തമിഴ്‌നാട്ടിലെ 31 ജില്ലകളില്‍ ഒന്നാണ് കാഞ്ചീപുരം. പട്ടുസാരികള്‍ക്കും ക്ഷേത്രങ്ങള്‍ക്കും ലോകപ്രസിദ്ധമണ് കാഞ്ചീപുരം. പുരാതനകാലത്ത് കാഞ്ചി എന്നും കാഞ്ചിയാമ്പതി എന്നും ഈ നഗരം അറിയപ്പെട്ടിരുന്നു. കാഞ്ചീപുരത്തെ നെയ്ത്തുകാര്‍ പരമ്പരാഗതമായി നെയ്യുന്ന പട്ടുസാരിയാണ് കാഞ്ചീപുരം സാരി. ബനാറസി സാരികളോട് കിടപിടിക്കുന്ന തെന്നിന്ത്യന്‍ സാരികളാണ് കാഞ്ചീപുരം സാരികള്‍. നെയ്ത്തിനൊപ്പം ഇവിടുത്തെ പല പരമ്പരാഗത ക്ഷേത്രങ്ങളും ഏറെ പ്രശസ്തി ആര്‍ജിച്ചതാണ്. ഇതിന് പുറമെ കാഞ്ചീപുരത്തിന്റെ സംഗീത പാരമ്പര്യവും വാസ്തുവിദ്യയും പ്രശസ്തമാണ്.
കാഞ്ചീപുരത്ത് ഏകദേശം 5,000 കുടുംബങ്ങള്‍ കാഞ്ചീപുരം സാരി നിര്‍മ്മാണത്തില്‍ ഏര്‍പ്പെടിരിക്കുന്നു. പട്ടുനൂലും പരുത്തിനൂലും ഉല്പാദിപ്പിക്കുന്ന ഇരുപത്തിയഞ്ച് വ്യവയാസ സംരംഭങ്ങളും അറുപത് ഡൈയിങ് യൂണിറ്റുകളും ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ വര്‍ഷവും നെയ്യപ്പെടുന്ന കാഞ്ചീപുരം സാരികളുടെ എണ്ണം നാലു ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ഇടയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കര്‍ണാടകയില്‍ നിന്നുള്ള പട്ടുനൂലും ഗുജറാത്തിലെ സൂറത്തില്‍ നിന്നുമുള്ള കസവും ഉപയോഗിച്ചാണ് കാഞ്ചീപുരം സാരി നെയ്യുന്നത് സാരിയും ബോര്‍ഡറും വേറേവേറേ നെയ്ത് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്. 57% വെള്ളിയും 0.6% സ്വര്‍ണ്ണവും ചേര്‍ത്തുണ്ടാക്കിയ കസവാണ് ഇതിനായി ഉപയോഗിക്കുന്നത്.
കാഞ്ചീപുരം സാരി നെയ്യുന്നതിനായി എട്ടു മുതല്‍ പതിനഞ്ച് ദിവസങ്ങള്‍ വരെ എടുക്കാറുണ്ട്. കാഞ്ചീപുരത്തിന്റെ സമീപപ്രദേശങ്ങളിലെ ക്ഷേത്രങ്ങളുടെ സ്വാധീനം സാരികളിലെ പ്രതീകങ്ങളില്‍ ദൃശ്യമാണ്. സൂര്യന്‍, ചന്ദ്രന്‍, മയില്‍, ഹംസം, തത്തകള്‍, രഥങ്ങള്‍, പുഷ്പങ്ങള്‍, സിംഹങ്ങള്‍, നാണയങ്ങള്‍ തുടങ്ങിയവ കാഞ്ചീപുരം സാരികളില്‍ തുന്നിയിരിക്കുന്നതായി കാണാം.
കാഞ്ചീപുരത്തെ തെരുവുകളില്‍ ഇറങ്ങിയാല്‍ സാരികള്‍ ധാരാളമായി കിട്ടും. കൂടാതെ ഇവിടങ്ങളില്‍ അന്വേഷിച്ചാല്‍ പ്രധാന നെയ്ത്തു കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരവും ലഭിക്കും. അവിടെ ചെന്നാല്‍ നിങ്ങള്‍ ഈ പ്രക്രിയ മുഴുവന്‍ കാണാനും നേരിട്ട് വാങ്ങാനും സാധിക്കും. സംസ്‌കാരം, കല, പഠനം, തത്ത്വചിന്ത, സംഗീതം എന്നിവ കാഞ്ചീപുരത്തിന്റെ മുഖ മുദ്രകളാണ്.
കാഞ്ചീപുരത്തെ മറ്റൊരു പ്രധാന ടൂറിസ്റ്റ് ചേന്ദ്രമാണ് ആലമ്പാറൈ കോട്ട. ചെന്നൈയില്‍ നിന്ന് ഏകദേശം രണ്ടര മണിക്കൂര്‍ ദൂരമാണ് ഇവിടേക്ക് ഉള്ളത്. പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ രാജവംശത്തിന്‍ കീഴില്‍ പണിത കോട്ടയാണിത്. കാഞ്ചീപുരത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണിത്. എങ്കിലും താരതമ്യേന ടൂറിസ്റ്റുകള്‍ കുറവായി എത്തുന്ന ഒരു ഇടം കൂടിയാണിത്. പല പേരുകേട്ട ക്ഷേത്രങ്ങളും കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്നുണ്ട്. അവയില്‍ ചിലതാണ് കാഞ്ചി കൈലാസനാഥര്‍ ക്ഷേത്രം, ഏകാംബരേശ്വരര്‍ ക്ഷേത്രം എന്നിവ.
കാഞ്ചി കൈലാസനാഥര്‍ ക്ഷേത്രം: കാഞ്ചീപുരം നഗരത്തിന്റെ കിഴക്ക് വശത്തേക്ക് അഭിമുഖമായി പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ വേദവതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണിത്. ഹിന്ദുക്കളുടെ പ്രധാന ആരാധനാ കേന്ദ്രങ്ങളില്‍ ഒന്നാണിവിടം. ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ ദിനംപ്രതി ഇവിടേക്ക് എത്തുന്നുണ്ട്.
ഏകാംബരേശ്വരര്‍ ക്ഷേത്രം: ഹിന്ദു പുരാണങ്ങളിലെ പഞ്ചഭൂത സ്ഥലവുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രം. ഇവിടുത്തെ കൊത്തുപണികള്‍ അതിമനോഹരമാണ്. പ്രാചീന ഇന്ത്യയുടെ വസ്തുവിദ്യ എത്രത്തോളം മികച്ചതായിരുന്നു എന്ന് മനസിലാക്കാന്‍ കാഞ്ചീപുരത്തെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചാല്‍ മാത്രം മതിയാവും. അതിലൊരു പ്രധാന ക്ഷേത്രമാണ് ഇത്.