ദുരിതാശ്വാസ ക്യാമ്പിൽ അനാവശ്യ സന്ദർശനം ഒഴിവാക്കണം എന്നും സ്വകാര്യത മാനിക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ്. ഇന്ന് 14 മൃതദേഹങ്ങൾ കണ്ടെത്തി. തിരച്ചിലിനായി ജി പി ആർ, റഡാർ ഉപയോഗിക്കാൻ തുടങ്ങി. 17 ക്യാമ്പുകൾ ചൂരൽമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 597 കുടുംബത്തിലെ 2303 ആളുകൾ ക്യാമ്പിൽ താമസിക്കുന്നു.
ചിട്ടയായ പ്രവർത്തനങ്ങൾ ആണ് ക്യാമ്പുകളിൽ നടന്നുവരുന്നത്. ശുചിത്വം ഉറപ്പാക്കാൻ എല്ലാ 2 മണിക്കൂർ ഇടവിട്ടും ക്ലീനിങ് നടക്കുന്നു. ക്യാമ്പ് സന്ദർശിക്കുന്നവർക്ക് മേൽ കൂടുതൽ നിയന്ത്രണം കൊണ്ട് വരാൻ ആലോചിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. മൃതദേഹം മറവ് ചെയ്യാനുള്ള പ്രത്യേക പദ്ധതി പരിഗണനയിലുണ്ട്. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ അടയാളങ്ങൾ പ്രത്യേകം രേഖപെടുത്തും. തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്കരിക്കാൻ 8 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന്റെ കണ്ടീഷൻ അനുസരിച്ച് ബോഡി സൂക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
218 ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. ടൂറിസ്റ്റുകളുടെ എണ്ണം ഡി ടി പി സി വഴി ശേഖരിക്കും. അതിഥി തൊഴിലാളികളുടെ എണ്ണവും ശേഖരിക്കാനുണ്ട്. ക്യാമ്പ് വഴിയും എണ്ണം ശേഖരിക്കും. റീഹാബിലിറ്റേഷൻ വാഗ്ദാനം ചെയ്ത് ഒരുപാട് ആളുകൾ വരുന്നുണ്ട്. കുടുംബങ്ങളോട് അടക്കം ആലോചിച് മാത്രമേ അതിൽ തീരുമാനം എടുക്കാനാവുകയുള്ളെന്നും മന്ത്രി പറഞ്ഞു. വിഷയം അടിയന്തരമായി ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കൈകോർക്കാവുന്ന എല്ലാവരോടും കൈകോർത്തു മുന്നോട്ട് പോകാനാണ് സർക്കാരിന്റെ തീരുമാനമെന്നും മന്ത്രി പറഞ്ഞു.