യു.എ.ഇയിൽ വിസ ലംഘിച്ച് താമസിക്കുന്നവർക്ക് പ്രഖ്യാപിച്ച ഗ്രേസ് പീരിയഡിന്റെ നടപടിക്രമങ്ങൾ ചർച്ച ചെയ്യുന്നതിനായി ദുബൈ ജി.ഡി.ആർ.എഫ്.എയിൽ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്നു. മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അധ്യക്ഷത വഹിച്ച യോഗത്തിൽ ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
ദുബൈ എമിറേറ്റ്സിലെ വിസ ഗ്രേസ് പീരിയഡ് പദ്ധതിയുടെ തയാറെടുപ്പുകളെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. ഇളവ് നടപടികൾ ഫലപ്രദമായി നടപ്പാക്കുന്നതിനായി ദുബൈ ജി.ഡി.ആർ.എഫ്.എ പ്രത്യേക സംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്.
കസ്റ്റമർ ഹാപ്പിനസ് ആൻഡ് ഡിജിറ്റൽ സർവിസസ്, പ്രോആക്ടിവ് മീഡിയ കമ്യൂണിക്കേഷൻ, സർവിസസ് ഡെവലപ്മെൻറ് ടീം എന്നിവയുൾപ്പെടെ പ്രത്യേക വർക്കിങ് ടീമുകളെയാണ് രൂപവത്കരിച്ചത്. ഇതുവഴി വിസ ലംഘനക്കാർക്ക് എളുപ്പത്തിൽ അവരുടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.