Travel

ഭീമന്‍മാര്‍ക്ക് വെള്ളം കുടിക്കാനുള്ള പാത്രങ്ങളോ!; എന്താണ് ജയന്‍റ് കെറ്റിലുകൾ | the-giant-pots-in-tararp

വർണ്ണാഭമായ നാടോടിക്കഥകളുടെയും മിത്തുകളുടെയും നാടാണ് സ്വീഡന്‍. ലോകത്തിന്‍റെ മറ്റെല്ലാ ഭാഗങ്ങളിലുമെന്ന പോലെ ഇത്തരം കഥകളുടെ ഉത്ഭവം എവിടെയെന്നു കണ്ടെത്താനും പ്രയാസമാണ്. എന്നാല്‍ ഇവയ്ക്ക് പ്രചോദനം പകരുന്ന ഒട്ടേറെ അദ്ഭുതക്കാഴ്ചകള്‍ രാജ്യത്തുടനീളമുണ്ട്. ഇത്തരത്തിലുള്ള വിചിത്രമായ കാഴ്ചകളില്‍ ഒന്നാണ് ജയന്‍റ് കെറ്റില്‍. കെറ്റില്‍ എന്നാല്‍ ഗ്ലാസിനേക്കാള്‍ അല്‍പ്പം വലിപ്പമുള്ളതും പിടിയോടു കൂടിയതുമായ പാത്രമാണ്. ഇവയുടെ ആകൃതിയില്‍ കാണപ്പെടുന്ന ഒട്ടേറെ ജലാശയങ്ങളാണ് ഇവിടെയുള്ളത്. ഇവയെയാണ് ജയന്‍റ് കെറ്റില്‍ അഥവാ ഭീമന്‍ കെറ്റില്‍ എന്ന് വിളിക്കുന്നത്. അമാനുഷിക ജീവികള്‍ വെള്ളം കുടിക്കാനായി നിർമിച്ച വലിയ പാത്രങ്ങളാണ് ഇവയെന്ന് നാടോടിക്കഥകളില്‍ പറയുന്നു. ഇത്തരം കഥകള്‍ കാരണം ‘സെലിബ്രിറ്റി പരിവേഷം’ കൈവന്ന ഇവ ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍ കൂടിയാണ്.

ഈ “കെറ്റിലുകൾ” യഥാർത്ഥത്തിൽ പാറയില്‍ സൃഷ്ടിക്കപ്പെട്ട ജല ദ്വാരങ്ങളാണ്. അവയിൽ മിക്കതും വൃത്താകൃതിയിലുള്ളതും മണൽ നിറഞ്ഞതുമാണ്, ഒറ്റനോട്ടത്തില്‍ ഇവ മനുഷ്യനിർമിതമാണെന്ന് തോന്നിപ്പോകും. ഏകദേശം 11,000 വർഷങ്ങൾക്ക് മുമ്പ് ഹിമാനികൾ ഉരുകിയാണ് ഈ ജലദ്വാരങ്ങൾ സൃഷ്ടിക്കപ്പെട്ടത്. സ്വീഡനിലെ തരാര്‍പ്വേഗന്‍ പ്രദേശത്ത് ഇത്തരത്തിലുള്ള പത്തോളം ഭീമൻ കെറ്റിലുകള്‍ ഉണ്ട്, ഇവയില്‍ ഏറ്റവും വലുതിന് 11 അടി(3.5 മീറ്റർ) വീതിയും ഏറ്റവും ചെറിയതിന് 5 അടി(1.5 മീറ്റർ) വീതിയുമാണ് ഉള്ളത്. സഞ്ചാരികള്‍ക്ക് ഈ കെറ്റിലുകൾ സൌജന്യമായി സന്ദര്‍ശിക്കാനാവും.

ലോകത്തിന്‍റെ മറ്റു പല ഭാഗങ്ങളിലും ജയന്‍റ്സ് കെറ്റിലുകള്‍ കാണപ്പെടുന്നുണ്ട്. സ്വിറ്റ്സർലൻഡിലെ ഗ്ലെറ്റ്ഷെർഗാർട്ടൻ ഓഫ് ലൂസേൺ ഭീമാകാരമായ കെറ്റിലുകൾക്ക് പേരുകേട്ടതാണ്, ഇവിടെ 32 ഓളം കെറ്റിലുകള്‍ ഉണ്ട്. ഇതില്‍ ഏറ്റവും വലുതിന് 8 മീറ്റർ വീതിയും 9 മീറ്റർ ആഴവുമുണ്ട്. കൂടാതെ, ജർമ്മനി, നോർ‌വെ (ജെറ്റെഗ്രൈറ്റ്), സ്വീഡൻ (ജാറ്റെഗ്രിറ്റ), ഫിൻ‌ലാൻ‌ഡ് (ഹൈഡെൻ‌കിർ‌നു, ഹൈസിസ് ചേൺ), യുണൈറ്റഡ് സ്റ്റേറ്റ്സിലെ മോസ് ദ്വീപ് എന്നിവിടങ്ങളിലും ഇവ സാധാരണമാണ്.