തിരുവനന്തപുരം: ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 65 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് പ്രതി രാഹുലി(30)നെ തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്.രേഖ ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും പിഴ അടച്ചില്ലെങ്കില്‍ പ്രതി എട്ടുമാസം കൂടി അധികം തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
ആറുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ഇത്തരം കടുത്ത ശിക്ഷകൾ നൽകിയാൽ മാത്രമേ സമൂഹത്തിൽ ഇത്തരം പ്രവർത്തികൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനാവൂ എന്ന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജ് ആർ രേഖ നിരീക്ഷിച്ചു.
2023 ഏപ്രിൽ 7, 10, 17 തിയ്യതികളിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാഹുൽ എന്ന 30കാരനാണ് പ്രതി. പ്രതിയുടെ വീട്ടില്‍ കളിക്കാനെത്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന് കേസ്. പീഡനത്തിനിടെ കുട്ടി ഉറക്കെ കരഞ്ഞപ്പോള്‍ കുട്ടിയുടെ വസ്ത്രം വായില്‍തിരുകി. സംഭവം പുറത്തുപറഞ്ഞാല്‍ മര്‍ദിക്കുമെന്നും ഭീഷണിപ്പെടുത്തി.
കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പരിക്ക് കണ്ടതോടെ അമ്മ ചോദിക്കുകയായിരുന്നു. ഉടനെ തന്നെ വീട്ടുകാർ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. വൈദ്യ പരിശോധനയിലും കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി. ഒരു മാസത്തിനുള്ളിലാണ് കേസിന്റെ വിചാരണ പൂർത്തീകരിച്ചത്.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ വൈ അഖിലേഷ് എന്നിവർ പ്രസിക്യൂഷന് വേണ്ടി ഹാജരായി. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിച്ചു, 25 രേഖകൾ ഹാജരാക്കി. വനിതാ പോലീസ് സ്റ്റേഷൻ എസ് ഐ ആശാചന്ദ്രൻ, പേരൂർക്കട സി ഐ വി സൈജുനാഥ് എന്നിവരാണ് കേസ് അന്വേഷിച്ചത്.