ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ അവകാശലംഘന നോട്ടീസ് നല്കി കോൺഗ്രസ്. വയനാട് ഉരുൾപൊട്ടലിൽ മുന്നറിയിപ്പ് നൽകിയിരുന്നു എന്ന പ്രസ്താവനയ്ക്കെതിരെയാണ് നോട്ടീസ്. മുന്നറിയിപ്പ് ഇല്ലായിരുന്നു എന്ന് പ്രധാന മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട് എന്ന് കോൺഗ്രസ് നോട്ടീസില്‍ വ്യക്തമാക്കി.
സഭയെ മന്ത്രി തെറ്റിദ്ധരിപ്പിച്ചെന്ന് ജയറാം രമേശ്, ദിഗ്വിജയ് സിംഗ് എന്നിവര്‍ നല്കിയ നോട്ടീസില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചതായി വ്യക്തമാണ്. ഇത് സഭയോടുള്ള അവഹേളനമാണെന്നും നോട്ടീസില്‍ പറയുന്നു.
ജൂലൈ 23ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് 31ന് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞത്. ഒരാഴ്ച മുൻപ് എൻഡിആർഎഫ് സംഘത്തെ അയച്ചിരുന്നുവെന്നും അമിത് ഷാ പറഞ്ഞിരുന്നു.
എന്നാൽ അമിത് ഷായുടെ പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയിരുന്നു. കേന്ദ്ര കാലാവസ്ഥാ കേന്ദ്രം റെഡ് അലര്‍ട്ട് വയനാട്ടിൽ പ്രഖ്യാപിച്ചത് ദുരന്തം നടന്ന ശേഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടില്‍ ചുവപ്പു ജാഗ്രതാമുന്നറിയിപ്പു നല്‍കിയത് ഉരുള്‍പൊട്ടല്‍ ദുരന്തംവിതച്ച ജൂലായ് 30-ന് അതിരാവിലെയാണെന്ന്കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) മേധാവി മൃത്യുഞ്ജയ് മൊഹാപത്രയും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ രാജ്യസഭയിലെ സിപിഎം എംപിമാരും കഴിഞ്ഞ ദിവസം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസും ഇത്തരത്തില്‍ അമിത് ഷായ്ക്കെതിരേ നീക്കം നടത്തിയിരിക്കുന്നത്.