കൊളംബൊ: ശ്രീലങ്ക – ഇന്ത്യ ഒന്നാം ഏകദിനം സമനിലയില്‍ അവസാനിച്ചു. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയര്‍ 231 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഇന്ത്യക്ക് 47.5 ഓവറില്‍ ഇത്രയും തന്നെ റണ്‍സെടുക്കാനാണ് സാധിച്ചത്.
സ്കോര്‍ ടൈ ആയിരിക്കെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. 58 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അക്സര്‍ പട്ടേല്‍ (33), കെ എല്‍ രാഹുല്‍ (31) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. വാനിന്ദു ഹസരങ്ക, ചരിത് അസലങ്ക എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ദുനിത് വെല്ലാലഗെ (67), പതും നിസ്സങ്ക (56) എന്നിവരുടെ ഇന്നിംഗ്്സുകളാണ് ലങ്കയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.
231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറിയുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 58(47) തിളങ്ങി. താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ശുഭ്മാന്‍ ഗില്‍ 16(35) പുറത്താകുമ്പോള്‍ ടീം സ്കോര്‍ 75 റണ്‍സില്‍ എത്തിയിരുന്നു. രോഹിത് ശര്‍മ്മയെ വെല്ലാലഗെ വിക്കറ്റിന് മുന്നില്‍ കുടക്കുകയും ഇതേ രീതിയില്‍ സുന്ദറും മടങ്ങുകയും ചെയ്തപ്പോള്‍ ഇന്ത്യ പതറി. സ്കോര്‍ 87ന് മൂന്ന്. പിന്നീട് ശ്രേയസ് അയ്യര്‍ 23(23), വിരാട് കൊഹ്ലി 24(32) എന്നിവര്‍ സ്കോര്‍ ഉയര്‍ത്തി.
അടുത്തടുത്ത ഓവറുകളില്‍ കൊഹ്ലിയും അയ്യരും മടങ്ങിയപ്പോള്‍ ഇന്ത്യ വീണ്ടും പതറി. 132ന് അഞ്ച് എന്ന സ്കോറില്‍ ഒന്നിച്ച കെഎല്‍ രാഹുല്‍ 31(43), അക്സര്‍ പട്ടേല്‍ 33(57) ജയത്തിലേക്ക് അനായാസം മുന്നേറുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് രാഹുല്‍ വിക്കറ്റ് കളഞ്ഞുകുളിച്ചത്, തൊട്ടടുത്ത ഓവറില്‍ അക്സറും മടങ്ങിയതോടെ ഇന്ത്യ തോല്‍വി മുന്നില്‍ക്കണ്ടു. എട്ടാമനായി കുല്‍ദീപ് യാദവും മടങ്ങുമ്പോള്‍ ജയത്തില്‍ നിന്ന് 20 റണ്‍സ് അകലെയായിരുന്നു ഇന്ത്യ.
കുല്‍ദീപ് മടങ്ങിയതോടെ ക്രീസിലൊന്നിച്ച സിറാജും ശിവം ദുബെയും കരുതിക്കളിച്ചു. ശ്രീലങ്ക ഉയര്‍ത്തിയ സ്കോറായ 230 വരെ ദുബെ ക്രീസിലുണ്ടായിരുന്നു. 47.4 ഓവറില്‍ ദുബെ മടങ്ങി (24 പന്തില്‍ 25). തുടര്‍ന്ന് കൈയിലിരിക്കുന്നത് 14 പന്തുകള്‍. വേണ്ടത് ഒരു റണ്‍സ്. ശേഷിക്കുന്നത് ഒരു വിക്കറ്റും. ക്രീസിലെത്തിയ അര്‍ഷ്ദീപ് സിങ് അസലങ്കയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ചു. വിക്കറ്റിനു മുന്നില്‍ കുരുങ്ങിയതോടെ കളി സമനിലയില്‍.
നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക, ഇന്ത്യക്കു മുന്നില്‍ 231 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. 101 – 5 എന്ന നിലയിൽ തകർന്ന ശ്രീലങ്കയെ അർധസെഞ്ചുറി നേടിയ ദുനിത് വെല്ലാലഗെ (66) പതും നിസങ്ക(56) എന്നിവരാണ് മാന്യമായ സ്കോറിലേക്ക് നയിച്ചത്. വനിന്ദു ഹസരങ്ക (24), ജനിത് ലിയനാഗെ (20) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
ഇന്ത്യയ്ക്കായി അക്ഷര്‍ പട്ടേലും അര്‍ഷ്ദീപ് സിംഗും രണ്ടും മുഹമ്മദ് സിറാജ്, ശിവം ദുബെ, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.