പാരിസ്: ഒളിംപിക്‌സ് പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ സെമി ഫൈനലില്‍. ഇതോടെ ഒളിംപിക്‌സ് ചരിത്രത്തില്‍ ബാഡ്മിന്റണ്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമായി മാറിയിരിക്കുകയാണ് ലക്ഷ്യ സെന്‍. ചൈനീസ് തായ്‌പേയുടെ ചൗ ടീന്‍ ചെന്നിനെ പരാജയപ്പെടുത്തിയാണ് താരത്തിന്റെ മുന്നേറ്റം. സ്‌കോര്‍: 19-21, 21-15, 21-12.
മത്സരത്തിന്റെ തുടക്കം മുതല്‍ ഒപ്പത്തിനൊപ്പമാണ് ഇരുവരും നീങ്ങിയത്. ആദ്യ ഗെയിമില്‍ 5-5ന് ഇരുവരും ഒപ്പമെത്തി. ഇടവേള സമയത്ത് 11-9ന് ചെന്‍ ലീഡെടുത്തു. പിന്നീട് 12-15ലേക്ക് ഉയര്‍ത്തി. എന്നാല്‍ 18-18 എന്ന സ്‌കോറിനൊപ്പം എത്താനും ലക്ഷ്യക്ക് സാധിച്ചു. എന്നാല്‍ തുടര്‍ച്ചയായി രണ്ട് പോയിന്റുകള്‍ നേടി ചെന്‍ 18-20ലെത്തി. പിന്നാലെ ഗെയിമും സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ ലക്ഷ്യ 4-1ന് മുന്നിലെത്തി. എന്നാല്‍ ചെന്‍ 5-5ലാക്കി. ഇടവേളയ്ക്ക് പിരിയുമ്പോള്‍ 11-10ന് ലക്ഷ്യ മുന്നില്‍. പിന്നീട് ഒരവസരവും ലക്ഷ്യ കൊടുത്തില്ല, ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിന്റെ തുടര്‍ച്ചയായിരുന്നു മൂന്നാം ഗെയിമും. ഇടിവേളയ്ക്ക് പിരിയുമ്പോള്‍ 11-7ന് മുന്നിലായിരുന്നു ലക്ഷ്യ. പ്രതിരോധത്തിലേക്ക് വലിഞ്ഞ ചെന്നിന് പിന്നീട് തിരിച്ചുവരാനായില്ല.
ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന പി.വി. സിന്ധുവും ചിരാഗ്–സാത്വിക് സഖ്യവും നേരത്തെ പുറത്തായിരുന്നു.
വനിതാ വിഭാഗത്തിൽ പി.വി. സിന്ധുവും സൈന നേവാളും സെമിയിലെത്തിയിട്ടുണ്ട്. പുരുഷ വിഭാഗത്തിൽ കെ.ശ്രീകാന്ത് (2016), പി. കശ്യപ് (2012) എന്നിവരുടെ ക്വാർട്ടർ പ്രവേശനമാണ് ഇതിനു മുമ്പുള്ള ഉയർന്ന നേട്ടം. ബാഡ്മിന്റനിൽ ഇന്ത്യയുടെ അവശേഷിക്കുന്ന മെഡൽ പ്രതീക്ഷയായ ലക്ഷ്യയുടെ സെമി ഫൈനൽ പോരാട്ടം ഞായറാഴ്ചയാണ്.