൊഫഷണലുകൾക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാം. 6 – 8 ശതമാനം വരെ പലിശനിരക്കിൽ വായ്പ അനുവദിക്കും. തിരിച്ചടവ് കാലാവധി പരമാവധി 84 മാസം. അപേക്ഷകർ പ്രൊഫഷണൽ കോഴ്സുകൾ (എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിടെക്, ബിഎച്ച്എംഎസ്, ബിആർക്, വെറ്ററിനറി സയൻസ്, ബി.എസ്.സി അഗ്രികൾച്ചർ, ബിഫാം, ബയോടെക്‌നോളജി, ബിസിഎ. എൽഎൽബി, എംബിഎ, ഫുഡ് ടെക്‌നോളജി, ഫൈൻ ആർട്സ്, ഡയറി സയൻസ്, ഫിസിക്കൽ എജുക്കേഷൻ, ഫോട്ടോഗ്രഫി, വീഡിയോഗ്രാഫി മുതലായവ) വിജയകരമായി പൂർത്തികരിച്ചവർ ആയിരിക്കണം. പ്രായം 40 വയസ് കവിയരുത്.
പദ്ധതി പ്രകാരം മെഡിക്കൽ/ആയുർവേദ/ഹോമിയോ/സിദ്ധ/ദന്തൽ ക്ലിനിക്, വെറ്ററിനറി ക്ലിനിക്, സിവിൽ എൻജിനിയറിങ് കൺസൽട്ടൻസി, ആർക്കിടെക്ചറൽ കൺസൽട്ടൻസി, ഫാർമസി, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്, ഡയറി ഫാം, അക്വാകൾച്ചർ, ഫിറ്റ്‌നസ് സെന്റർ, ഫുഡ് പ്രോസസിങ് യൂണിറ്റ്, ഓർക്കിഡ് ഫാം, ടിഷ്യുകൾച്ചർ ഫാം, വീഡിയോ പ്രൊഡക്ഷൻ യൂണിറ്റ്, എൻജിനീയറിങ് വർക്ക്‌ഷോപ്പ് തുടങ്ങി പ്രൊഫഷണൽ യോഗ്യതയുമായി ബന്ധപെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും. പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പ അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം
.
വായ്പാ തുകയുടെ 20 ശതമാനം (പരമാവധി രണ്ടുലക്ഷം രൂപ ) പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡിയായി അനുവദിക്കും. തത്പരരായ പ്രൊഫഷണലുകൾ കോർപറേഷന്റെ ബന്ധപ്പെട്ട ജില്ലാ/ഉപജില്ലാ ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷാഫോം പുരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം സമർപ്പിക്കണം. കൂടുതൽവിവരങ്ങൾക്ക്: www.ksbcdc.com.