വയനാട് മേപ്പാടിയിലെ മുണ്ടക്കൈ ഒരു ദുരന്ത ഭൂമിയായി മാറിയിരിക്കുകയാണ്. നിരവധി പേര്‍ക്കാണ് ഉറ്റവരെ നഷ്ടപ്പെട്ടത്. ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് നയൻതാരയും കുടുംബവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷമാണ് നല്‍കിയത്. നയൻതാര തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
“ഞങ്ങളുടെ മനസ് മുഴുവനും വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതരായ കുടുംബങ്ങളോടും സമൂഹത്തോടും ഒപ്പമാണ്. അവർ അനുഭവിക്കുന്ന നാശവും നഷ്ടവും വളരെയേറെ ഹൃദയഭേദകമാണ്. ഈ അവസരത്തിൽ പരസ്പരം പിന്തുണയ്ക്കേണ്ടതും ചേർത്തുപിടിക്കേണ്ടതുമായ പ്രാധാന്യത്തെ കുറിച്ച് ഓരോരുത്തരേയും ഓർമിപ്പിക്കുകയാണ്. ഐക്യദാർഢ്യമെന്നോണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20,00,000 രൂപ ഞങ്ങൾ വിനീതമായ സംഭാവന നൽകുകയാണ്. ദുരിതബാധിതരായ കുടുംബങ്ങൾക്ക് അടിയന്തിര സഹായം എത്തിക്കാനും പുനർനിർമ്മാണ പ്രക്രിയയിൽ കൈത്താങ്ങാകാനും ഇത് ഉപകരിക്കുമെന്ന് കരുതുന്നു”, എന്നാണ് നയൻതാരയും വിഘ്നേശും പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നത്. അവശ്യഘട്ടത്തിൽ എല്ലാ പിന്തുണയും നൽകുന്ന രക്ഷാപ്രവർത്തകരുടെയും അധികാരികളുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങൾ അങ്ങേയറ്റം ഹൃദ്യമാണെന്നും ഇവർ കുറിക്കുന്നു.
അതേസമയം, ഒട്ടനവധി ചലച്ചിത്ര താരങ്ങളാണ് ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത്. കഴിഞ്ഞ ദിവസം സൂര്യയും ജ്യോതികയും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം നല്‍കിയിരുന്നു. മോഹന്‍ലാല്‍ 25 ലക്ഷവും മമ്മൂട്ടി 20 ലക്ഷവും ദുല്‍ഖര്‍ 15 ലക്ഷവും ഫഹദു നസ്രിയയും ചേര്‍ന്ന് 25 ലക്ഷവും വിക്രം 20 ലക്ഷം രൂപയും സംഭാവനയായി നല്‍കിയിരുന്നു.
content highlight: nayanthara-and-vignesh-shivan-donate-20-lakh