നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ചു പരുക്കേൽപിച്ച കേസിൽ തന്നെത്തേടി പൊലീസ് എത്തും മുൻപ് ജീവനൊടുക്കാൻ തയാറെടുപ്പ് നടത്തിയെന്ന് പ്രതിയായ വനിതാ ഡോക്ടർ. പൊലീസിനോട് അവർ തന്നെ പറഞ്ഞതാണ് ഇക്കാര്യം. തന്നിലേക്ക് അന്വേഷണം എത്തുന്ന ഒന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്ന് വാർത്തകളിൽ നിന്നു സൂചന ലഭിച്ചതോടെയാണ് ആശുപത്രി ഡ്യൂട്ടിക്കു പോയത്.
എന്നാൽ, ഷിനിയുടെ ഭർത്താവ് സുജീത് വിളിച്ചതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. സുജീത് ആവർത്തിച്ച് ചോദിച്ചെങ്കിലും സംഭവത്തെക്കുറിച്ച് അറിയില്ലെന്ന മറുപടിയാണ് നൽകിയത്. അദ്ദേഹത്തിന്റെ ഫോൺ വന്നതിനു ശേഷമാണ് പൊലീസ് പിടികൂടും മുൻപ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നും ഡോക്ടർ പൊലീസിനോട് പറഞ്ഞു.
കൃത്യമായ ആസൂത്രണം നടത്തിയാണ് എയർ പിസ്റ്റൾ വാങ്ങിച്ചതെന്നും ഡോക്ടർ പൊലീസിനോട് സമ്മതിച്ചു. ഒരു തവണ വെടിയുതിർക്കുകയും വീണ്ടും ലോഡ് ചെയ്യുന്നതുമായ തോക്ക് ഓൺലൈനിൽ കണ്ടെങ്കിലും തുടരെ വെടിവയ്ക്കാവുന്ന തോക്കിനെക്കുറിച്ച് പരിശോധിച്ചുറപ്പിച്ചാണ് ഓൺലൈൻ വഴി വാങ്ങിയത്. രക്ഷപ്പെടുന്നതിനായുള്ള കാര്യങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്തു. കൃത്യം കഴിഞ്ഞ് തിരുവനന്തപുരത്തു നിന്ന് കൊല്ലത്തെത്തിയത് വെറും 1.10 മണിക്കൂർ കൊണ്ടാണ്. അതിവേഗമാണ് കാറിൽ ഡോക്ടർ പോയതെന്ന് പൊലീസ് ക്യാമറകളിലും തെളിഞ്ഞു. ഡ്രൈവിങ് പഠനം നടത്തുന്നതിന്റെ ‘എൽ’ ബോർഡ് കാറിൽ സ്ഥാപിച്ചിരുന്നു. തോക്ക് വാങ്ങിയതിന്റെ ഉൾപ്പെടെ രേഖകൾ പൊലീസ് തെളിവായി ശേഖരിച്ചു. തോക്ക് പൊലീസ് ഫൊറൻസിക് വിഭാഗത്തിന്റെ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ചു.